SWISS-TOWER 24/07/2023

Dismissal | നവീൻ ബാബുവിന് കൈകൂലി നൽകിയെന്ന ടി വി പ്രശാന്തൻ്റെ ആരോപണം തള്ളി വിജിലൻസ് അന്വേഷണ റിപ്പോർട്ട്; പ്രമാദമായ കേസിൽ വാദങ്ങൾ പൊളിയുന്നുവോ?

 
Naveen Babu
Naveen Babu

Image Credit: Facebook/ Collector Kannur

● 'എഡിഎമ്മിന് പണം നൽകിയതിന് തെളിവില്ല'
● 'സ്വർണം പണയം വെച്ചതിനും ഫോൺ സംഭാഷണത്തിനും തെളിവുണ്ട്'
● 'പ്രശാന്തന്റെ മൊഴികളിൽ വൈരുദ്ധ്യം'

കണ്ണൂർ: (KVARTHA) മുൻ എഡിഎം നവീന്‍ ബാബുവിന് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എൻഒസി അനുവദിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന പരാതിക്കാരൻ ടി വി പ്രശാന്തൻ്റെ വാദം സത്യവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Aster mims 04/11/2022

എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് കോഴിക്കോട് എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന് പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്‍റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 

സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയം വെച്ചതിന്‍റെ രസീത് പ്രശാന്ത് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന് ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് പ്രശാന്ത് നവീന് ബാബു കൂടിക്കാഴ്ച നടക്കുന്നത്. 

ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബര്‍ പത്തിനാണ് വിജിലന്‍സിനെ അറിയിക്കുന്നത്. പ്രശാന്തിന്‍റെ ബന്ധുവാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചു പറയുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. വിജിലന്‍സ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോര്‍ട്ടും നല്‍കി. പ്രശാന്തിന്‍റെ മൊഴിയെടുത്ത കാര്യം നവീന്‍ ബാബുവിനോട് പറഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് അറിയിക്കുന്നു. 

പിറ്റേന്ന് ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലില്‍ പ്രശാന്തിനെതിരെ കേസെടുക്കാനും വകുപ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കണ്ണൂർ മെഡിക്കൽ കോളജിലെ താൽക്കാലിക ഇലക്ട്രീഷ്യൻ ജോലി ചെയ്തിരുന്ന ടി വി പ്രശാന്തനെ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി വ്യവസായ സംരഭം തുടങ്ങിയതിന് ആരോഗ്യ വകുപ്പ് സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 

സിപിഎം അനുഭാവിയായ ടി വി പ്രശാന്ത് ഉന്നത നേതാക്കളുടെ അടുത്ത ബന്ധു കൂടിയാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കേസിൽ ഒന്നാം പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ ഭർത്താവ് അജിത്ത് കുമാർ പ്രശാന്തിൻ്റെ സഹപ്രവർത്തകനാണ്

#VigilanceReport #NaveenBabu #BriberyCase #KeralaNews #Corruption #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia