Criticism | 'ഇന്ത്യയില്‍ മതവെറിയും വര്‍ഗീയതയും താണ്ഡവമാടുന്നു'; യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോൾ
● ഇന്ത്യയിൽ മതപരമായ അക്രമങ്ങൾ വർദ്ധിച്ചുവെന്ന് റിപ്പോർട്ട്.
● സർക്കാർ മതേതരത്വം തകർക്കുന്ന നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപണം.
● ഇന്ത്യ-അമേരിക്ക ബന്ധത്തെ ഇത് ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അർണവ് അനിത
(KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ മതവെറിയും വര്‍ഗീയതയും അതിരൂക്ഷമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 'ഇന്ത്യ: മതസ്വാതന്ത്ര്യ പ്രശ്‌നങ്ങള്‍' എന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ മതേതര ഭരണഘടനയുടെ അടിസ്ഥാനം ചൂണ്ടിക്കാണിച്ച്, സാമൂഹ്യ അസമത്വത്തിന് ആക്കം കൂട്ടിയ മതപരവും രാഷ്ട്രീയവുമായ വീഴ്ചകളെ കുറിച്ചും ഇന്ത്യ-യുഎസ് ബന്ധത്തെ ഇത് എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കുന്നു.
ഇന്ത്യ ആഗ്രഹിക്കുന്ന 'മഹത്തായ ശക്തി' എന്ന പദവി കൈവരിക്കാന്‍ സാമൂഹ്യ ഐക്യം ആവശ്യമാണെന്നും അമേരിക്ക അതിന് നിര്‍ബന്ധം പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര, വാണിജ്യ പങ്കാളിത്തങ്ങളായിരിക്കും മൂല്യങ്ങളേക്കാള്‍ നയരൂപീകരണത്തെ സ്വാധീനിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.
2014ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം ഹിന്ദുവര്‍ഗീയതയും മതാന്ധതയും രാജ്യത്ത് കൂടുതല്‍ പ്രകടമാണ്, സമീപ വര്‍ഷങ്ങളില്‍ വര്‍ഗീയ കലാപങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരിക്കുന്ന അസം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മതത്തിന്റെ പേരിലുള്ള അക്രമവും ആള്‍ക്കൂട്ട കൊലപാതകവും വ്യാപകമാകുന്നത്. ഇതിന് തടയിടേണ്ട ഭരണകര്‍ത്താക്കള്‍ തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി മതസ്പര്‍ദ ആളിക്കത്തിക്കുകയാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്.
ഹൈന്ദവ ദേശീയത ഉയര്‍ത്തിപ്പിടിച്ച് രാജ്യത്ത് ഭൂരിപക്ഷമതവാദം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മോഡിയുടെയും ബിജെപിയുടെയും ശക്തമായ നടപടികള്‍ തുടര്‍ന്നാല്‍ ആന്ത്യന്തികമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത ഇല്ലാതായേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതവിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കേണ്ടതിന് പകരം വഷളാക്കുകയാണ് ചെയ്‌തെന്നും പറയുന്നു. ബിജെപി മുന്‍ വക്താവ് നൂപുര്‍ശര്‍മ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശം ഇന്ത്യയിലും വിദേശങ്ങളിലും വലിയ വിവാദമായി പടര്‍ന്നിരുന്നു. അവസാനം മാപ്പ് പറഞ്ഞ് തടിതപ്പിയെങ്കിലും നൂപുര്‍ ശര്‍മയ്‌ക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് അടുത്തിടെയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുഎസ് ഗവണ്‍മെന്റ് മനുഷ്യാവകാശങ്ങളില്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ അവരുമായുള്ള പങ്കാളിത്തം നിലനിര്‍ത്തുന്നതിനോ, ശക്തമാക്കുന്നതിനോ ഇന്ത്യ ഗവണ്‍മെന്റിന് താല്‍പര്യ കുറവുണ്ടാകാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ അടുത്തിടെ കാനഡയും യുഎസ് പ്രോസിക്യൂട്ടര്‍മാരും നിജ്ജര്‍ വധം, പന്നൂന്‍ വധശ്രമം എന്നിവയെ കുറിച്ച് നടത്തിയ ആരോപണങ്ങളും നടപടികളും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഭവവികാസങ്ങള്‍ ഇന്ത്യ-കാനഡ ബന്ധത്തെ കാര്യമായി ബാധിച്ചു, യുഎസ്-ഇന്ത്യ പങ്കാളിത്ത സംരംഭങ്ങളുടെ കാലയളവിനെയും ഇത് ബാധിച്ചേക്കാം, കാരണം ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്നു.
തെരഞ്ഞെടുപ്പ് വേളകളിലാണ് ചില ബിജെപി നേതാക്കള്‍ മുസ്ലിംങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍ നടത്തുന്നതെന്നാണ് വിമർശനം. ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ ന്യൂനപക്ഷങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് അധിക്ഷേപിക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കടന്നുകയറിയ ഇവര്‍ ഗോത്രവര്‍ഗക്കാരായ വനിതകളെ വിവാഹം കഴിച്ച്, അവരുടെ സ്വത്വം ഇല്ലാതാക്കുകയാണെന്നും താമസിയാതെ തദ്ദേശീയ ജനസംഖ്യ ഇല്ലാതാകുമെന്നും ആരോപിച്ചു.
അതിര്‍ത്തി സംരക്ഷിക്കുന്നത് കേന്ദ്രആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള ബിഎസ്എഫ് ആണെന്നും അവരുടെ വീഴ്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താതെ അമിത്ഷായോട് ഇതിനുള്ള മറുപടി ആരായാനും സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത്ര് സൊരേന്‍ തിരിച്ചടിച്ചു. സ്വാതന്ത്ര്യം കിട്ടും മുമ്പ് അന്നത്തെ ഝാര്‍ഖണ്ഡ് മേഖലയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതമായി, അസമിലെ തേയിലതോട്ടങ്ങളില്‍ പണിയെടുപ്പിക്കാനായി കൊണ്ടുപോയ ആയിരക്കണക്കിന് സാന്താള്‍ വിഭാഗക്കാര്‍ക്ക് ഇപ്പോഴും പട്ടികവര്‍ഗ പദവി നല്‍കിയിട്ടില്ലെന്നും അത് പരിഹരിക്കാനാണ് ഹിമന്ത ശ്രമിക്കേണ്ടതെന്നും പറഞ്ഞു.
ഹിന്ദുക്കള്‍ വിഭജിച്ചു നിന്നാല്‍ മുസ്ലിംങ്ങള്‍ അവരെ ഇല്ലാതാക്കും എന്ന സൂചനയുള്ള മുദ്രാവാക്യമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിക്കാട്ടുന്നത്. മഹാരാഷ്ട്രയില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തിയതിനെതിരെ മഹായുതി സഖ്യത്തിലെ പ്രമുഖ കക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗം രംഗത്തെത്തി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് അജിത് പവാര്‍ വ്യക്തമാക്കി. രാഷ്ട്രീയമോ, വികസനമോ ചര്‍ച്ച ചെയ്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശേഷിയില്ലാത്ത ബിജെപി എല്ലായിടത്തും വിദ്വേഷം മാത്രമാണ് ചീറ്റുന്നതെന്നും ഏറ്റവും ഒടുവില്‍ ബിജെപിക്ക് വഴങ്ങാത്ത പഞ്ചാബിനോട് പക വീട്ടാന്‍ ഒരുങ്ങുകയാണെന്നുമാണ് പ്രതിപക്ഷ ആരോപണം.
പഞ്ചാബിനും ഹരിയാനയ്ക്കും പൊതുതലസ്ഥാനമാണുള്ളത്, ചണ്ഡിഗഢ്. 1969ല്‍ പഞ്ചാബ് വിഭജിച്ചാണ് ഹരിയാന രൂപീകരിച്ചത്. കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢില്‍ ഹരിയാനയ്ക്ക് നിയമസഭ നിര്‍മിക്കാന്‍ 10 ഏക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്. ഇതിനെതിരെ പഞ്ചാബ് സര്‍ക്കാരും ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. കോണ്‍ഗ്രസ് പഞ്ചാബും ഹരിയാനയും കേന്ദ്രവും ഭരിച്ചപ്പോഴും ബിജെപി കേന്ദ്രവും ഹരിയാനയും ശിരോമണി അകാലിദളും ബിജെപിയും പഞ്ചാബ് ഭരിച്ചപ്പോഴും ഇത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല.
ആ നിലയ്ക്ക് ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ആംആദ്മിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. ഹരിയാന ഭരിക്കുന്ന ബിജെപി ഇരുസംസ്ഥാനങ്ങളെയും ഭിന്നിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് അവര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ തങ്ങള്‍ക്ക് സ്വാധീനും ഉള്ളിടത്തും ഇല്ലാത്തിടത്തും വിദ്വേഷവും വിഭജനവും മാത്രമാണ് ബിജെപി പയറ്റുന്നതെന്നാണ് ഇവരുടെ ആരോപണം.
#India #religiousintolerance #USCongress #ModiGovernment #HumanRights