Controversy | തൃശൂർ പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; എഡിജിപി അജിത്കുമാറിന്റെ വീഴ്ചകള്‍ ഡിജിപി അന്വേഷിക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്
● അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങൾ ഗൗരവമായാണ് കണ്ടത്
● സംശയിക്കാൻ ഉള്ള അനേകം കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്
തിരുവനന്തപുരം: (KVARTHA) തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ത്രിതല അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
കേരളത്തിൻ്റെ തനതായ സാംസ്കാരിക അടയാളമാണ് തൃശൂർ പൂരം. മതസൗഹാർദവും സഹവർത്തിത്വവും വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിലാണ് രണ്ടു നൂറ്റാണ്ടിലേറെയായി ഈ നാട് തൃശൂർ പൂരം കൊണ്ടാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്ന് എക്സിബിഷന്റെ ഘട്ടത്തിലായിരുന്നു. തറവാടകയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അത്. ആ ഘട്ടത്തിൽ ഇടപെട്ട് പരിഹാരം ആവുകയും ചെയ്തു.
തൃശൂർപൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദേവസ്വങ്ങൾ എല്ലാം അതിൽ സന്തോഷം രേഖപ്പെടത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായി ആനകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉയർന്നു വന്നു. അതും നല്ല രീതിയിൽ പരിഹരിക്കാനായി. എല്ലാ വിഭാഗം ജനങ്ങളും അണിചേരുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന പൂരം കേരളത്തിൻ്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്ന് എന്ന നിലയിൽ കുറ്റമറ്റ നിലയിൽ നടത്താൻ സർക്കാർ എല്ലാ തരത്തിലും തയാറെടുപ്പുകൾ നടത്തിയിരുന്നു.
ഇത്തവണ പൂരം ഏറ്റവും ഗംഭീരമായി തന്നെയാണ് ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഘട്ടമായിരുന്നു അത്. ആ സമയത്തും, ജനങ്ങൾ വൻതോതിൽ പൂര നഗരിയിലെത്തി ആഘോഷങ്ങളിൽ പങ്കുകൊണ്ടു. എന്നാൽ, അവസാന സമയത്ത്, ചില വിഷയങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട് പുരം അലങ്കോലപ്പെടുത്താനുള്ള ചില ശ്രമങ്ങൾ ഉണ്ടായി എന്നത് സർക്കാർ ഗൗരവമായാണ് കണ്ടത്. അങ്ങനെയാണ് അതിനെക്കുറിച്ച് ഒരു അന്വേഷണം സമഗ്രമായി നടക്കണമെന്ന് സർക്കാർ നിശ്ചയിക്കുകയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ ചുമലതപ്പെടുത്തുകയും ചെയ്തത്.
അന്വേഷണത്തിൻ്റെ റിപ്പോർട്ട് സെപ്തംബർ 23ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിക്കുച്ചു. ആ റിപ്പോർട്ട് സെപ്തംബർ 24 ന് എനിക്ക് ലഭിച്ചു. പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതാനാവില്ല. ഇവിടെ പലതരത്തിലുള്ള നിയന്ത്രണങ്ങൾ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എക്സ്പ്ലോസീവ് ആക്ട്, പെസോ (PESO) റഗുലേഷനുകൾ, വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻറെ ശിപാർശകൾ, മറ്റു നിയമപരമായ നിബന്ധനകൾ, ഹൈക്കോടതി ഉത്തരവുകൾ എന്നിവ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന ഒരു കാര്യം വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതാണ്. അങ്ങനെ സംശയിക്കാൻ ഉള്ള അനേകം കാര്യങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ട്. ഇക്കാര്യങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ ഒരു കണ്ടെത്തൽ.
അതുൾപ്പെടെ അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കൽ അനിവാര്യമായ കാര്യമാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ല. ഇത് കേവലം ഒരു ആഘോഷവുമായോ ഉത്സവവുമായോ ബന്ധപ്പെട്ട പ്രശ്നമായി ചുരുക്കി കാണാനാവില്ല. കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമാണ്. ആ നിലയിൽ തന്നെയാണ് സർക്കാർ ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
#ThrissurPooram #Kerala #investigation #allegations #festival #controversy
