ഡിഎംകെയ്ക്ക് വെല്ലുവിളിയുയർത്താനും എഐഡിഎംകെയുടെ പതനം മുതലെടുക്കാനും ലക്ഷ്യമിട്ട് വിജയുടെ പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ


● ഡിസംബർ വരെ നീളുന്ന യാത്ര വാരാന്ത്യങ്ങളിൽ മാത്രം.
● പുതിയ രീതികളും ശൈലിയും പരീക്ഷിച്ചാണ് പര്യടനം.
● 38 ജില്ലകളിൽ സമ്മേളനം നടത്താനാണ് വിജയിയുടെ തീരുമാനം.
● വിജയിയുടെ നീക്കം എഐഡിഎംകെയുടെ സ്ഥാനത്തേക്കാണെന്ന് വിലയിരുത്തൽ.
● ഡിഎംകെ സർക്കാരിനെതിരെ വിജയ് വിമർശനം ഉന്നയിച്ചു.
ഭാമനാവത്ത്
ചെന്നൈ: (KVARTHA) തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നേരത്തെ പ്രഖ്യാപിച്ചത് പോലെ സംസ്ഥാന വ്യാപകമായുള്ള രാഷ്ട്രീയ യാത്രയ്ക്ക് തിരുച്ചിറപ്പള്ളിയിൽ വൻ ജനസാഗരത്തെ സാക്ഷി നിർത്തി തുടക്കം കുറിച്ചു. ലക്ഷ്യം 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ്.
വിജയിയുടെ രാഷ്ട്രീയ പ്രചരണ യാത്രയിൽ ഇരമ്പിയാർക്കുന്ന ജനക്കൂട്ടം തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയെയും പ്രതിപക്ഷത്തുള്ള എഐഡിഎംകെയെയും ദേശീയ പാർട്ടികളായ കോൺഗ്രസിനെയും ബിജെപിയെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഡിസംബർ വരെ നീളുന്ന ഈ യാത്രയ്ക്ക് പലവിധ പ്രത്യേകതകളുമുണ്ട്. പരമ്പരാഗതമായി ദ്രാവിഡ പാർട്ടികൾ സ്വീകരിച്ചുവന്ന രീതികളെല്ലാം പൊളിച്ചെഴുതിക്കൊണ്ട് പുതിയ ശൈലി പരീക്ഷിച്ചാണ് വിജയ് തന്റെ പര്യടനം തുടങ്ങിയത്. വാരാന്ത്യങ്ങളിലാണ് ഓരോ പര്യടനവും നടക്കുക. പ്രത്യേകിച്ച് ശനിയാഴ്ചകളിൽ.
സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജോലിയും മറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് വിജയ് ഇങ്ങനെയൊരു രീതി തിരഞ്ഞെടുത്തത്. സാധാരണയായി തമിഴ്നാട്ടിലെ പ്രമുഖ പാർട്ടികളെല്ലാം സ്വീകരിക്കുന്ന 234 മണ്ഡലങ്ങൾ എന്ന രീതിയിൽ നിന്നും മാറി 38 ജില്ലകളിൽ സമ്മേളനം നടത്താനാണ് വിജയിയുടെ തീരുമാനം. തന്റെ രീതികളും തീരുമാനങ്ങളും പൊതുജനങ്ങൾക്ക് ശല്യമാകരുതെന്ന കാഴ്ചപ്പാടിലാണ് പഴഞ്ചൻ രീതികളെ വിജയ് അകറ്റി നിർത്തുന്നതെന്നാണ് വിലയിരുത്തൽ.
തമിഴ്നാടിന്റെ ഭൂപടത്തിന് മുകളിലായി വിജയിയുടെ ചിത്രമുയർത്തി ‘നിങ്ങളുടെ വിജയ്, ഞാൻ വരുന്നു’ എന്ന ടാഗ് ലൈനിലാണ് ടിവികെ പുതിയ ലോഗോ പുറത്തിറക്കിയത്. ഇതിനൊപ്പം 2026ൽ ചില ചരിത്രങ്ങൾ ആവർത്തിക്കുമെന്നൊരു മുന്നറിയിപ്പുമുണ്ട്. 1967ൽ കോൺഗ്രസിനെ അട്ടിമറിച്ച് അണ്ണാദുരൈയും 1977ൽ ഡിഎംകെയെ പരാജയപ്പെടുത്തി എംജിആറും അധികാരത്തിലെത്തിയിരുന്നു. ഇത്തരത്തിലൊരു രാഷ്ട്രീയ മാറ്റമാണ് 2026ൽ വിജയ് ലക്ഷ്യമിടുന്നത്.
സിനിമയും രാഷ്ട്രീയവും പരസ്പരം ഇഴചേർന്ന് കിടക്കുന്ന മണ്ണാണ് തമിഴകത്തിന്റേത്. എന്നാൽ എംജിആറിനും ജയലളിതയ്ക്കും കരുണാനിധിക്കും ശേഷം സിനിമയിൽ നിന്നും തമിഴ്നാടിന് മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ എന്നിവർ ഭാഗ്യം പരീക്ഷിക്കാൻ തുനിഞ്ഞെങ്കിലും കാലിടറി വീഴുകയായിരുന്നു.
എന്നാൽ, തന്റെ കരിയറിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശം. ആശയപരമായി തന്റെ ശത്രു ഡിഎംകെയാണെന്നും രാഷ്ട്രീയപരമായ ശത്രു ബിജെപിയാണെന്നും പ്രഖ്യാപിച്ച വിജയ്, എഐഡിഎംകെയ്ക്കെതിരെ ഒരു വാക്കുപോലും മിണ്ടിയിരുന്നില്ല. എന്നാൽ മധുരൈ സമ്മേളനത്തിൽ വിജയ് ഈ വിമർശനം നികത്തിക്കൊണ്ട് അണ്ണാ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ചു.
വിജയിയുടെ ഈ നീക്കം ജയലളിതയുടെ മരണവും നേതാക്കന്മാരുടെ തമ്മിൽത്തല്ലും മൂലം അടിത്തറ നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയുടെ സ്ഥാനത്തേയ്ക്ക് കയറിപ്പറ്റാനാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഡിഎംകെയുമായി നേരിട്ട് കൊമ്പുകോർക്കാനുള്ള രാഷ്ട്രീയ ദൃഢത നിലവിൽ ടിവികെയ്ക്ക് കൈവന്നിട്ടില്ല. അതിനാൽ രണ്ടാം സ്ഥാനമാകും ടിവികെയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പുതിയ ശത്രുക്കൾക്കോ പഴയ ശത്രുക്കൾക്കോ തങ്ങളെ തൊടാൻ കഴിയില്ലെന്ന് ഭരണപക്ഷം മുന്നറിയിപ്പ് നൽകുമ്പോഴും തമിഴകം കൈനീട്ടി സ്വീകരിച്ച നേതാക്കന്മാരുടെ ഭാഗ്യയിടത്തിൽ നിന്നാണ് വിജയ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. റാലിയിലെ പ്രസംഗത്തിനിടെ എന്തുകൊണ്ടാണ് താൻ തിരുച്ചിറപ്പള്ളി തന്നെ പര്യടനത്തിനായി തിരഞ്ഞെടുത്തതെന്ന് വിജയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 1956ൽ ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈ തിരഞ്ഞെടുത്ത മണ്ഡലം തിരുച്ചിറപ്പള്ളിയാണ്. 1972ൽ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ എഐഡിഎംകെ നേതാവ് എംജി രാമചന്ദ്രൻ 1974ൽ ആദ്യ സംസ്ഥാന സമ്മേളനം നടത്തിയത് തിരുച്ചിറപ്പള്ളിയിലാണ്. ജാതീയതയെ വെല്ലുവിളിച്ച, അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പടിക്ക് പുറത്തുനിർത്താൻ ആഹ്വാനം ചെയ്ത തന്തൈ പെരിയാർ ജീവിച്ചിരുന്ന സ്ഥലമാണ്.
പണ്ടുകാലങ്ങളിൽ യുദ്ധമുഖത്തേക്ക് പോകുന്നവർ തങ്ങളുടെ പരദേവതമാരോട് പ്രാർത്ഥിക്കാൻ എത്തിയിരുന്ന സ്ഥലവുമാണത്രേ തിരുച്ചിറപ്പള്ളി. ഈ കാരണങ്ങൾകൊണ്ടാണ് താൻ ആദ്യ പര്യടനം നടത്താൻ തിരുച്ചിറപ്പള്ളി തിരഞ്ഞെടുത്തതെന്നാണ് വിജയിയുടെ പക്ഷം.
എംജിആർ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രയാണമാരംഭിച്ച തിരുച്ചിറപ്പള്ളിയിൽ വെച്ചുണ്ടായ രാഷ്ട്രീയ നീക്കങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ വിജയ് ലക്ഷ്യമിടുന്നത് ഒന്നുമാത്രമാണ്. തമിഴകം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ മുന്നേറ്റം. ഡിഎംകെയ്ക്ക് ശക്തമായ വെല്ലുവിളി ഒരുക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
'സ്റ്റാലിൻ അങ്കിൾ' വിമർശനവും മറ്റും അതിലേക്കുള്ള ആദ്യപടിയാണ്. ബിജെപിയുടെ വളർച്ച തടയുക എന്നതും വിജയ് ലക്ഷ്യമിടുന്നുണ്ട്. അതിനെല്ലാം അപ്പുറമാണ് അണ്ണാ ഡിഎംകെയുടെ പതനം തമിഴ് രാഷ്ട്രീയത്തിലുണ്ടാക്കിയ വിടവ് നികത്താനുള്ള നീക്കം. വീണ്ടും ഒരു എംജിആർ ഉയർന്നു വരുമെന്ന സൂചന നൽകി പര്യടന ബസിൽ എംജിആറിന്റെ ചിത്രം സ്ഥാപിക്കാനും അദ്ദേഹം മറന്നിരുന്നില്ല.
2021ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ഡിഎംകെ സർക്കാരിന് നിറവേറ്റാൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് നടക്കുന്ന അനധികൃത വൃക്ക തട്ടിപ്പ് റാക്കറ്റിനെ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ക്യാമ്പയിൻ ബസിന് മുകളിൽ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിന് മുകളിൽ നിന്നും പ്രസംഗിച്ച വിജയ് മറ്റൊരു എംജിആറായി പരിണമിക്കുമോയെന്നത് കാത്തിരുന്നു കാണണം.
ദ്രാവിഡ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നേതാക്കളെ സമ്മാനിച്ച തിരുച്ചിറപ്പള്ളിയിലെ മണ്ണ് വിജയ്ക്ക് കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന രാഷ്ട്രീയ ആകാംക്ഷ മാത്രമാണ് ഇനി തമിഴക മണ്ണിൽ അവശേഷിക്കുന്നത്. വെള്ളിത്തിരയിൽ ബോക്സ് ഓഫീസ് ഹിറ്റുകൾ വാരി കൂട്ടിയ ഭാഗ്യ നായകൻ രാഷ്ട്രീയത്തിൽ വിജയിക്കുമോയെന്നതാണ് ചോദ്യം.

വിജയിയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ.
Article Summary: Actor Vijay begins state-wide political tour in Tiruchirappalli.
#Vijay #TamilNaduPolitics #ThalapathyVijay #TVK #DMK #AIADMK