SWISS-TOWER 24/07/2023

ദേവസ്വം മന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചപ്പോൾ കോരിത്തരിച്ചത് ബിജെപിക്കാർ: വി ഡി സതീശൻ

 
Opposition leader V D Satheesan speaking at a press conference in Kannur.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● യുഡിഎഫ് സർക്കാരിന്റെ കാലത്താണെങ്കിൽ എന്താകുമായിരുന്നു സിപിഎം നിലപാട്.
● ശബരിമലയിലെ കേസുകൾ പിൻവലിക്കാത്തതിനെതിരെയും വിമർശനം.
● അയ്യപ്പ സംഗമം 'ഏഴുനിലയിൽ പൊട്ടിപ്പോയി' എന്നും പ്രതിപക്ഷ നേതാവ്.
● ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും യുഡിഎഫ് എതിർക്കും.

കണ്ണൂർ: (KVARTHA) എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് അവരുടേതായ തീരുമാനങ്ങൾ എടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫിസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അത് അവരുടെ സ്വാതന്ത്ര്യമാണ്. യുഡിഎഫിന്റേത് രാഷ്ട്രീയ തീരുമാനമാണ്. മൂന്ന് പ്രധാന ചോദ്യങ്ങൾ ഉയർത്തിയാണ് സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. ശബരിമലയിൽ ആചാരലംഘനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറുണ്ടോ? നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കും എൻഎസ്എസ് പ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഉൾപ്പെടെ എടുത്ത ആയിരക്കണക്കിന് കേസുകൾ പിൻവലിക്കാൻ തയ്യാറുണ്ടോ? അയ്യപ്പ സംഗമത്തിന് മുൻപ് കേസുകൾ പിൻവലിക്കാൻ തയ്യാറായില്ല. 

Aster mims 04/11/2022

ഒമ്പത് വർഷം ശബരിമലയുടെ വികസനത്തിന് വേണ്ടി ചെറുവിരൽ അനക്കാത്ത സർക്കാർ പത്താമത്തെ വർഷം മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുന്ന കപടഭക്തി പരിവേഷക്കാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്ന രാഷ്ട്രീയ ദൗത്യമാണ് ഞങ്ങൾ ഏറ്റെടുത്തത്’ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സർക്കാർ ഭക്തരെ കബളിപ്പിക്കുമ്പോൾ അവരുടെ പൊയ്മുഖം വലിച്ചു കീറി യഥാർത്ഥ മുഖം തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ടായിരുന്നു. സംഘാടനത്തിന്റെ കുറവ് കൊണ്ട് അയ്യപ്പ സംഗമം ഏഴുനിലയിൽ പൊട്ടിപ്പോയി.

യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചാണ് ഒരു മന്ത്രി കോൾമയിർ കൊണ്ടത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഒരു മന്ത്രി ഇത്തരമൊരു സന്ദേശം വായിച്ചതെങ്കിൽ എന്താകുമായിരുന്നു സിപിഎമ്മിന്റെ പ്രചാരണം? പിണറായി വിജയൻ ഇരിക്കുന്ന വേദിയിലാണ് യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ആവേശഭരിതനായ ദേവസ്വം മന്ത്രിയെ കണ്ട് എത്രയോ ബിജെപി പ്രവർത്തകർ കോരിത്തരിച്ചു കാണും. 

വിദ്വേഷ പ്രസംഗം നടത്തുന്നവരെയാണ് ആനയിച്ച് വേദിയിലേക്ക് കൊണ്ടുവന്നത്; എന്ത് സന്ദേശമാണ് നൽകുന്നത്. കേരളത്തിൽ ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകിക്കൊണ്ടുള്ള ഇടപെടലാണ് സിപിഎം നടത്തുന്നത്. വർഗീയ ശക്തികൾക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയാണ്. 

സിപിഎം പച്ചക്ക് വർഗീയത പറയുകയാണ്. ബിജെപിയുടെ വഴിയിലൂടെയാണ് സിപിഎമ്മും യാത്ര ചെയ്യുന്നത്. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണെന്നതിൽ സംശയമില്ല. ഞങ്ങൾ കേരളത്തിലെ മതേതര മനസ്സിന് മുന്നിൽ ഈ വർഗീയവാദത്തെ പൊളിച്ചു കാട്ടും.

എൻഎസ്എസുമായോ എസ്എൻഡിപിയുമായോ ഒരു തർക്കവുമില്ല. അവരുമായി നല്ല ബന്ധത്തിലാണ്. ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് വഴക്കിടേണ്ട കാര്യമില്ല. സമദൂരം തുടരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഞങ്ങൾ അസ്വസ്ഥരാകേണ്ട കാര്യമില്ലല്ലോ. വർഗീയതയ്‌ക്കെതിരായ നിലപാട് അദ്ദേഹം എല്ലാ കാലത്തും എടുത്തിട്ടുണ്ട്. 

വർഗീയവാദികളെ എൻഎസ്എസിനകത്തേക്ക് കയറ്റാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. അതൊരു ഉറച്ച നിലപാടാണ്. ആ നിലപാടിനെ ഞങ്ങൾ അഭിനന്ദിച്ചിട്ടുമുണ്ട്. അദ്ദേഹവുമായോ എൻഎസ്എസുമായോ ഒരു തർക്കവുമില്ല. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധത്തിലാണ്. 

ഒരേ സമയം ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും യുഡിഎഫ് എതിർക്കും. ആര് വർഗീയത പറഞ്ഞാലും മുഖം നോക്കാതെ എതിർക്കുക തന്നെ ചെയ്യും. അതൊരു സെക്യുലർ പൊസിഷനിങാണ്. അതിന്റെ പേരിൽ എന്ത് നഷ്ടം വന്നാലും സഹിക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ മതേതര നിലപാടുകളെയും മതേതര മൂല്യങ്ങളെയും താത്കാലിക ലാഭത്തിനു വേണ്ടി വിറ്റു കാശാക്കില്ല. 

അത് വാക്കാണ്. കേരളത്തിലെ ഒരു മുന്നണി ധൈര്യസമേതം പറയുന്ന പൊളിറ്റിക്കൽ പൊസിഷനിങാണ്. കേരളം സെക്യുലറാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പഴയ തലമുറയും പുതിയ തലമുറയും യുഡിഎഫിന്റെ സെക്യുലർ പൊസിഷനിങിനൊപ്പം നിൽക്കും. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള ശക്തമായ നിലപാടാണിത്. ആര് വർഗീയത പറഞ്ഞാലും അവർക്കെതിരെ മുഖം നോക്കാതെ നിലപാടെടുക്കും.

സിപിഎം എത്രയോ കാലം ലീഗിന് പിന്നാലെ നടന്നു. ലീഗ് മതേതര പാർട്ടിയാണെന്ന് വരെ സിപിഎം പറഞ്ഞതാണ്. ലീഗിന്റെ മതേതര വാദത്തെ തള്ളിപ്പറഞ്ഞു പോയ തീവ്രവാദ സ്വഭാവമുള്ള ഐഎൻഎല്ലിനെ കക്ഷത്തിൽ വെച്ചുകൊണ്ടാണ് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. 4200 പേർ വരുമെന്ന് പറഞ്ഞ പരിപാടിയിൽ 630 പേർ വരികയും അരക്കോടി രൂപയുടെ ഭക്ഷണം മാലിന്യ പ്ലാന്റിൽ തള്ളുകയും ചെയ്ത അയ്യപ്പ സംഗമമാണ് നടന്നത്. 

ദേവസ്വം ബോർഡാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടും ഫ്‌ളക്‌സ് ബോർഡുകളിൽ മുഴുവൻ പിണറായി വിജയന്റെയും ദേവസ്വം മന്ത്രി വി എൻ വാസവന്റെയും ചിത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. ‘എന്തൊരു അയ്യപ്പ ഭക്തിയായിരുന്നു അവർക്ക്’ എന്നും വി ഡി സതീശൻ പരിഹസിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമാണ് സിപിഎം നടത്തിയത്. 

ഇപ്പോൾ ഭൂരിപക്ഷ പ്രീണനമായി. ആരോടും ആത്മാർത്ഥതയില്ല. ഞങ്ങൾക്ക് ഒരു ടെൻഷനുമില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലും അതിനു ശേഷവും ഇനി വരാനിരിക്കുന്ന നാളുകളിലും യുഡിഎഫിന് ഒറ്റ നിലപാടേയുള്ളൂ. അതിൽ ഒരു വ്യത്യാസവും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിൻ്റെ ഈ ആരോപണങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക, ഈ വാർത്ത ഷെയർ ചെയ്യൂ.

Article Summary: V D Satheesan criticizes CPM over Minister reading Yogi Adityanath's message.

#VDSatheesan #AyyappaSangamam #YogiAdityanath #CPMKerala #UDF #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script