Criticism | 'ഒടുവിൽ ചില ആളുകൾ അവരെ തുറന്നുകാട്ടി, ഇന്ത്യ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചു'; രൂക്ഷമായി വിമർശിച്ചും വെളിപ്പെടുത്തിയും ഡൊണാൾഡ് ട്രംപ്

 
Donald Trump criticizes India's import tariffs and discusses US trade policy
Donald Trump criticizes India's import tariffs and discusses US trade policy

Image Credit: Image Credit: X/ President Donald J. Trump

● ഉയർന്ന നികുതികൾ കാരണം ഇന്ത്യയിൽ ഉത്പന്നങ്ങൾ വിൽക്കുന്നത് അസാധ്യം 
● യൂറോപ്യൻ യൂണിയൻ അമേരിക്കയെ ചൂഷണം ചെയ്യുന്നു 
● ഇന്ത്യ വാഹനങ്ങൾക്ക് 100 ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കുന്നു

വാഷിംഗ്ടൺ: (KVARTHA) ഇന്ത്യയുടെ ഇറക്കുമതി തീരുവകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന നികുതികൾ കാരണം ഇന്ത്യയിൽ ഒന്നും വിൽക്കുന്നത് അസാധ്യമാണെന്ന് ട്രംപ് പറഞ്ഞു. ദേശീയ ടെലിവിഷൻ പ്രക്ഷേപണത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. തന്റെ ഭരണകൂടം ഉടൻ നടപ്പാക്കാൻ പോകുന്ന പുതിയ തീരുവകളെക്കുറിച്ചാണ് ട്രംപ് പ്രധാനമായും സംസാരിച്ചത്.

എന്നാൽ, ഇന്ത്യ ഇറക്കുമതി തീരുവകൾ ഗണ്യമായി വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചെന്നും ട്രംപ് വെളിപ്പെടുത്തി. ഒടുവിൽ ചില ആളുകൾ അവരെ തുറന്നുകാട്ടിയതുകൊണ്ടാണ് അവർ ഇപ്പോൾ അതിന് തയ്യാറായത് എന്നും ട്രംപ് ആരോപിച്ചു. 'ഇന്ത്യ നമ്മളിൽ നിന്ന് വലിയ നികുതി ഈടാക്കുന്നു. വളരെ വലുത്. ഇന്ത്യയിൽ നിങ്ങൾക്ക് ഒന്നും വിൽക്കാൻ കഴിയില്ല... അവർ ഇപ്പോൾ നികുതികൾ വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ട്. കാരണം ഒടുവിൽ ചില ആളുകൾ അവരെന്താണ് ചെയ്യുന്നതെന്ന് തുറന്നുകാട്ടി', ട്രംപ് പറഞ്ഞു.

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങൾക്കെതിരെ  അതേ രീതിയിലുള്ള തീരുവകൾ ഏർപ്പെടുത്താൻ അമേരിക്ക തയ്യാറെടുക്കുന്നതിനിടെയാണ് ഈ വിമർശനം. ഏപ്രിൽ രണ്ട്  മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ  തീരുവകൾ അമേരിക്കയുടെ വ്യാപാര നയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. മറ്റ് രാജ്യങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ഉയർന്ന നികുതികൾ ഈടാക്കുന്ന രാജ്യങ്ങൾ അമേരിക്കയെ മുതലെടുക്കുന്നത് ഇനി സഹിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

കാനഡയും യൂറോപ്യൻ യൂണിയനും അടക്കമുള്ള പല രാജ്യങ്ങളും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നതിനെയും ട്രംപ് വിമർശിച്ചു. ഈ രാജ്യങ്ങൾ വർഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും, ഇതിനെതിരെ തക്കതായ നടപടികൾ കൈക്കൊള്ളുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കാനഡ അമേരിക്കൻ പാൽ ഉത്പന്നങ്ങൾക്ക് 250% നികുതി ചുമത്തുന്നതിനെ ട്രംപ് പ്രത്യേകം വിമർശിച്ചു. ഇത് ന്യായീകരിക്കാനാവില്ല എന്നും ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് ഈടാക്കുന്ന അതേ നികുതി, തിരിച്ചും ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

'കാനഡ വർഷങ്ങളായി മരത്തിനും, പാൽ ഉത്പന്നങ്ങൾക്കും ഉയർന്ന നികുതി ഈടാക്കി നമ്മളെ ചൂഷണം ചെയ്യുകയാണ്. 250 ശതമാനം നികുതി. ആരും ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഇത്രയും വലിയ നികുതി നമ്മുടെ കർഷകരെ ദോഷകരമായി ബാധിക്കുന്നു. ഇത് ഇനി അനുവദിക്കില്ല. അവർ ആ നികുതി കുറച്ചില്ലെങ്കിൽ, അതേ നികുതി നമ്മളും അവരിൽ നിന്ന് ഈടാക്കും', ട്രംപ് പറഞ്ഞു.

യൂറോപ്യൻ യൂണിയൻ അമേരിക്കയെ ചൂഷണം ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയാണെന്നും ട്രംപ് ആരോപിച്ചു. യൂറോപ്യൻ യൂണിയൻ ഈ രാജ്യത്തെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അമേരിക്കയെ മുതലെടുക്കാൻ വേണ്ടിയാണ് യൂറോപ്യൻ യൂണിയൻ രൂപീകരിച്ചത് പോലുമെന്നും ട്രംപ് കുറ്റപ്പെടുത്തി.

നേരത്തെ ചൊവ്വാഴ്ച കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയും ട്രംപ് ഇന്ത്യയുടെ ഇറക്കുമതി തീരുവകളെ വിമർശിച്ചിരുന്നു.  പ്രത്യേകിച്ച് വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ 100 ശതമാനത്തിൽ കൂടുതൽ നികുതി ചുമത്തുന്നതിനെ ട്രംപ് വിമർശിച്ചു. ലോകത്തിലെ മിക്ക രാജ്യങ്ങളും പതിറ്റാണ്ടുകളായി അമേരിക്കയെ കബളിപ്പിക്കുകയാണെന്നും, ഇത്  ഇനിയും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

'ട്രംപ് ഭരണകൂടത്തിന് കീഴിൽ, നിങ്ങൾ തീരുവ നൽകേണ്ടിവരും, ചില കാര്യങ്ങളിൽ ഇത് വളരെ കൂടുതലായിരിക്കും. മറ്റ് രാജ്യങ്ങൾ പതിറ്റാണ്ടുകളായി നമ്മൾക്കെതിരെ തീരുവകൾ ഉപയോഗിക്കുന്നു, ഇപ്പോൾ തിരിച്ചടിക്കാൻ നമ്മുടെ ഊഴമാണ്. യൂറോപ്യൻ യൂണിയൻ, ചൈന, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത രാജ്യങ്ങൾ നമ്മളിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ വളരെ ഉയർന്ന നികുതിയാണ് അവർ നമ്മളിൽ നിന്ന് ഈടാക്കുന്നത്. ഇത് വളരെ  അന്യായമാണ്. ഇന്ത്യ നമ്മളിൽ നിന്ന് വാഹനങ്ങൾക്ക് 100 ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കുന്നു', ട്രംപ് കൂട്ടിച്ചേർത്തു.

പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുന്നതോടെ ലോക വ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അമേരിക്ക വ്യാപാര ബന്ധങ്ങൾ  പുനഃസ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, മറ്റ് രാജ്യങ്ങൾക്കും അവരുടെ ഇറക്കുമതി തീരുവ നയങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരിയിൽ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും, ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10% അധിക തീരുവയും ട്രംപ് പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം, അമേരിക്കയുടെ വ്യാപാര പങ്കാളികളായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവകൾ ചുമത്താൻ പദ്ധതിയിടുമ്പോഴും, ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് രംഗത്തെത്തി. ഇന്ത്യയുടെ കാർഷിക വ്യാപാര മേഖല തുറക്കണമെന്നും ലുട്‌നിക്ക് അഭിപ്രായപ്പെട്ടു. ഇന്ത്യാ ടുഡേ കോൺക്ലേവിൽ വെർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  പരസ്പര സഹകരണത്തിലൂടെ മാത്രമേ ഇരുവർക്കും ഗുണകരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയൂ എന്ന് ലുട്‌നിക്ക് പറഞ്ഞു.

ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഈ ആഴ്ച അമേരിക്ക സന്ദർശിച്ചിരുന്നു.  പരസ്പര സഹകരണത്തോടെയുള്ള ഉഭയകക്ഷി വ്യാപാര കരാറിൻ്റെ (BTA) ആദ്യ ഘട്ടം 2025 അവസാനത്തോടെ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്.  ഈ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇരു നേതാക്കളും മുതിർന്ന പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Trump criticizes India's high import tariffs and claims concessions were made after being exposed, while addressing new tariffs aimed at counteracting such policies.

#Trump #IndiaTariffs #USTradePolicy #ImportDuties #TradeRelations #POC

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia