Bye election | പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നത് ആദ്യമേ ആയിക്കൂടായിരുന്നോ? ഈ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കഴിഞ്ഞേനെ; നൂറുകോടി രൂപ സർക്കാർ ഖജനാവിന് നഷ്ടം

 
This by-election could have been avoided
This by-election could have been avoided


രാഹുൽ ഗാന്ധി ഇത്തവണ മത്സരിച്ച രണ്ട് ലോക് സഭാ സീറ്റുകളും കോൺഗ്രസിന് ജയ സാധ്യതയുള്ളത് തന്നെ ആയിരുന്നു.

സോണി കല്ലറയ്ക്കൽ

(KVARTHA) ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ  മത്സരിച്ചു വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനാൽ തന്നെ വയനാട്ടിൽ ഒരു ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നു എന്ന് വ്യക്തം. പകരം രാഹുൽ ഗാന്ധിയുടെ സഹോദരിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുന്നു. ഈ വിവരം കോണ്‍ഗ്രസ്  അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പുറത്തുവിട്ടത്. തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന പാര്‍ട്ടി വിലയിരുത്തലിലാണ് തീരുമാനമെന്നും ഖര്‍ഗെ അറിയിച്ചു.  

രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഗെ പറയുകയുണ്ടായി. അതേസമയം രാഹുലിന് പകരം, സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വദ്ര വയനാട്ടില്‍ മത്സരിക്കുമെന്നും ഖര്‍ഗെ അറിയിക്കുകയുണ്ടായി. പ്രിയങ്കാ ഗാന്ധി ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കന്നിയങ്കത്തിൽ വയനാട് തന്നെ തെരഞ്ഞെടുത്തതിൽ കോൺഗ്രസ് പ്രവർത്തകർക്കും ഒപ്പം കേരളീയർക്കും അഭിമാനിക്കാം. ആദ്യമായി ഇലക്ഷനിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാവും  വയനാട്ടുകാർ  സമ്മാനിക്കാൻ പോകുന്നതെന്നും ഉറപ്പാണ്.

Priyanka

പ്രിയങ്ക കേരളത്തിൽ നിന്നും മത്സരിക്കുന്നത് കോൺഗ്രസിന് നല്ലതാണ്. പ്രത്യേകിച്ച്  പ്രിയങ്ക ഗാന്ധിയെപ്പോലെയുള്ള ഊർജ്ജസ്വലയായ ഒരാൾ  പാർലമെന്റിൽ വരേണ്ടതും അത്യാവശ്യമാണ്. ഭാവിയിൽ ഇനി വയനാട് ഗാന്ധികുടുംബത്തിൻ്റെ ഒരു പ്രസ്റ്റീജ് സീറ്റായും ഉയർത്തപ്പെട്ടേക്കാം, റായ്ബറേലിയും അമേഠിയും ഒക്കെ പോലെ തന്നെ. പ്രിയങ്കയുടെ പിതാവും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി ആദ്യമായി മത്സരിച്ചതെന്നുള്ള പ്രത്യേകതയാണ് അമേഠി ലോക് സഭാ മണ്ഡലത്തിനുള്ളത്. അതുപോലെ പ്രിയങ്കാ ഗാന്ധിയുടെ കന്നിമത്സരം എന്നുള്ള നിലയിലായിരിക്കും ഇനി കേരളത്തിലെ വയനാടും അറിയപ്പെടുക. 

രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കളെ രാഹുലിനെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയായിരുന്നു ഈ നീക്കം എന്നാണ് അറിയുന്നത്. രാഹുൽ ഗാന്ധി വയനാട് ഒഴിയുന്ന പക്ഷം ധാരാളം കോൺഗ്രസ് നേതാക്കൾ ഇവിടെ മത്സരിക്കാൻ തയ്യാറായി നിന്നതാണ്. കെ മുരളീധരൻ, എം.എം ഹസ്സൻ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരുടെ പേരുകൾ ഒക്കെ ഇവിടെ കേട്ടതാണ്. കെ മുരളീധരൻ താൻ ഇവിടെ മത്സരിക്കാൻ ഇല്ലെന്ന് പറയുന്നതും കേട്ടു. എന്നാൽ സമസ്ത പോലുള്ള സംഘടനകൾ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ യു.ഡി.എഫ് വയനാട്ടിൽ നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്തായാലും പ്രിയങ്കയുടെ വയനാട്ടിലേയ്ക്കുള്ള വരവ് നല്ലത് തന്നെ. 

പക്ഷേ, ഒരു കാര്യം കോൺഗ്രസ് നേതാക്കളോട് ചോദിക്കാനുണ്ട്. രാഹുൽ ഗാന്ധി ഇത്തവണ മത്സരിച്ച രണ്ട് ലോക് സഭാ സീറ്റുകളും കോൺഗ്രസിന് ജയ സാധ്യതയുള്ളത് തന്നെ ആയിരുന്നു. ഇവിടെ രണ്ടിടത്തും രാഹുൽ ജയിക്കുമെന്നും ഉറപ്പായിരുന്നു. ആ സാഹചര്യത്തിൽ  വയനാട്ടിൽ പ്രിയങ്കയെ നിർത്തി രാഹുൽ വയനാട്ടിൽ മാത്രം മത്സരിച്ചാൽ പോരായിരുന്നോ? ഇത് സാധാരണക്കാർ ഈ വാർത്ത വന്നതിന് ശേഷം മനസ്സിൽ കൊണ്ടു നടക്കുന്ന ചോദ്യമാണ്. ഇനിയൊരു ഉപതെരഞ്ഞെടുപ്പ് എന്നതും ജനങ്ങളുടെ നികുതി പണം കൊണ്ട് വേണ്ടേ നടത്താൻ എന്നതും ആലോചിക്കാമായിരുന്നു. നൂറുകോടി രൂപ സർക്കാർ ഖജനാവിന് നഷ്ടം. ഇതിൻ്റെ ആവശ്യം വല്ലതും ഉണ്ടായിരുന്നോ. 
പ്രിയങ്കയെ റായ്ബറേലിയില്‍
പൊതുതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മത്സരിച്ചിരുന്നൂവെങ്കില്‍ ഇപ്പോള്‍ വയനാട്ടില്‍ ഒരു ഉപതെരഞ്ഞെടുപ്പിന്‍റെ അനാവശ്യം വരുമായിരുന്നോ? രാഹുൽ വയനാട്ടിൽ മത്സരിച്ച് പ്രിയങ്കയ്ക്ക് റായ്ബറേലി കൊടുത്തിരുന്നെങ്കിലും എത്രയോ നല്ലത് ആയിരുന്നു. രണ്ട് പേർക്കും വലിയ കഷ്ടപ്പാട് ഇല്ലാതെ ഒരുപോലെ പാർലമെൻ്റിൽ എത്താമായിരുന്നു. സോണിയാ ഗാന്ധി 80 കഴിഞ്ഞ ശേഷവും രാജ്യസഭയിലൂടെ എം.പി ആയി ഉണ്ട് എന്നതും മറക്കാവുന്നത് അല്ല. ഇങ്ങനെ രണ്ടും മൂന്നും മണ്ഡലത്തിൽ നിന്നും ജയിച്ചിട്ട് ഏതെങ്കിലും ഒരു മണ്ഡലം മാത്രമേ നിലനിർത്താൻ സാധിക്കു.  ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  

 അപ്പോൾ ഇവർ ഒഴിയുന്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചെലവു മുഴുവൻ ഒന്നുകിൽ അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടി, അല്ലെങ്കിൽ ആ വ്യക്തി വഹിക്കുകയെന്നതാണ് മര്യാദ. ഇല്ലെങ്കിൽ ഇതിന് പ്രത്യേകം  നിയമം തന്നെ വേണം. ഇങ്ങനെയുള്ളവർ ആരായാലും ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പണം സ്വന്തം പാർട്ടി ഫണ്ടിൽ നിന്നും  സർക്കാരിന്  നൽകണം. അത് പോലെ വയനാട്ടിലെ വോട്ടർമാർക്ക് നഷ്ടപരിഹാരവും. വോട്ടർമാരുടെ സമയത്തിന് വിലയില്ലേ? ഇനി ഇവിടെ മത്സരിക്കാൻ കച്ചകെട്ടിയിരിക്കുന്ന ഇടത് - എൻ.ഡി.എ സ്ഥാനാർത്ഥികളോട് ഒരു അപേക്ഷ എന്തായാലും പ്രിയങ്ക ഗാന്ധിയുടെ ജയം ഉറപ്പാണല്ലോ, അങ്ങനെയെങ്കിൽ മറ്റു മുന്നണികൾ മത്സരിക്കാതെ ഇരുന്നാൽ അവരെ  വിജയിയായി പ്രഖ്യാപിക്കും. ഒരു ഉപതെരഞ്ഞെടുപ്പ് നടത്തി വെറുതെ എന്തിനാ പൊതുജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ കളയുന്നത്? ഇത് ഇവിടുത്തെ അദ്ധ്വാനിക്കുന്നവൻ്റെയും ഭാരം ചുമക്കുന്നവൻ്റെയും ചോദ്യമാണ്. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia