സിപിഎമ്മിന്റേത് ജനങ്ങൾ തള്ളിക്കളഞ്ഞ ആരോപണങ്ങൾ; മേയറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷന് മുന്നിൽ യുഡിഎഫ് പ്രതിഷേധം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോർപ്പറേഷൻ ഓഫീസിനുള്ളിൽ സിപിഎം ഗുണ്ടകളെ കയറ്റി വിടാൻ പോലീസ് സഹായിച്ചുവെന്ന് ആരോപണം.
● എംഎൽഎയുടെ പരാജയം മറയ്ക്കാനാണ് വികസന വിരുദ്ധത എന്ന പേരിൽ സിപിഎം സമരം ചെയ്യുന്നത്.
● വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോർപ്പറേഷന് മുന്നിൽ യുഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
● ടൗൺ സ്ക്വയറിലെ നിർമ്മാണം അനധികൃതമായതിനാലാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന് വിശദീകരണം.
കണ്ണൂർ: (KVARTHA) കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ്. കോർപ്പറേഷനെതിരെ നിരന്തരം കാടിളക്കി ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനങ്ങളുടെ കോടതി തള്ളിക്കളഞ്ഞവയാണെന്ന് യു.ഡി.എഫ്. നേതാക്കൾ കണ്ണൂർ ഡി.സി.സി. ഓഫീസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോപണങ്ങളുടെ പൊള്ളത്തരം ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ് യു.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നത്. എൽ.ഡി.എഫിന്റെ സീറ്റ് 19-ൽ നിന്ന് 15-ലേക്ക് കുറയുകയും സി.പി.എമ്മിന്റെ സഹായത്തോടെ ബി.ജെ.പി.ക്ക് നാല് സീറ്റ് ലഭിക്കുകയും ചെയ്തുവെന്നും നേതാക്കൾ ആരോപിച്ചു.
കോർപ്പറേഷൻ ഉപരോധത്തിൽ പ്രതിഷേധം
കഴിഞ്ഞദിവസം കോർപ്പറേഷനു മുൻപിൽ ധർണ്ണ നടത്താനെത്തിയ എൽ.ഡി.എഫുകാർ രാവിലെതന്നെ ജീവനക്കാരെയും മേയർ ഉൾപ്പെടെയുള്ള കൗൺസിലർമാരെയും ഓഫീസിലേക്ക് കയറ്റിവിടാതെ ഉപരോധിക്കുകയായിരുന്നു. സമരം ചെയ്യാൻ അവകാശമുണ്ട്, അത് മുൻകൂട്ടി പ്രഖ്യാപിച്ചാണ് ചെയ്യുക. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും ഗുണ്ടകളെ ഉപയോഗിച്ച് മേയറെയും കൗൺസിലർമാരെയും തടയുകയും അവരെ കൈയേറ്റം ചെയ്യുകയുമാണ് ഉണ്ടായത്.
ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ ആശീർവാദത്തോടെയാണ് ഇതെല്ലാം നടന്നത്. സ്ത്രീ സുരക്ഷ എന്നത് വെറും പി.ആർ. വാചകം മാത്രമാണെന്ന് ഇവരുടെ നടപടികൾ നിരന്തരമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കോർപ്പറേഷന്റെ ഗേറ്റ് അടച്ച് പ്രവർത്തനം സ്തംഭിപ്പിക്കുമ്പോൾ പോലീസ് സി.പി.എമ്മിന്റെ റെഡ് വളണ്ടിയർമാരെപ്പോലെയാണ് പെരുമാറിയത്.
സി.പി.എം/ഡി.വൈ.എഫ്.ഐ. ഗുണ്ടകളെ ഉള്ളിൽ കയറ്റി മേയറെയും കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും അകത്തേക്ക് കയറ്റിവിടാതെ പോലീസ് തടയുകയായിരുന്നു. മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് വധശ്രമം ചുമത്തി കെ.എസ്.യു. പ്രവർത്തകരെ ജയിലിലടച്ച പോലീസ്, വനിതാ മേയർക്കെതിരെ കൈയേറ്റമുണ്ടായിട്ട് നിസ്സാര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വികസനവും സ്റ്റോപ്പ് മെമ്മോയും
ഇപ്പോൾ സമരം ചെയ്യാനുണ്ടായ കാരണമായി പറയുന്നത് എം.എൽ.എ.യുടെ പദ്ധതികൾക്ക് കോർപ്പറേഷൻ തുരങ്കം വെക്കുന്നുവെന്നും കോർപ്പറേഷൻ വികസനത്തിന് എതിരാണെന്നുമാണ്. മന്ത്രിയും എം.എൽ.എ.യുമായ കണ്ണൂരിന്റെ ജനപ്രതിനിധി കഴിഞ്ഞ 10 വർഷമായി എന്ത് വികസനമാണ് നടപ്പിലാക്കിയതെന്നും കോർപ്പറേഷൻ അതിന് എന്താണ് തടസ്സമായി നിന്നിട്ടുള്ളതെന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. കോർപ്പറേഷനുമായി യാതൊരു കൂടിയാലോചനകളോ അറിയിപ്പോ നൽകാതെ എം.എൽ.എ. എന്തൊക്കെയോ പദ്ധതികൾ പ്രഖ്യാപിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നുമുണ്ട്. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽപ്പോലും ചർച്ച നടത്താതെയാണ് പ്രഖ്യാപനം. ആരോപണം ഉന്നയിക്കുന്ന ടൗൺ സ്ക്വയറിലെ പ്രവൃത്തിയുടെ നിർമ്മാണത്തിന് അനുമതി ഇല്ലാത്തതിനാലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. സാധാരണ സർക്കാർ മേഖലയിലെ നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാറില്ല. എന്നാൽ ടൗൺ സ്ക്വയറിലെ നിർമ്മാണം അനധികൃതമാണെന്നും കെട്ടിട നിർമ്മാണ പെർമിറ്റ് വാങ്ങിയിട്ടില്ലെന്നും കലക്ടർക്കുൾപ്പെടെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. നിയമം എല്ലാവർക്കും ബാധകമാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിക്ക് നിയമം ബാധകമല്ലെന്ന് പറയുന്നത് അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തെളിയിക്കുകയാണ്.
ആസ്ഥാന മന്ദിരം വൈകുന്നു
എം.എൽ.എ. ഒന്നും ചെയ്തില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂർ കോർപ്പറേഷന്റെ ആസ്ഥാനമന്ദിരം നാല് വർഷമായിട്ടും പൂർത്തിയാകാതെ കിടക്കുന്നത്. 2022 ഏപ്രിൽ ഒന്നിന് എം.വി. ഗോവിന്ദൻ മാസ്റ്ററാണ് ഇതിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.
ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ സി.പി.എമ്മിന്റെ സ്വന്തം സൊസൈറ്റിയായ ഊരാളുങ്കലിനെയാണ് കരാർ ഏൽപ്പിച്ചത്. ഫണ്ടും നിർമ്മാണവും സർക്കാരിന്റെ മേൽനോട്ടത്തിലാണ്. ഭൂമി കൈമാറുന്ന ഉത്തരവാദിത്തം മാത്രമാണ് കോർപ്പറേഷനുണ്ടായത്. നിർമ്മാണം തുടങ്ങി നാല് വർഷമായിട്ടും പണി പൂർത്തിയായിട്ടില്ല. ഫണ്ട് നൽകാത്തതിനാൽ ഊരാളുങ്കൽ ഒരു വർഷത്തോളം പണി നിർത്തിവെച്ചു. ഒരു ഘട്ടത്തിൽപ്പോലും മന്ത്രി ഇടപെട്ടിട്ടില്ല.
അതേസമയം, ഇതിന് ശേഷം നിർമ്മാണം ആരംഭിച്ച കോടതി കെട്ടിടത്തിന് കൂടുതൽ പുരോഗതിയുണ്ട്. സ്റ്റേഡിയത്തിനടുത്തുള്ള എം.എൽ.സി.പി. പദ്ധതിക്ക് അനുമതി ലഭിക്കാത്തതിനാൽ രണ്ട് വർഷത്തോളം നിർമ്മാണം തടസ്സപ്പെട്ടപ്പോഴും ജനപ്രതിനിധി ഇടപെട്ടില്ല. കോർപ്പറേഷനിലെ ജീവനക്കാരെ നിരന്തരം സ്ഥലം മാറ്റി പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. സി.പി.എമ്മിന് ഭരണം ലഭിച്ച മറ്റ് കോർപ്പറേഷനുകൾ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനും 10 വർഷം ഭാരമായ എം.എൽ.എ.യെ വെള്ളപൂശാനുമാണ് സി.പി.എം. ശ്രമിക്കുന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞ് ജനങ്ങൾ അർഹിക്കുന്ന തിരിച്ചടി നൽകും.
മേയറെ ആക്രമിച്ച എൽ.ഡി.എഫ്. ക്രിമിനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്. കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോർപ്പറേഷന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ അഡ്വ. അബ്ദുൽ കരീം ചേലേരി, അഡ്വ. മാർട്ടിൻ ജോർജ്ജ്, അഡ്വ. ടി.ഒ. മോഹനൻ, കെ.പി. താഹിർ, റിജിൽ മാക്കുറ്റി, മുസ്ലിഹ് മഠത്തിൽ എന്നിവർ പങ്കെടുത്തു.
കണ്ണൂർ കോർപ്പറേഷനിലെ രാഷ്ട്രീയ തർക്കങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: UDF leaders in Kannur condemned the CPM's protest at the corporation office and announced a protest gathering on Thursday against the alleged assault on the Mayor.
#KannurCorporation #UDFProtest #CPMViolence #KeralaPolitics #KannurNews #BreakingNews #MayorAttack #DevelopmentDebate #LDFVsUDF
