Allegation | പൂരംകലക്കല്‍ കലങ്ങിമറിയുന്നു; 'വരാഹി' അനലിസ്റ്റിക്ക്‌സിന്റെ അവതാരം എന്തിന്?
● സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ ബിജെപി-ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നു.
● സേവഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
● പൂരം നടക്കുന്ന ദിവസങ്ങളില്‍ എഡിജിപി എംആര്‍ അജിത്കുമാറും സ്ഥലത്തുണ്ടായിരുന്നു.
ദക്ഷാ മനു
(KVARTHA) തൃശൂര്‍പൂരം അലങ്കോലമാക്കിയത് നാളിതുവരെ കേരളം കാണാത്ത അട്ടിമറിയാണെന്ന ആരോണങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. സംഭവത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും ആണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാറിന്റെ ആക്ഷേപത്തിന് ബലം നല്‍കുന്ന കാര്യങ്ങളാണിവ. ആര്‍എസ്എസിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അനലിസ്റ്റിക്, സ്ട്രാറ്റജിക്ക് ഏജന്‍സിയായ വരാഹിയാണ് പൂരം കലക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതെന്നാണ് ആക്ഷേപം. പൂരം കലങ്ങുമെന്ന അവസ്ഥയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ മധ്യസ്ഥശ്രമത്തിനുള്ള നായകനായി അവിടെ അവതരിപ്പിച്ചത് വരാഹിയുടെ തൃശൂര്‍ കോഡിനേറ്റര്‍ അഭിജിത് നായരാണെന്നാണ് റിപ്പോർട്ട്.
സേവഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ സുരേഷ് ഗോപിക്ക് ഇതില്‍ പങ്കുണ്ടോയെന്നതിന് യാതൊരു തെളിവുമില്ല. തന്നെ ഒരു പിഎ ഫോണില്‍ വിളിച്ചാണ് കാര്യം പറഞ്ഞതെന്ന് സുരേഷ് ഗോപി അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആ പിഎ അഭിജിത് നായരാനിനും അതുകൊണ്ടാണ് അഭിജിത്തിനും വരാഹിക്കും പൂരംകലക്കലുമായി ബന്ധമുണ്ടെന്ന ആക്ഷേപം ശക്തമായി ഉയരുന്നതെന്നുമാണ് പറയുന്നത്. ആര്‍എസ്എസിന്റെ വിശേഷ സമ്പര്‍ക്ക് കാര്യവാഹ് എ. ജയകുമാറിന് വരാഹിയുമായി അടുത്തബന്ധമാണുള്ളത്. ഈ ജയകുമാറാണ് എഡിജിപി എംആര്‍ അജിത് കുമാറിനെ ആര്‍എസ്എസ് സഹകാര്യവാഹ് ദത്താത്രേയ ഹൊസാബളെയുടെ അടുത്തേക്ക് കൊണ്ടുപോയതെന്നാണ് പുറത്തുവന്ന വിവരം.
മാത്രമല്ല തൃശൂര്‍ പൂരം നടക്കുന്ന ദിവസങ്ങളില്‍ ജയകുമാറും എഡിജിപി എംആര്‍ അജിത്കുമാറും സ്ഥലത്തുണ്ടായിരുന്നു. വരാഹിക്ക് വേണ്ടിയാണോ ജയകുമാര്‍ എഡിജിപിയെ കണ്ടത് എന്ന സംശയവും ഉയരുന്നു. എഡിജിപി ദത്താത്രേയ ഹൊസാബളയെ സന്ദര്‍ശിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എ. ജയകുമാറിനെയും ചോദ്യം ചെയ്യും. അദ്ദേഹത്തിന് നോട്ടീസ് നല്‍കി. ഹൊസാബളെയെയോ, രാംമാധവിനെയോ എഡിജിപി സന്ദര്‍ശിച്ചതിനേക്കാള്‍ നിര്‍ണായകം ജയകുമാറുമായുള്ള കൂടിക്കാഴ്ചകളാണ്.
പൂരം സമയത്ത് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം അറിയാവുന്നത് കൊണ്ടാകാം സര്‍ക്കാര്‍ ജയകുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ആര്‍എസ്എസിനെ സംബന്ധിച്ച് ഇത് വലിയ നാണക്കേടാണ്. കാരണം സാധാരണ അവര്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കാറില്ല. എന്നാല്‍ ദത്താത്രേയ ഹൊസാബളയെ വിവാദത്തിലേക്ക് തള്ളിവിട്ടത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു.
സുരേഷ് ഗോപിയെ ആംബുലന്‍സില്‍ കൊണ്ടുവന്നത് തന്നെ ദുരൂഹമാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംആര്‍ അജിത്കുമാര്‍ ഇടപെട്ട് പൂരംകലക്കിയതാണെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണം എഡിജിപി തന്നെ നടത്തി പൂരം കലക്കിയത് ആസൂത്രമായല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ സിപിഐ മുഖപത്രം ജനയുഗം ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തൃശൂരില്‍ നിന്നുള്ള മന്ത്രി കൂടിയായ കെ. രാജന്‍ വിഷയം ഉന്നയിച്ചു. ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടു.
സിപിഐ വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എഡിജിപിയുടെ തൊപ്പിതെറിപ്പിക്കാതെ അടങ്ങില്ലെന്നും വ്യക്തമായി. തുടരന്വേഷണ സാധ്യത മുഖ്യമന്ത്രിയും സൂചിപ്പിച്ചു. ആര്‍.എസ്എസിനും ബിജെപിക്കും എതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ വലിയ തിരിച്ചടിയാകും. ജനകീയ വിഷയങ്ങളില്‍ ഇടപെടാതെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള നീക്കം നടത്തിയാല്‍ കേരള ജനത അതിനെ തിരസ്‌ക്കരിക്കും. അതാണ് ചരിത്രം. എന്നാല്‍ ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടത് ഇടത്പക്ഷത്തെ വല്ലാതെ ചൊടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളും ഇതിനെതിരെ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം കൂടി കണക്കിലെടുത്താണ് അന്വേഷണം വൈകിയാണെങ്കിലും ഉണ്ടായത്.
എഡിജിപിയാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയില്ല എന്നും ശ്രദ്ധേയമാണ്. മാത്രമല്ല അന്വേഷണം എന്തുകൊണ്ട് വൈകി എന്നതും വലിയ ചോദ്യമാണ്. നിലവില്‍ നാല് അന്വേഷണമാണ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തെ മാറ്റിനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്. കാരണം എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനായാണ് പോയതെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കി. മുഖ്യമന്ത്രിയുടെ മകളുടെയും മകന്റെയും അഴിമതികള്‍ മൂടിവയ്ക്കുന്നതിനാണ് ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു.
രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മിന് അറിയാം. അതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് നോക്കിയ ശേഷം അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്ന കവറിംഗ് ലെറ്ററോടെയാണ് ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കിയത്. അക്കാര്യം മുഖ്യമന്ത്രി അറിയിച്ചിട്ടും സിപിഐ തൃപ്തരായില്ല. ശക്തമായ നടപടി വേണമെന്ന് റവന്യൂമന്ത്രി ക്യാബിനറ്റില്‍ ആവശ്യപ്പെട്ടു. സാധാരണ ഇത്തരത്തില്‍ ഒരു സംഭവം മന്ത്രിസഭായോഗത്തില്‍ ഉണ്ടാകാറില്ല. സിപിഐയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് റവന്യൂമന്ത്രി വിഷയം അവതരിപ്പിച്ചത്.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന ആരോപണം ശക്തമായതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് അദ്ദേഹത്തിന്റെയും സിപിഎമ്മിന്റെയും ആവശ്യമാണ്. അതിനൊപ്പം പൂരം കലക്കലില്‍ ആര്‍എസ്എസിന് പങ്കുണ്ടോ എന്നകാര്യത്തിലും വ്യക്തത വരുത്തണം.
#ThrissurPooram #KeralaPolitics #BJP #RSS #Investigation #PublicResponse