Election Defeat | ചാഴികാടനും രാജാവ് നഗ്നനാണന്ന് പറയാനുള്ള ധൈര്യം ഇപ്പോൾ കിട്ടിയിരിക്കുന്നു

 
ELECTION DEFEAT
ELECTION DEFEAT


നവ കേരളാ സദസിൽ റബറിന്റെ കാര്യം പറഞ്ഞപ്പോൾ  വേദിയിൽ നിന്നും തോമസ് ചാഴികാടനെ മുഖ്യമന്ത്രി അപമാനിച്ചത് ഇന്നും ജനം മറന്നിട്ടുണ്ടാകില്ല

 കെ ആർ ജോസഫ് 

(KVARTHA) പൂച്ചയ്ക്കാര് മണികെട്ടും എന്ന് വിചാരിക്കുമ്പോഴാണ് ഒരാൾ മണിയും കൊണ്ട് വന്നിരിക്കുന്നത്. പിന്നെ അങ്ങോട്ട് മണികെട്ടുന്നതിന്റെ പെരുന്നാൾ പോലെയാണ്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലെ കോട്ടയം ലോക് സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയും മുൻ കോട്ടയം എം.പിയും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവുമായ തോമസ് ചാഴികാടൻ ഇപ്പോൾ പറയുന്നു തന്റെ പരാജയത്തിന് മുഖ്യമന്ത്രിയും കാരണമായെന്ന്. 

ELECTION DEFEAT

എൽഡിഎഫിന്റെ തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി അടക്കം നിലപാട് എടുത്തപ്പോഴാണ് ചാഴികാടൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്. കോട്ടയത്തെ തോൽവിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകൾ കൂടിയാണ്. പാലായിൽ വച്ച് നടന്ന നവകേരള സദസിൽ റബറിന്റെ താങ്ങുവില വർധിപ്പിക്കൽ, പാലാ നഗരസഭാ സ്റ്റേഡിയം നവീകരണം, ചേർപ്പുങ്കൽ പാലം പൂർത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞതിന് തന്നെ പരസ്യമായി ശകാരിച്ചതും തോൽവിക്ക് കാരണമായി, കിട്ടേണ്ട പല സിപിഎം വോട്ടുകളും ലഭിച്ചിട്ടില്ല, അതെങ്ങനെ മാറിപ്പോയി എന്നൊക്കെ വിശദമായി അന്വേഷിക്കണമെന്നാണ് ചാഴികാടൻ ഉന്നയിച്ചത്.

കനത്ത തോൽവി നേരിട്ട സ്ഥിതിക്ക് ഇനി താൻ എന്തിന് ഇതൊക്കെ മറച്ചു വയ്ക്കണം എന്നും  ചാഴികാടൻ യോഗത്തിൽ പറഞ്ഞതായാണ് വാർത്തകൾ. ഇത് ജനങ്ങളെ സേവിക്കാനോ അവരെ കേൾക്കാനോ അവരുടെ പ്രശ്നം പരിഹരിക്കാനോ ഉള്ള യാത്ര അല്ല എന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞത് ചാഴിക്കാടന് ഇപ്പോൾ തിരിഞ്ഞു എന്ന് വ്യക്തം. ഒരിക്കലും കോട്ടയത്ത്  തോൽക്കേണ്ട ആളായിരുന്നില്ല തോമസ് ചാഴികാടൻ. നല്ല പ്രവർത്തന മികവ് പുലർത്തിയ മികവുറ്റ എം പി ആയിരുന്നിട്ടും തോറ്റു പോയി. ഇത് ശരിക്കും വിഷമകരമായ വസ്തുത തന്നെയാണ്. നവ കേരളാ സദസിൽ റബറിന്റെ കാര്യം പറഞ്ഞപ്പോൾ  വേദിയിൽ നിന്നും തോമസ് ചാഴികാടനെ മുഖ്യമന്ത്രി അപമാനിച്ചത് ഇന്നും ജനം മറന്നിട്ടുണ്ടാകില്ല. 

അന്ന് തോമസ് ചാഴികാടനോ അവരുടെ പാർട്ടിയിലെ നേതാക്കളോ ഇതിനെതിരെ ഒരു അക്ഷരം എങ്കിലും പറയാനോ പ്രതികരിക്കാനോ തയാറായില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ എവിടെയോ ഉള്ള ഫ്രാൻസിസ് ജോർജ് കോട്ടയത്ത്‌ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു, ഇനി പറഞ്ഞിട്ട് കാര്യമില്ല, അനുഭവിക്കുക തന്നെ. മുഖ്യമന്ത്രി  പിണറായി പരസ്യമായി വഴക്കു പറഞ്ഞപ്പോൾ, സ്ഥലം എം പി എന്ന നിലയിൽ ചാഴികാടൻ  തിരിഞ്ഞു നിന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒരു ലക്ഷം വോട്ട് ചുമ്മാ കിട്ടിയേനെ. പറഞ്ഞിട്ട് കാര്യമില്ല. അന്ന് ചാഴികാടനും കൂട്ടരും കാട്ടിയതിൻ്റെ പേരാണ് അടിമത്തമെന്ന് വിമർശനം ഉയർന്നിരുന്നു. 

ഇപ്പോഴെങ്കിലും തനിക്ക് പറ്റിയ പാളിച്ച തിരിച്ചറിഞ്ഞത് നന്നായി. രാജാവ് നഗ്നനാണന്ന് പറയാനുള്ള ധൈര്യം പ്രജകൾക്ക് കിട്ടിത്തുടങ്ങി എന്ന് അർത്ഥം. 100 ശതമാനം ശരിയായ രീതിയിൽ തന്നെ ചാഴികാടന്റെ  കരണത്ത് കൊടുത്ത കാരണഭൂതൻ രാജാവിന് ചെള്ളക്ക് തന്നെ കൊടുക്കണം. കള്ള മാണീ എന്നു കെ എം മാണിയെ അന്ന് കേരളമാകെ വിളിച്ച് ഒരു ബജറ്റവതരിപ്പിക്കാൻ പോലും സമ്മതിക്കാതെ കേരളത്തിന്റെ എക്കാലത്തെയും മികച്ച ധനകാര്യമന്ത്രിയായ കെ എം മാണിയെ സഭക്കകത്തും പുറത്തും തടഞ്ഞ് ഇത്രയേറെ ദ്രോഹിച്ച സിപിഎമ്മിൻ്റെ കൂടെ അദ്ദേഹത്തിൻ്റെ പാർട്ടി ചേർന്നതിൻ്റെ ശിക്ഷയോ ഇതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. 

ആരൊക്കെ ഇവർക്കൊപ്പം കൂടിയാലും കെ എം മാണിയുടെ ആത്മാവിന് ക്ഷമിക്കാൻ പറ്റുമോ എന്ന് ചിന്തിക്കേണ്ടത് ചാഴികാടനും സ്വന്തം പാർട്ടിയും നേതാക്കളുമാണ്. പാലായിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പരാജയപ്പെട്ടതുപോലും സി.പി.എമ്മിൻ്റെ ആത്മാർത്ഥതയില്ലായ്മ അല്ലേ വ്യക്തമാക്കുന്നത്? സി.പി.എം പാലായിൽ കൃത്യമായി വോട്ട് ചെയ്തിരുന്നെങ്കിൽ ജോസ് കെ മാണി അവിടെ വിജയിക്കുമായിരുന്നു എന്നത് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ഇപ്പോഴെങ്കിലും ചാഴികാടൻ മനസിലാക്കി പറഞ്ഞത് കൊള്ളാം. 

ഈ മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയോട് പറഞ്ഞ ഒരു വാക്കുണ്ട്. 'കൂടുതൽ നാറുന്നതിനു മുമ്പ് ഇറങ്ങി പോകുന്നതാണ് നല്ലത്', എന്ന്. ഇപ്പോൾ ഇത് ഏറ്റവും യോജിക്കുന്നത് മുഖ്യമന്ത്രിക്ക്  തന്നെയാകുന്നു. കാരണം കാരണഭൂതൻ എന്നും ദൈവമെന്നും ഒക്കെ വിശേഷിപ്പിച്ച സ്വന്തം പാർട്ടിക്കാർ മുഖ്യമന്ത്രിയെ ജില്ലകൾ തോറും കമ്മിറ്റികൾ വിളിച്ചു ചേർത്ത് ആക്ഷേപിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. പോരാത്തതിന് ഇപ്പോൾ ഘടക കക്ഷികളുടെ വക വേറെയും. ഉമ്മൻ‌ചാണ്ടിക്ക് എതിരെ ഒരു സരിതയെകൊണ്ട് ഇല്ലാത്ത നുണകൾ പറയിച്ചു എന്നല്ലാതെ കോൺഗ്രസോ മറ്റു  ഘടക കക്ഷികളോ ഒരു ആക്ഷേപവും പറഞ്ഞില്ല. ഇപ്പോൾ മുഖ്യമന്ത്രിയെ സ്വന്തം പാർട്ടിക്കാരും ഘടക കക്ഷികളും എടുത്തിട്ട് പെരുമാറുന്നു എന്നതാണ് സത്യം.  

രാജാവായി നടന്ന മനുഷ്യന് ഇപ്പോൾ മത്തിയുടെ വില പോലും ഇല്ല എന്ന് പറയുന്ന പോലെയായിരിക്കുന്നു കാര്യങ്ങൾ. പരാജയത്തിന്റെ യഥാർത്ഥ കാരണം പഠിക്കാതെ ആരുടെയെങ്കിലും തലയിൽ സ്വന്തം പരാജയം കെട്ടിവെക്കാൻ ശ്രമിക്കുന്നതും ശരിയല്ല. കോട്ടയം മണ്ഡലത്തിൽ ഉള്ള കേരള കോൺഗ്രസ്‌ മാണി വോട്ടുകൾ പൂർണമായും ചാഴികാടന്  നേടാൻ കഴിഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കണം. മണ്ഡലത്തിന്റെ എറണാകുളം ജില്ലയിൽ നിന്നും ഉള്ള മണ്ഡലങ്ങളിൽ നിന്നും കേരള കോൺഗ്രസ്‌ പൂർണമായും ചാഴികാടന്  വോട്ടുകൾ പോൾ ചെയ്യിപ്പിച്ചോ എന്നും കണക്കാക്കേണ്ടതാണ്. 

പിറവത്ത് ചാഴികാടൻ്റെ പാർട്ടിയിൽ പെട്ട ഒരു നേതാവിൻ്റെ നേതൃത്വത്തിൽ തന്നെ എല്ലാവർക്കും ബീഫ് സദ്യ  വിളമ്പി ചാഴികാടൻ്റെ പരാജയം ആഘോഷിച്ചതും മാധ്യമങ്ങളിൽ കണ്ടതാണ്. ഇതൊന്നും നോക്കാതെ വെറുതെ തോൽവിക്ക് ഒരു കാരണം കണ്ടെത്താൻ ശ്രമിക്കരുത് എന്നും അഭ്യർത്ഥിക്കുകയാണ്. അങ്ങു കോട്ടയത്ത് തോറ്റു എങ്കിലും ചങ്ങനാശ്ശേരിയിൽ കിട്ടിയ പതിനാറായിരം വോട്ട് കൊണ്ട് ആണ് കൊടിക്കുന്നിൽ മാവേലിക്കരയിൽ ജയിച്ചത് എന്നും ഓർമ്മിപ്പിക്കുന്നു. അവിടുത്തെ എം.എൽ.എ അങ്ങയുടെ പാർട്ടിയിൽപ്പെട്ട ജോബ് മൈക്കൾ ആണെന്നതും മറക്കരുത്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia