ചികിത്സാപ്പിഴവിനെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്ന ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രതിഷേധം
ADVERTISEMENT
● അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു
● ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച എന്നീ സംഘടനകൾ പ്രതിഷേധത്തിന് നേതൃത്വം നൽകി
● കുറ്റക്കാരായ ഡോക്ടർമാരെ സംരക്ഷിക്കില്ലെന്ന് മാനേജ്‌മെൻ്റ് ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു
പയ്യന്നൂർ: (KVARTHA) പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് അബോധാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്ന ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എരമം സൗത്ത് നടുവിലെക്കുനി സ്വദേശിയും പ്രവാസിയുമായ സുരാജ് താത്തയിലിൻ്റെയും എറണാകുളം ഐടി പാർക്ക് ജീവനക്കാരി എൻ വിജിഷയുടെയും ഏക മകൻ ദേവാൻഷ് ഷൗര്യയാണ് മരിച്ചത്. എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ദമ്പതികൾക്ക് ജനിച്ച കുട്ടിയാണിത്.
ചികിത്സയ്ക്കിടെ സംഭവിച്ചത്
കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ കളിക്കുന്നതിനിടെ വീണ് താടിയിലേറ്റ ചെറിയ മുറിവിന് ചികിത്സതേടിയാണ് രക്ഷിതാക്കൾ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിയത്. മുറിവ് തുന്നുന്നതിന് അനസ്തേഷ്യ നൽകാൻ ഡോക്ടർ നിർദേശിച്ചു. അനസ്തേഷ്യ നൽകിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
ഉടൻ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കുട്ടി മരിച്ചു. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമരം അവസാനിപ്പിച്ചത് ഇങ്ങനെ
ചികിത്സാപ്പിഴവിൽ പ്രതിഷേധിച്ച് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച എന്നീ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളും കുട്ടിയുടെ മൃതദേഹം വെച്ച് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
കുഞ്ഞിൻ്റെ പിതൃസഹോദരൻ ഡോ. അജിത്തുമായി പയ്യന്നൂർ പൊലീസ് ചർച്ച നടത്തി. പീഡിയാട്രിഷ്യൻ ഡോ. ആശാ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരെ കൂടി പ്രതിചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികളായ ഡോക്ടർമാരെ സംരക്ഷിക്കില്ലെന്ന് പൊലീസ് സാന്നിധ്യത്തിൽ മാനേജ്‌മെൻ്റ് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: A 1.5-year-old boy, Devansh Shourya, passed away following alleged medical negligence during a minor procedure at Payyannur Baby Memorial Hospital. The child had been on a ventilator after developing complications during anesthesia for a chin wound treatment.
#Payyannur #MedicalNegligence #JusticeForDevansh #KeralaNews #HospitalProtest #CrimeNews #Kannur #AmmuNews
