Allegation | യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതിന് പിന്നില്‍ അട്ടിമറിയാണെന്ന ആരോപണവുമായി ഡോണള്‍ഡ് ട്രംപ്
വാഷിങ് ടന്‍: (KVARTHA) യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറിയതിന് പിന്നില്‍ അട്ടിമറിയാണെന്ന ആരോപണവുമായി മുന്‍ പ്രസിഡന്റും റിപബ്ലികന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. എക്‌സ് ഉടമ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം. തനിക്കു നേരെയുണ്ടായ വധശ്രമത്തെപ്പറ്റിയും ട്രംപ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
'തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ അദേഹം നിര്‍ബന്ധിതനായി. ബൈഡന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നു' എന്നും ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
അതൊരു വെടിയുണ്ടയായിരുന്നു. ചെവിയിലാണ് കൊണ്ടത്. വളരെ പെട്ടെന്നുതന്നെ എനിക്ക് മനസിലായി, ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ ഉണ്ടല്ലോ ഇവിടെ. ഞാന്‍ ചിന്തിക്കുന്നത് നമ്മളെല്ലാം അതേ കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നാണ്- എന്നും ട്രംപ് പറഞ്ഞു.
എക്‌സിലെ ശബ്ദ സംപ്രേക്ഷണത്തിനുള്ള സ്‌പേസ് എന്ന പ്ലാറ്റ് ഫോമിലാണ് അഭിമുഖം പോസ്റ്റ് ചെയ്തത്. അഭിമുഖം തുടങ്ങിയ സമയത്ത് 10 ലക്ഷത്തോളം പേര്‍ കേള്‍ക്കാനെത്തിയെങ്കിലും സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് 78 കാരനായ ഡൊണാള്‍ഡ് ട്രംപും റിപബ്ലികന്‍ പാര്‍ടിയും. ജോ ബൈഡന് യുഎസില്‍ പിന്തുണ കുറയുകയാണെന്നും അതിനാല്‍ ഡെമോക്രാറ്റുകള്‍ക്ക് അധികാരത്തുടര്‍ച ഉണ്ടാകില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്നു റിപബ്ലികന്‍സ്. ബൈഡന്‍ പിന്‍മാറിയതോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് നിലവിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം നടക്കുന്ന നിര്‍ണായക സംസ്ഥാനങ്ങളിലെല്ലാം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസിനു മുന്‍തൂക്കമെന്നുള്ള അഭിപ്രായ സര്‍വേകള്‍ പുറത്തുവരുന്നുണ്ട്. ജോ ബൈഡനു പകരം സ്ഥാനാര്‍ഥിയായി കമല രംഗപ്രവേശം ചെയ്തതോടെ, റിപബ്ലികന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിനുണ്ടായിരുന്ന മുന്നേറ്റം അവസാനിച്ചെന്നാണ് അഭിപ്രായ സര്‍വേ നിരീക്ഷകരായ റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് കണക്കുകള്‍.
ദേശീയ സര്‍വേകളിലെല്ലാം കൂടി ശരാശരി 0.5% പോയിന്റ് മുന്‍തൂക്കമാണ് കമല സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ ബൈഡന്‍ ട്രംപിനെക്കാള്‍ പിന്നിലായിരുന്ന വിസ് കോന്‍സെന്‍, മിഷിഗന്‍ എന്നീ സംസ്ഥാനങ്ങള്‍ കമല തിരിച്ചുപിടിച്ചു. ഈ രണ്ടിടത്തും പെന്‍സില്‍വേനിയയിലും 4% പോയിന്റ് മുന്നിലാണ് കമലയെന്നാണ് ന്യൂയോര്‍ക് ടൈംസിന്റെ ഏറ്റവും പുതിയ അഭിപ്രായ സര്‍വേ ഫലം.