Election | ഉപതിരഞ്ഞെടുപ്പുകൾ: യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും ഇത്തവണ പോരാട്ടം കടുക്കും; കാരണങ്ങളുണ്ട്!
● വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ മുന്നണികൾക്ക് കടുത്ത വെല്ലുവിളികൾ.
● ശബരിമല വിവാദങ്ങൾ ചർച്ചയായേക്കും
● കോണ്‍ഗ്രസില്‍ പ്രാദേശിക വികാരം ശക്തമാണ്
കാർത്തിക് കൃഷ്ണ
(KVARTHA) ശബരിമല അടക്കമുള്ള ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനിടെ സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്. മൂന്നിടത്തും യുഡിഎഫിനാണ് മേല്‍ക്കൈ എങ്കിലും പാലക്കാട്ടും ചേലക്കരയിലും ഇത്തവണ കടുക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അതിന് പ്രധാന കാരണം. വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫിന്റെ കോട്ടയാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി അവിടെ ജയിക്കുമെന്ന് ഉറപ്പാണ്.
പാലക്കാട് കോണ്‍ഗ്രസിന്റെ തട്ടകമാണെങ്കിലും സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പില്‍ മാറിയതും ബിജെപിയുടെ സ്വാധീനം കൂടിയതും കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് അവിടുത്തെ ബാജെപിക്കാരുടെ ആവശ്യം. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്‍ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരിച്ച കഴക്കൂട്ടം, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെല്ലാം വോട്ട് വിഹിതം ഉയര്‍ത്തിയിരുന്നു.
അതിനൊപ്പം മണ്ഡലകാലം ആരംഭിക്കാന്‍ പോവുകയാണ്. ശബരിമല സ്‌പോട് ബുക്കിംഗിനെ ചൊല്ലിയുള്ള വിവാദം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. ബിജെപി അത് രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു. ഇതെല്ലാം ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതെല്ലാം മനസ്സിലാക്കിയാണ് സിപിഐയും സിപിഎം സംസ്ഥാന സെക്രട്ടറിയും സ്‌പോട് ബുക്കിംഗ് വേണമെന്ന ശക്തമായ നിലപാട് സ്വീകരിച്ചത്. സര്‍ക്കാര്‍ ശബരിമലയെ വീണ്ടും വിവാദങ്ങളിലേക്ക് തള്ളിവിടുകയാണെന്നും അതുവഴി ബിജെപിക്ക് സുവര്‍ണാവസരം ഒരുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ചേലക്കര 1996ലാണ് കെ രാധാകൃഷ്ണന്‍ പിടിച്ചെടുത്തത്. 2011വരെ അദ്ദേഹം അവിടുത്തെ എംഎല്‍എയായിരുന്നു. അതിന് മുമ്പ് കോണ്‍ഗ്രസിലെ എംഎ കുട്ടപ്പന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിജയിച്ച മണ്ഡലമാണ്. 2016ല്‍ സിപിഎമ്മിലെ യുആര്‍ പ്രദീപും 2021ല്‍ വീണ്ടും കെ രാധാകൃഷ്ണനും ഇവിടെ നിന്ന് വിജയിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആലത്തൂരില്‍ എല്‍ഡിഎഫിനോട് പരാജയപ്പെട്ട രമ്യ ഹരിദാസാണ് ഇത്തവണ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
2021ല്‍ 54 ശതമാനത്തിലധികം വോട്ട് വാങ്ങിയാണ് കെ. രാധാകൃഷ്ണന്‍ ചേലക്കര വിജയിച്ചത്. അതുകൊണ്ട് രമ്യ ഹരിദാസിന് വലിയ വെല്ലുവിളിയായിരിക്കും നേരിടേണ്ടിവരുക. ബിജെപി ടിഎന്‍ സരസുവിനെയാകും കളത്തിലിറക്കുക. അവര്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് രണ്ട് ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു. ഈ മണ്ഡലത്തിന് പരിധിയിലുള്ള നിയമസഭാ മണ്ഡലമാണ് ചേലക്കര. രമ്യഹരിദാസും രാഹുല്‍ മാങ്കൂട്ടത്തിലും മണ്ഡലത്തില്‍ നിന്നുള്ളവരല്ല എന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുയരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസില്‍ പ്രാദേശിക വികാരം ശക്തമാണ്. അതുകൊണ്ട് രണ്ട് പേരുടെയും സ്ഥാനാര്‍ത്ഥിത്വം എത്രത്തോളും ഗുണമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. തൃശൂര്‍ പൂരം അലങ്കോലമായതിന് പിന്നിലെ സംഭവങ്ങളും എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതും തൃശൂരിനോട് ചേര്‍ന്ന് കിടക്കുന്ന പാലക്കാടും ചേലക്കരയിലും ചര്‍ച്ചയാകും എന്നതിന് സംശയമില്ല. അതിന്റെ ഗുണം യുഡിഎഫിനായിരിക്കും കിട്ടുക. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപിക്കുകയാണ്. അതുകൊണ്ട് പൂരം ഉപതെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകും. ഒപ്പം പൂരം അലങ്കോലമായതിന് പിന്നാലെ സുരേഷ് ഗോപിയെ സേവാഭാരതി ആംബുലന്‍സില്‍ കൊണ്ടുവന്നത് കേസായതും ചര്‍ച്ചയാകും.
റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തെ കൈവിട്ടതോടെയാണ് മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിര്‍ബന്ധിതരാകുന്നത്. രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെ സഹോദരി പ്രിയങ്ക ഗാന്ധി എത്തുമെന്ന് ഉറപ്പിച്ചതാണ്. രാഹുല്‍ മാറി പ്രിയങ്ക വന്നാലും ദുരന്തത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന വയനാടിന് ആശ്വാസമാകും എന്ന് ചിന്തിക്കുന്നവരുണ്ട്. കാരണം രാഹുല്‍ ലോക്‌സഭാ പ്രതിപക്ഷനേതാവാണ്.
വയനാടിന്റെ ചരിത്രത്തില്‍ ഇന്നേവരെയുണ്ടാകാത്തവിധം പ്രകൃതിക്ഷോഭം താണ്ഡവമാടിയ കാലത്ത് കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ ജനപ്രതിനിധിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന് കഴിഞ്ഞതവണ കെട്ടിവെച്ച കാശ് പോലും വയനാട്ടില്‍ നിന്ന് കിട്ടിയിരുന്നില്ല. പ്രധാനമന്ത്രി മോദി വന്ന് വൈകാരികമായി സംസാരിച്ചിട്ട് പോയതല്ലാതെ ഇതുവരെ അണ പൈസ തന്നിട്ടില്ല. അതുകൊണ്ട് ഇത്തവണ ബിജെപിയുടെ സ്ഥിതി കഴിഞ്ഞതവണത്തേക്കാള്‍ പരിതാപകരമായിരിക്കാനുള്ള സാധ്യതയുണ്ട്.
2019ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ചതിന് ശേഷവും മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നാമമാത്രമായിരുന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പല ഘട്ടത്തിലും വലിയ വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് മൂന്ന് മണ്ഡലങ്ങളിലെയും തെരഞ്ഞടുപ്പ്. സിപിഎമ്മിന് വലിയ പരീക്ഷണഘട്ടമാണിത്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തിരിച്ചുപിടിക്കണം, ഒപ്പം അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ മറികടക്കണം, ന്യൂനപക്ഷങ്ങളുടെ നിലപാട് എന്താണ് എന്ന് അറിയണം അങ്ങനെ എല്ലാം കൊണ്ടും കടുത്ത പോര് തന്നെയാണ്. ബിജെപിയാകട്ടെ പാലക്കാട്ട് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു.
#UDF #KeralaElections #ByElections #BJP #PoliticalAnalysis #Shabarimala