'കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും, ചീമേനി കേസിലെ പ്രതികൾ ഇന്നാരും ജീവനോടെയില്ല'; പയ്യന്നൂരിൽ വിവാദ പ്രസംഗവുമായി ടി ഐ മധുസൂദനൻ
ADVERTISEMENT
● വിധിയിൽ മഹ്‌മൂദ് ദർവീഷിൻ്റെ കവിത ഉദ്ധരിച്ച ജഡ്ജിയെ അദ്ദേഹം വിമർശിച്ചു.
● ഭരണകൂട താൽപര്യത്തിന് വേണ്ടി ജുഡീഷ്യറി ഇടതുപക്ഷത്തെ ചവിട്ടിത്താഴ്ത്തുന്നുവെന്ന് ആരോപണം.
● കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി തള്ളിയതിനെയും പ്രസംഗത്തിൽ ചോദ്യം ചെയ്തു.
● ചീമേനി കേസിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്നാരും ജീവനോടെയില്ലെന്ന് പരാമർശം.
പയ്യന്നൂർ: (KVARTHA) സി.വി. ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ വിമർശിച്ചും രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയും പയ്യന്നൂർ മുൻ എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചീമേനിയിൽ സിപിഎം പ്രവർത്തകരെ ചുട്ടുകൊന്ന പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓർമിക്കുന്നത് നല്ലതാണെന്നും ചൂണ്ടിക്കാണിച്ച മധുസൂദനൻ, കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കുമെന്നും പ്രസംഗത്തിനിടെ പറഞ്ഞു.
മഹ്‌മൂദ് ദർവീഷിൻ്റെ കവിതയും ജുഡീഷ്യറിക്കെതിരായ ആരോപണവും
'മഹാനായ ജഡ്ജി മഹ്‌മൂദ് ദർവീഷിൻ്റെ കവിതകളൊക്കെ ഉദ്ധരിച്ചു. അദ്ദേഹത്തിന് നല്ല തണുപ്പിലിരുന്ന് കവിതകളൊക്കെ ഉദ്ധരിക്കാം. ഇടതുപക്ഷത്തിൻ്റെ പോരാട്ടവീര്യത്തെ ഇങ്ങനെ തടവും ശിക്ഷയും കൊടുത്ത് ഇല്ലാതാക്കാം എന്ന് വിചാരിച്ച് സങ്കൽപ തോണിയിൽ സഞ്ചരിക്കാം.
ഭരണകൂട താൽപര്യത്തിന് വേണ്ടി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്തുക എന്ന നയം തന്നെയാണ് ഈ ഭരണകൂടത്തിൻ്റെ ഭാഗമായ ജുഡീഷ്യറിയും നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് ഭാഗ്യം' എന്നായിരുന്നു ടി.ഐ. മധുസൂദനൻ്റെ പ്രസംഗം. സിപിഎം എഴുതിക്കൊടുത്തിട്ടാണോ ഇന്ന പ്രതികൾ ശിക്ഷിക്കണമെന്ന് ജഡ്ജി നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'ധനരാജിൻ്റെ അയൽവാസിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കേസിലെ ഒന്നാം സാക്ഷി. അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായത് ധനരാജ് കൊല്ലപ്പെട്ടതിന് ശേഷമാണ്. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമില്ല. അദ്ദേഹം സിപിഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയാണ്, സഹകരണ ബാങ്ക് ജീവനക്കാരനാണ്, ഈ രാഷ്ട്രീയത്തിൻ്റെ മുഖ്യവക്താവാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. നിങ്ങൾ അംഗീകരിക്കണ്ട. ഈ കോടതികളും ഞങ്ങളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്.
അഞ്ച് പേരെ ചുട്ടുകൊന്നിട്ടുള്ള ചീമേനിയിലെ സംഭവത്തിൽ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല എന്ന കാര്യം. പക്ഷെ അവരാരും ഇന്ന് ജീവനോടെയില്ല എന്ന കാര്യം ഈ ഭരണകൂടം ഓർമിക്കുന്നത് നല്ലതാണ്. ഞങ്ങളാരും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തീർക്കും. അതിലൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല' എന്നും ടി.ഐ. മധുസൂദനൻ പറഞ്ഞു.
സമൂഹമാധ്യമ വിമർശകർക്ക് മുന്നറിയിപ്പ്; ക്ഷമ പരീക്ഷിക്കരുതെന്ന് പരാമർശം
'ഞങ്ങളെ പരിഹസിക്കുന്ന സമൂഹമാധ്യമ ജീവിതങ്ങളില്ലേ. ഞങ്ങൾ എന്തെഴുതിയാലും ചോദിക്കാനും പറയാനും പയ്യന്നൂരിൽ ആളുകളില്ല എന്നാണ് അവർ വിചാരിക്കുന്നത്. നിൻ്റെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തത് കൊണ്ടാണ്. നീയൊക്കെ തെരുവിൽ ഇറങ്ങുമ്പോൾ ചിലതൊക്കെ വരവരച്ച് നിർത്തി ചോദിക്കും' എന്നും പ്രസംഗത്തിൽ ടി.ഐ. മധുസൂദനൻ മുന്നറിയിപ്പ് നൽകി.
'കിട്ടേണ്ടത് കിട്ടിയിരിക്കും, ഞങ്ങളുടെയൊന്നും ക്ഷമ പരീക്ഷിച്ച് ഒരാളും മുന്നോട്ട് പോകേണ്ടതില്ല. ഇടതുപക്ഷ രാഷ്ട്രീയത്തെയും അവരുടെ കുടുംബങ്ങളെയും പ്രസ്ഥാനത്തെയും സമൂഹമാധ്യമ പ്രതികരണങ്ങളിൽ വേട്ടയാടി ഇല്ലാതാക്കാൻ സാധിക്കുമെന്ന് ധരിക്കുന്നവർ നന്നായി ആലോചിച്ചിട്ട് എഴുതിയാൽ മതി' എന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Former Payyannur MLA and CPM Kannur district secretariat member T.I. Madhusoodanan sparked controversy with his speech at a DYFI Koothuparamba martyrs' commemoration event in Payyannur.
#Kvartha #TIMadhusoodanan #PayyannurNews #KannurPolitics #DhanarajCase #CPIM #KeralaNews #MalayalamNews #AmmuNews
