സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ കണ്ണാടിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മെയ് 16-ലെ കണക്കുകൾ പ്രകാരം ഖജനാവിൽ 2000 കോടി രൂപ മാത്രമാണ് ബാക്കിയുള്ളതെന്ന് മുഖ്യമന്ത്രി.
● കടക്കാർ വാതിൽക്കൽ നിൽക്കുമ്പോൾ പണമുണ്ടെന്ന് പറയുന്നതിന് തുല്യമാണ് മുൻ സർക്കാരിൻ്റെ അവസ്ഥയെന്ന് പരിഹാസം.
● മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത് കള്ളമാണെന്ന് ആരോപിച്ച് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ.
● ധവളപത്രത്തിൽ കടം 5.7 ലക്ഷം കോടിയാണെന്ന് പറയുന്നതോടെ മുൻ സർക്കാരിന്റെ വാദമാണ് ശരിയെന്ന് തെളിഞ്ഞതായി ബാലഗോപാൽ.
● സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാനുള്ള കുടിശ്ശികയെക്കുറിച്ചുള്ള മുൻ പ്രതിപക്ഷ നേതാവിൻ്റെ വാദവും പൊളിഞ്ഞു.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനം നേരിടുന്ന അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നേർക്കാഴ്ചയായ ധവളപത്രം കേവലമൊരു രാഷ്ട്രീയ രേഖയോ ഉമ്മാക്കിയോ അല്ലെന്നും, മറിച്ച് കഴിഞ്ഞ 10 വർഷത്തെ ഇടത് സർക്കാരിൻ്റെ ധനദുർവിനിയോഗം കാണിച്ച് തരുന്ന കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഖജനാവിൽ 6000 കോടി രൂപ ബാക്കിയുണ്ടെന്നാണ് മുൻ സർക്കാർ ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാൽ മെയ് 16-ലെ കണക്കുകൾ പ്രകാരം 2000 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്. ഐജിഎസ്ടി ഗ്രാൻ്റും മറ്റ് കേന്ദ്ര വിഹിതങ്ങളും ഉൾപ്പെടെ പലപ്പോഴായി പണം ലഭിക്കുമെങ്കിലും, അടിയന്തരമായി നൽകാനുള്ള വലിയ ബാധ്യതകൾ നിലനിൽക്കെ 6000 കോടിയുണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരെയും ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താറില്ലെന്നും, സാമ്പത്തിക കെടുകാര്യസ്ഥതയുടെ കണ്ണാടിയായ ഈ ധവളപത്രം പ്രതിപക്ഷം ഇടയ്ക്കൊന്ന് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിലെ ഒരു ജീവനക്കാരന് 50,000 രൂപ ശമ്പളം ലഭിച്ചെന്നിരിക്കട്ടെ. അയാൾ പലചരക്ക് കടയിലും പാലിനും പത്രത്തിനുമൊക്കെയായി വലിയൊരു തുക നൽകാനുണ്ട്. എന്നാൽ ഇയാൾ ഇവർക്കൊന്നും പണം നൽകാതെ തൻ്റെ കൈവശം 50,000 രൂപ ബാക്കിയുണ്ടെന്ന് പറഞ്ഞ് നടക്കുകയും, കടക്കാർ വരുമ്പോൾ വാതിലടച്ചിട്ട് കൈയിൽ പണമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിന് തുല്യമാണ് മുൻ സർക്കാരിൻ്റെ അവസ്ഥയെന്ന് മുഖ്യമന്ത്രി ഉദാഹരണസഹിതം വിശദീകരിച്ചു.
അതേസമയം, സംസ്ഥാന സർക്കാരിൻ്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത് കള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ സംസ്ഥാനത്തിൻ്റെ കടം ആറ് ലക്ഷം കോടിയാണെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ അന്ന് കടം 4.85 ലക്ഷം കോടി രൂപ മാത്രമാണെന്ന് താൻ തിരുത്തിയിരുന്നു. ഇപ്പോൾ പുറത്തിറക്കിയ ധവളപത്രത്തിൽ കടം 5.7 ലക്ഷം കോടിയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെ അന്ന് തങ്ങൾ പറഞ്ഞിരുന്നതാണ് ശരിയെന്ന് തെളിഞ്ഞതായി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. രേഖകൾ ഒരിക്കലും കള്ളം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർക്ക് 1.25 ലക്ഷം കോടി രൂപ നൽകാനുണ്ടെന്ന മുൻ വാദവും പൊളിഞ്ഞതായി മുൻ ധനമന്ത്രി പറഞ്ഞു. ധവളപത്രത്തിൽ ഈ തുക 48,000 കോടി രൂപയാണെന്നാണ് പറയുന്നത്. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളിൽ വന്ന മാറ്റങ്ങൾ സംസ്ഥാനത്തിൻ്റെ വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് സംസ്ഥാനത്തിൻ്റെ ജിഎസ്ഡിപിയുടെ 39 ശതമാനം വരെ ഉയർന്നിരുന്ന കടബാധ്യത ഇപ്പോൾ 33.6 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും, ഖജനാവിലെ വിവരങ്ങൾക്ക് രഹസ്യസ്വഭാവം പുലർത്തണമെന്നും കെ എൻ ബാലഗോപാൽ ഓർമിപ്പിച്ചു. പുതിയ സർക്കാരിൻ്റെ ഇന്ദിര ഗ്യാരൻ്റിക്ക് വരുന്ന ചെലവുകൾ ഇതേ വിഭാഗത്തെക്കൊണ്ട് പഠിപ്പിച്ച് യഥാർഥ ചെലവ് കണ്ടെത്തണം.
എന്തുകൊണ്ടാണ് സാമ്പത്തിക നില ഈ സ്ഥിതിയിലേക്ക് വന്നതെന്നുകൂടി ധവളപത്രത്തിൽ വ്യക്തമാക്കണമായിരുന്നു. സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ള പണം ഏതൊക്കെയെന്നും, കേന്ദ്രം വെട്ടിക്കുറച്ച വിഹിതങ്ങളെക്കുറിച്ചും ഇതിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലോകത്തെ വാർത്തകളും പ്രതികരണങ്ങളും അറിയാൻ ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക. വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.
Article Summary: Chief Minister V.D. Satheesan defended the White Paper on state finances as a mirror reflecting 10 years of economic mismanagement, while former Finance Minister K.N. Balagopal dismissed the claims as lies, citing inconsistencies in the state's reported debt figures.
#KeralaPolitics #WhitePaper #VDSatheesan #PinarayiVijayan #KNBalagopal #KeralaEconomy #MalayalamNews
