Union Election | എസ്എഫ്ഐ കോട്ടയിൽ വിള്ളൽ; പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ മിന്നും വിജയം നേടി യുഡിഎസ്എഫ്


ചെയര്‍മാനായി ഹിഷാം മുനീർ തിരഞ്ഞെടുക്കപ്പെട്ടു
കണ്ണൂർ: (KVARTHA) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം അവകാശപ്പെട്ട് യുഡിഎസ്എഫ് മുന്നണി നേതാക്കൾ. കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിലാണ് യുഡിഎസ്എഫ് 12 സീറ്റില്‍ വിജയിച്ചത്. പത്ത് മേജര്‍ സീറ്റില്‍ ഒന്‍പതും യുഡിഎസ്എഫ് നേടി.
ചെയര്‍മാനായി ഹിഷാം മുനീറും വൈസ് ചെയര്‍മാന്‍മാരായി ഇ അമീന്‍ എസ് സജിത എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഹുസ്‌നുല്‍ മുനീര്‍, ജോ. സെക്രട്ടറിമാരായി ഫറാസ് ഷരീഫ്, ഷിബിന്‍ ഫവാസ്, ഫൈന്‍ ആട്‌സ് സെക്രട്ടറിയായി മുഹമ്മദ് ജാമിം, യു.യു.സിയായി കെ.വാജിദ്, മുഹമ്മദ് റൈസല്‍ എന്നിവരാണ് വിജയിച്ചത്. സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ വിജയിച്ചു.
2020 ബാച്ച്, പിജി റപ്, എന്നിവയും എസ്എഫ്ഐ ജയിച്ചു. 2021 റപ്, 22 റപ്, 23 റപ് എന്നിവ യുഡിഎസ്എഫിന് ലഭിച്ചു. പിണറായിസർക്കാരിനെതിരായി കലാലയ ക്യാമ്പസുകളിൽ ഉയർന്നുവരുന്ന അതിശക്തമായ വിദ്യാർത്ഥി രോഷത്തിൻ്റെ പ്രതിഫലനമാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന്റെ അഭൂതപൂർവമായ വിജയമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പോടു കൂടി കേരളത്തിലെ പിണറായി വിജയന് ലഭ്യമായിട്ടുള്ള ജനവിധി തകർന്നിരിക്കുന്നു. ഏതാനും ആഴ്ചകൾക്കു മുൻപേ നടന്ന കോഴിക്കോട് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും യുഡിഎസ്എഫ് അതിശക്തമായ വിജയമാണ് കാഴ്ചവച്ചത്. കഴിഞ്ഞ 28വർഷമായി എസ്എഫ്ഐ തനിച്ച് ജയിക്കുന്നുവെന്ന് അഹങ്കരിച്ചു നടന്ന ഒരു കോളേജാണ് പരിയാരം മെഡിക്കൽ കോളേജ്. എതിർ സ്ഥാനാർത്ഥികളെയും എതിർ മുന്നണിക്കാരെയും നോമിനേഷൻ പോലും കൊടുക്കാൻ അനുവദിക്കാതെ ഇവിടെ നടത്തിയിട്ടുള്ള ഏകപക്ഷീയമായ പ്രവർത്തനങ്ങളുടെ ഫലമായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും മുന്നണി സ്ഥാനാർത്ഥികൾ എന്ന നിലയിൽ ഇവിടെ യുഡിഎസ്എഫ് സ്ഥാനാർത്ഥികൾക്ക് വിജയിച്ചു വരാൻ സാധിക്കാതിരുന്നതെന്നും യുഡിഎസ്എഫ് ഭാരവാഹികൾ പറഞ്ഞു.