TP Case | ടി പിയുടെ ആത്മാവിനെ പിടിച്ചുകെട്ടാനാവാതെ സിപിഎം; പ്രതികള്‍ക്കായി സര്‍ക്കാര്‍ ജയില്‍നിയമം അട്ടിമറിച്ചുവെന്ന് ആരോപണം; സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍

 
TP Chandrasekharan


കേസിലെ പ്രതി ട്രൗസര്‍ മനോജിന് ഇളവ് നല്‍കുന്നത് സംബന്ധിച്ച് പൊലീസ് ടിപിയുടെ ഭാര്യയും എം.എല്‍.എയുമായ കെകെ രമയെ വിളിച്ചകാര്യം പ്രതിപക്ഷനേതാവ് സഭയില്‍ ഉന്നയിച്ചതോടെ ഭരണപക്ഷം പ്രതിരോധത്തിലായി

ആദിത്യന്‍ ആറന്മുള

(KVARTHA) ടി.പി ചന്ദ്രഖേരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്ന് ഭയന്ന് സിപിഎം ഒളിച്ചോടിയെന്ന് ആക്ഷേപം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം വ്യാഴാഴ്ച സഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇരുവരും വ്യാഴാഴ്ച സഭയില്‍ ഹാജരായില്ല. മുഖ്യമന്ത്രിക്ക് പകരം എക്‌സൈസ് മന്ത്രി എംബി രാജേഷാണ് മറുപടി നല്‍കിയത്. ഇത് ഭരണകക്ഷിക്ക് വലിയ നാണക്കേടായി. 
TP Chandrasekharan

കേസിലെ പ്രതി ട്രൗസര്‍ മനോജിന് ഇളവ് നല്‍കുന്നത് സംബന്ധിച്ച് പൊലീസ് ടിപിയുടെ ഭാര്യയും എം.എല്‍.എയുമായ കെകെ രമയെ വിളിച്ചകാര്യം പ്രതിപക്ഷനേതാവ് സഭയില്‍ ഉന്നയിച്ചതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. ശിക്ഷായിളവിന് നീക്കമില്ലെന്ന് സ്പീക്കറെ കൊണ്ട് പോലും മുഖ്യമന്ത്രി പറയിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളാ പ്രിസണല്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസ് ആക്ട് 2010 , 78 (2) വകുപ്പ് അനുസരിച്ച് ഒരാളുടെ ശിക്ഷാ കാലാവധിയുടെ മൂന്നിലൊന്നില്‍ താഴെയായിരിക്കണം അയാള്‍ക്ക് ആകെ കൊടുക്കുന്ന പരോള്‍, ശിക്ഷാ ഇളവ്, ലീവ് എന്നിവ അനുവദിക്കാന്‍ പാടുള്ളൂ. 

എന്നാല്‍ ടിപി കേസിലെ പ്രതികള്‍ മിക്കവാറും പുറത്താണ്. പരോളിലാണ്. ഇനി അവര്‍ക്ക് പരോള്‍ നല്‍കാനൊക്കില്ല. അതുകൊണ്ട് ഈ മാസം 22ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പ്രിസണ്‍ ആക്ടിലെ 78(2) വകുപ്പ് എടുത്ത് കളഞ്ഞു. ഇത് ടിപി കേസിലെ പ്രതികള്‍ക്ക് വേണ്ടി മാത്രമാണെന്ന് വ്യക്തം. നിയമസഭ പസാക്കിയ ഒരു പ്രൊവിഷന്‍ ഗവണ്‍മെന്റ് ഉത്തരവിലൂടെ റദ്ദാക്കാന്‍ എന്ത് അധികാരമാണ് സര്‍ക്കാരിനുള്ളത്.

പ്രതികളെ വിട്ടിയ്ക്കുന്നതിന് മുന്നോടിയായുള്ള ക്ലിയറന്‍സ് തേടി ജയില്‍ സൂപ്രണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് കത്തയച്ചതെന്തിനാണെന്ന് കത്തിന്റെ പകര്‍പ്പ് സഹിതം പ്രതിപക്ഷനേതാവ് സഭയില്‍ ചോദിച്ചു. ചൊക്ലി പൊലീസ് മുഹമ്മദ് ഷാഫിക്ക് വേണ്ടി കെകെ രമയെ ഫോണില്‍ വിളിച്ച് മൊഴിയെടുത്തു. പാനൂര്‍ പൊലീസ് മറ്റൊരു പ്രതിയായ ശ്രീജിത്തിന് വേണ്ടി എംഎല്‍എയുടെ ഓഫീസിലെത്തി മൊഴിയെടുത്തു. ട്രൗസര്‍ മനോജിന് വേണ്ടി കൊളവല്ലൂര്‍ പൊലീസ് ബുധനാഴ്ച വൈകുന്നേരം രമയുടെ മൊഴി ഫോണിലൂടെ എടുത്തു. ഇതൊക്കെ അഭ്യൂഹമാണെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് കാര്യമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതോടെ ഭരണകക്ഷി അംഗങ്ങള്‍ ബഹളം വെച്ചു. 

പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ സ്പീക്കറുടെ ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടു. സ്വര്‍ണക്കടത്ത് അടക്കമുള്ള നിരവധി ക്രിമിനല്‍ക്കേസിലെ പ്രതികളെ രക്ഷപെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ മലക്കംമറിഞ്ഞു. ഇളവ് നല്‍കാനുള്ളവരുടെ പട്ടികയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയതിന് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. അനര്‍ഹരെ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രതിപക്ഷനേതാവ് സബ്മിഷന് പകരം അടിയന്തരപ്രമേയം പോലെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചെന്നും അതിനാല്‍ പലതിനും മറുപടി നല്‍കണമെങ്കില്‍ രേഖകള്‍ പരിശോധിക്കണമെന്നും പറഞ്ഞ് മന്ത്രി തടിതപ്പി. ഈമാസം മൂന്നിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി എന്നിട്ടും പൊലീസ് എന്തിന് രമയുടെ മൊഴിയെടുത്തു. അതുകൊണ്ട് സര്‍ക്കാരിപ്പോഴും പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തി.

ടിപി കേസിലെ പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ ഇടപെടില്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണെന്നാണ് വിമർശനം. എന്നിട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അവര്‍ക്ക് ഉചിതമായ സ്ഥാനക്കയറ്റവും നല്‍കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ രീതിയെന്നും ആക്ഷേപമുണ്ട്. ടിപി കേസിലെ പ്രതികള്‍ക്ക് വേണ്ടി പലതവണ വഴിവിട്ട് ഇളവ് നല്‍കിയിട്ടുണ്ട്. അന്തരിച്ച പികെ കുഞ്ഞനന്തന്‍ അടക്കമുള്ളവര്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കിയിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കിയാണ് ഈ പ്രതികള്‍ 20 കൊല്ലത്തെ കാലാവധി പൂര്‍ത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. 

അതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് ആരോപണം. കണ്ണൂരിലെ സിപിഎം ഗ്രൂപ്പ് പോരും ഈ വിഷയത്തിന്റെ ഭാഗമാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ജയില്‍ ഉപദേശകസമിതിയിലുള്ള ചിലരുടെ നിര്‍ദ്ദേശത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥര്‍ ടിപി കേസ് പ്രതികളുടെ പേര് ശിക്ഷാ ഇളവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന ശക്തമായ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണിത്. ജില്ലയിലെ നേതാക്കളില്‍ പലര്‍ക്കും ക്വാറി, സ്വര്‍ണക്കടത്ത്, പലിശ സംഘങ്ങള്‍, മയക്കുമരുന്ന് മാഫിയ എന്നിവരുമായി അടുത്തബന്ധമുണ്ടെന്ന ആക്ഷേപവും ശക്തമാണ്. 

അതിന് തടയിടാന്‍ ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നെന്ന സൂചന ലഭിച്ചതോടെയാണ് ഈ വിഷയം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നാണക്കേടായി ടിപി വധം മാറിയിരിക്കുന്നു. മറ്റ് കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്തമായി യഥാര്‍ത്ഥ പ്രതികളെ പൊലീസ് പിടികൂടിയതാണ് പാര്‍ട്ടിയെ കുഴപ്പിച്ചത്. സാധാരണ പാര്‍ട്ടി നല്‍കുന്ന പ്രതികളെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. അവരെല്ലാം വിചാരണയില്‍ രക്ഷപെടുകയുമായിരുന്നു പതിവ്. അതിന് തടയിട്ടത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമാണ്.

 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia