Manipur Violence | ഇത് മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ ശബ്ദം; റബറിന് 300 രൂപയാക്കിയാൽ പിന്തുണയ്ക്കുമെന്ന് പറഞ്ഞവർക്കുള്ള താക്കീതോ?
![Manipur](https://www.kvartha.com/static/c1e/client/115656/uploaded/7329b430b78efaa336a5bae017dab57d.jpg?width=730&height=420&resizemode=4)
![Manipur](https://www.kvartha.com/static/c1e/client/115656/uploaded/7329b430b78efaa336a5bae017dab57d.jpg?width=730&height=420&resizemode=4)
'60000 ആളുകൾ ഭവന രഹിതരായി. ആയിരക്കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു'
സോണി കല്ലറയ്ക്കൽ
(KVARTHA) മണിപ്പൂരിൽ ഒരു ബി.ജെ.പി എംപി ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന് മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നുവോ? ഇപ്പോൾ അവിടെ നിന്നും ഒരു കോൺഗ്രസ് എം.പി ഉണ്ടായപ്പോൾ അവിടുത്തെ പ്രശ്നങ്ങൾ പാർലമെൻ്റിൽ മുഴങ്ങുകയാണ്. മണിപ്പൂരിൽ നിന്നും പീഡിപ്പിക്കുന്ന ജനങ്ങളുടെ ശബ്ദം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ മുഴങ്ങുന്നു എന്ന് വേണം പറയാൻ. ഇത് ഇവിടെ ബി.ജെ.പി യ്ക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ച ബിഷപ്പുമാർക്കും കേൾക്കാൻ വേണ്ടിയുള്ളതാണെന്നും പറയുന്നവരുണ്ട്. ഇത് കഴിഞ്ഞ ദിവസം പാർലമെന്റിനെ പിടിച്ച് കുലുക്കിയ ഒരു പ്രസംഗം തന്നെയായിരുന്നു.
മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എം.പി അംഗോച ബിമോൾ അകോയിജംൻ്റെ വൈകാരികമായ പ്രസംഗത്തിൽ അദേഹം മണിപ്പൂരിലെ അവസ്ഥയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ നരേന്ദ്ര മോദി സർക്കാരിൻ്റെ മൗനം സാധാരണമല്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും അതിനെക്കുറിച്ച് ഒരു വാക്ക് പോലുമില്ല. ആളുകൾ ആയുധം ധരിച്ച് കറങ്ങിനടക്കുന്നു. സർക്കാർ നിശബ്ദ കാഴ്ചക്കാരായി തുടരുകയാണ്. ഈ നിശബ്ദത സാധാരണമല്ല. ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 60000 ആളുകൾ ഭവന രഹിതരായി. ആയിരക്കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. സംസ്ഥാനം സിവിൽ പോലീസിനെക്കാൾ കൂടുതൽ സായുധ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സർക്കാരിന് അൽപ്പമെങ്കിലും ആശങ്കയുണ്ടെങ്കിൽ അക്രമ സംഭവങ്ങളിൽ ഈ മൗനം തുടരില്ലായിരുന്നു'.
ഇങ്ങനെയാണ് മണിപ്പൂരിലെ എം.പി അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ച് പാർലമെൻ്റിൽ വിശദീകരിച്ചത്. ഇത് ഇത്തവണയും മൂന്നാമത് അധികാരത്തിലേറിയ എൻഡിഎ സർക്കാരിന് കരണത്തിനേറ്റ അടിയായിരുന്നുവെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇത്രയും എം.പി പറഞ്ഞിട്ടും പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നതാണ് പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നത്. മണിപ്പൂർ ഇൻഡ്യയിൽ ആണോയെന്ന് പോലും അറിയാൻ മേലാതെ ഇരിക്കുന്ന ഭരണപക്ഷത്തെ ആണ് ഇവിടെ കാണാൻ കഴിയുന്നതെന്ന് പ്രതിപക്ഷം വിമർശിക്കുന്നു.
മണിപ്പൂർ എം.പി അംഗോച ബിമോൾ അകോയിജംൻ്റെ പാർലമെൻ്റിലെ ഈ വാക്കുകൾ ഇവിടുത്തെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാർക്കും കൂടിയുള്ള താക്കീത് കൂടിയാണ്. റബറിന് 300 രൂപ ആക്കിയാൽ അവർ ആരായാലും അവരെ പിന്തുണയ്ക്കാൻ തയ്യാർ എന്ന് പറഞ്ഞവരാണ് ഇവിടുത്തെ ബിഷപ്പുമാർ. സ്വന്തം സമുദായത്തിൽപ്പെട്ടവർ കൂട്ടക്കൊലയ്ക്ക് വിധേയമാകുന്നതൊന്നും കണ്ടിട്ടില്ലെന്ന ഭാവത്തിലാണ് ഇവരുടെ ഇരിപ്പ് . അവർക്കും കൂടിയുള്ള സന്ദേശമാണ് എം.പി യുടെ പാർലമെൻ്റിലെ വാക്കുകൾ എന്ന് സാമൂഹ്യ മാധ്യമങ്ങളിലും അഭിപ്രായം ഉയർന്നു. തൃശൂരും തിരുവനന്തപുരത്തുമൊക്കെ ബി.ജെ.പി ജയിക്കണമെന്ന ആഗ്രഹിച്ചവരാണ് ഈ വാക്കുകൾ ശ്രദ്ധിക്കേണ്ടത്.
സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി എന്ത് ഹീനകൃത്യം ചെയ്യുന്നവരുമായും കൂട്ടു ചേരുന്ന ആളുകൾ മണിപ്പൂരിലെ യഥാർത്ഥ അവസ്ഥ ഒന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും. തൃശൂരിൽ ക്രിസ്ത്യാനികളുടെ രക്ഷകനായി അവതരിച്ച് അവിടെ നിന്നും ലോക് സഭയിലേയ്ക്ക് ജയിച്ച സുരേഷ് ഗോപിയ്ക്ക് പോലും ഇക്കാര്യത്തിൽ ആരെയും സഹായിക്കാൻ പറ്റില്ലെന്ന് തെളിയിക്കുന്നതല്ലേ ഇപ്പോൾ ഈ വിഷയത്തിൽ പ്രധാനമന്ത്രി നടത്തുന്ന മൗനം?. അവർ ആഗ്രഹിച്ചത് ഒരിടത്തും അവർക്ക് നടപ്പാക്കാൻ പറ്റാതിരിക്കത്തില്ലല്ലോ. അവർ ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിലാക്കണമെങ്കിൽ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിൽ അടിപ്പിക്കണം. രണ്ട് മുട്ടനാടുകളെക്കൊണ്ട് പരസ്പരം കൂടിയിടിപ്പിച്ച് നടുക്കിരുന്ന് ചോര കുടിക്കുന്ന തന്ത്രമാണ് ഇവിടെ സംഘപരിവാർ സ്വീകരിച്ചു പോരുന്നതെന്ന ആക്ഷേപം കാലങ്ങളായി ഉയരുന്നു.
ഇന്ന് വർഗീയത പരത്തി ക്രിസ്ത്യാനികൾക്ക് മുസ്ലിം വിരോധം കൂടുതലാക്കിയിരിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതിന് പിന്നിൽ കരുക്കൾ നീക്കുന്ന ആളുകളുടെ വലയിൽ ക്രിസ്ത്യൻ ബിഷപ്പുമാരും അച്ചന്മാരും ഒക്കെ വീണുപോയിരിക്കുന്നു. അവർക്കുള്ള വ്യക്തമായ മറുപടിയാണ് ഈ കോൺഗ്രസ് എം.പിയുടെ വാക്കുകൾ. അയോധ്യയിൽ പള്ളിപൊളിച്ച് ക്ഷേത്രം നിർമ്മിച്ചപ്പോൾ മിണ്ടാതിരുന്നവർക്കുള്ള ഒരു മറുപടി കൂടി. കപടതയുടെ രാഷ്ട്രീയം ഇനിയെങ്കിലും വേണ്ടപ്പെട്ടവർ തിരിച്ചറിഞ്ഞാൽ നന്ന്.