Farmers | ഇടുക്കിയിലെ വിമാനത്താവളം പോലെയാകരുത്! കോട്ടയത്തെ റബർ കർഷകരെ രക്ഷിക്കാനിറങ്ങുന്ന ഫ്രാൻസിസ് ജോർജ് എം പി ഓർക്കേണ്ട കാര്യങ്ങൾ
മിന്റാ മരിയ തോമസ്
(KVARTHA) ശരിക്കും കേരളാ കോൺഗ്രസിനെ തന്നെ ഇപ്പോൾ കർഷകർ വെറുക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് വേണം പറയാൻ. ആരെങ്കിലും കേരളാ കോൺഗ്രസിൻ്റെ ഭാഗത്തു നിന്ന് ഒരു ജനപ്രതിനിധിയായാൽ അവർക്ക് എന്നും സംസാരിക്കാനുള്ളത് റബറിൻ്റെ വിലയിടിവിൻ്റെ കാര്യമാണ്. രണ്ട് പ്രസ്താവന പാർലമെൻ്റിലോ നിയമസഭയിലോ അല്ലെങ്കിൽ പൊതുസമ്മേളനത്തിലോ നടത്തിയാൽ എല്ലാം ആയി എന്ന് വിശ്വസിക്കുന്നവരാണ് ഇപ്പോഴും കേരളാ കോൺഗ്രസിൻ്റെ ജനപ്രതിനിധികൾ. റബറിന് വല്ല മാറ്റവും ഉണ്ടോ, അതില്ലതാനും. കേരളാ കോൺഗ്രസ് കർഷകൻ്റെ പാർട്ടിയല്ല, ഇവിടുത്തെ ടയർ കമ്പനികളുടെ പാർട്ടിയാണെന്ന് ചിലർ ആരോപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായെന്ന് ഈ പാർട്ടിയുടെ ജനപ്രതിനിധികളായി വരുന്നവർ ഓർത്താൽ നന്ന്.
രണ്ട് പ്രസ്താവന ഇറക്കിയാൽ ഒന്നും തീരില്ല ഇവിടുത്തെ കർഷകൻ്റെ ഭാരം. അത് പരിഹരിക്കാൻ ആർജവമുള്ള നേതാക്കൾ തന്നെ വരണം. ഇല്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം പോലെ തന്നെ ആകും ഇവിടുത്തെ റബർ കർഷകൻ്റെ പ്രശ്നവും. ഇപ്പോൾ പുതിയതായി കോട്ടയത്തു നിന്ന് എംപി ആയി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് ജോർജ് പാർലമെൻ്റിൽ റബറിൻ്റെ വിലയിടിവിനെതിരെ സംസാരിച്ചുവെന്ന വാർത്തയാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസിസ് ജോർജ് പാർലമെൻ്റിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 'രാജ്യത്ത് റബറിൻ്റെ വിലയിടിയുന്നത് കർഷകരെ സാരമായി ബാധിക്കുന്നു. വിലയിടിയുന്നത് തടയാൻ കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് നടപടി വേണം. റബറിൻ്റെ ഇറക്കുമതി വിലയിടിവിന് കാരണമായി. ഇത് തടയാൻ നിയമത്തിൽ ആനുകൂല്യമുണ്ടെങ്കിലും അത് ചെയ്യുന്നില്ല. ലക്ഷക്കണക്കിന് റബർ കർഷകരാണ് കേന്ദ്രത്തിൻ്റെ ഇത്തരം നടപടിയിൽ വിഷമത്തിലാകുന്നത്. ഇതിന് പരിഹാരം ഉണ്ടാകണം'.
മാധ്യമ വാർത്തകളിലൂടെ ഷൈൻ ചെയ്യാൻ ഫ്രാൻസിസ് ജോർജിനെപ്പോലുള്ളവർ നോക്കുമ്പോൾ ഇവിടെ റബറിൻ്റെ വിലകൂടാൻ ആഗ്രഹിക്കാത്തവരും ഇവരുടെ കൂടെ ഉണ്ടെന്ന് ഓർക്കണം. പ്രത്യേകിച്ച് ടയർ കമ്പനിയുടെ ഭാഗമായുള്ളവർ. അവർ ഒരിക്കലും ഇവിടെ റബറിന് വിലകൂടാൻ ആഗ്രഹിക്കുന്നില്ലെന്നത് ഏത് കൊച്ചുകുട്ടികൾക്കും അറിവുള്ള കാര്യമാണ്. അത്തരക്കാരുടെ സ്വാധീനമുള്ള മാധ്യമങ്ങളിൽ ഫ്രാൻസിസ് ജോർജിനെപ്പോലുള്ളവർ ശ്രദ്ധനേടാൻ ആഗ്രഹിക്കുമ്പോൾ അത് ജനം പുച്ഛിച്ച് തള്ളുകയെ ഉള്ളു. ആ കാലം മാറി എന്ന് എംപി മനസിലാക്കുക.
എത്രകാലം ഈ റബർ രാഷ്ട്രീയവുമായി ഇങ്ങനെ പോകും. എതായാലും, ജനം വെറുക്കുന്ന നാറ്റക്കൂട്ടങ്ങളായി കേരള കോൺഗ്രസ് കഷണങ്ങൾ മാറുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഫ്രാൻസിസ് ജോർജിനെപ്പോലുള്ളവർക്ക് അൽപ്പമെങ്കിലും റബർ കർഷകരോട് ആത്മാർത്ഥതയുടെണ്ടെങ്കിൽ പാർലമെൻ്റിൽ ശബ്ദിക്കേണ്ടത് ഇവിടുത്തെ ടയർ കമ്പനി മാഫിയകളോട് ആണ്. കഴിഞ്ഞ സമയത്ത് റബർ വില ചെറുതായി ഒന്ന് കൂടിയിരുന്നു. അത്, അന്താരാഷ്ട്ര വിപണിയിൽ വില കൂടിയത് കൊണ്ടാണ്. കഴിഞ്ഞ രണ്ട് ആഴ്ച ആയി 30 രൂപയിൽ അധികം അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞെങ്കിലും, ആഭ്യന്തര വിപണിയിൽ കുറയാത്തത് ഇവിടെ റബർ, മഴ തുടങ്ങി വെട്ട് തുടങ്ങാൻ താമസിച്ചത് കൊണ്ടാണ്.
90 ശതമാനം കൃഷിക്കാർക്കും റബ്ബർ മരങ്ങളിൽ റെയിൻ ഗാർഡ് ചെയ്യാൻ സാധിച്ചിട്ടില്ല. അതിനുള്ള പ്രധാന കാരണം പ്രതീക്ഷിക്കാതെ ഉള്ള മഴയും, റെയിൻ ഗാർഡ് ചെയ്യാനുള്ള ഉയർന്ന ചിലവും ആണ്. ഷിപ്പിങ്ങ് ചാർജ് ഉയർന്നു നിൽക്കുന്നത് കാരണവും, കണ്ടെയ്നർ ദൗർലഭ്യതയും കാരണം ഇപ്പോൾ ഇറക്കുമതി ലാഭകരം അല്ല. അതുകൊണ്ട് വ്യവസായികൾ ഉള്ള റബ്ബർ മേടിക്കാൻ മാർക്കറ്റിൽ ഉണ്ട്. അതുകൊണ്ട് മാത്രം ആണ് വിലകൂടിയത്. അല്ലാതെ സർക്കാരുകൾ ഒരു ഇടപെടലും നടത്തിയിട്ടും ഇല്ല, ടയർ ലോബിക്ക് അനുകൂലമായി നിന്നുകൊണ്ട് ഇവിടുത്തെ വില തകർക്കാൻ ഉള്ള എല്ലാ ഒത്താശക്കും കൂടെയും ഉണ്ട്. ജൂൺ മാസത്തിൽ കേരളത്തിലെ റബ്ബർ ഉത്പാദന കുറവ് മുൻവർഷത്തെ അപേക്ഷിച്ചു 90 ശതമാനം ആണ്. അതുകൊണ്ട് മാത്രം ആണ് വിലകൂടിയത്. അതിനെയും തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നവരാണ് ഇവിടുത്തെ നേതാക്കന്മാർ. ഇതിന് പറയുന്ന പേരാണ് അല്പത്തരമെന്ന്.
റബറിന് ചുരുങ്ങിയത് 300 രൂപ കിട്ടിയാലെ ലാഭം ആകുകയുള്ളു. ഒരു സർക്കാരും അതിന് ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ശരിക്കും, ഇനി ഇവിടെ പുതിയ ടയർ കമ്പനികൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് സർക്കാരുകൾ പ്രോത്സാഹനം കൊടുക്കേണ്ടത്. അപ്പോൾ മാത്രമേ മാന്യമായ വില റബർ കർഷകന് പ്രതീക്ഷിക്കേണ്ടതുള്ളു. ഫ്രാൻസിസ് ജോർജ് മുൻപ് ഇടുക്കിയിൽ എം.പി ആയിരുന്നപ്പോൾ ഇടുക്കിയെ കുറെ രക്ഷിക്കാൻ നടന്നതാണ്. കർഷകരെ രക്ഷിക്കാനായിരുന്നു അവയിൽ ഏറെയും. മാത്രമല്ല, ഇടുക്കിയിൽ ഒരു വിമാനത്താവളം കൊണ്ടുവരാനും കക്ഷി അക്കാലത്ത് ഒരു നീക്കം നടത്തിയിരുന്നു.
പക്ഷേ, ഇപ്പോൾ അത് ഒരിടത്തും പറഞ്ഞ് കേൾക്കുന്നില്ല. അതുപോലെ ഇപ്പോൾ കോട്ടയത്തെ റബർ കർഷകർ രക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഫ്രാൻസിസ് ജോർജ്. മുൻ എം.പി തോമസ് ചാഴികാടന് ആണെങ്കിൽ അതിൻ്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല എന്നതാണ് സത്യം. ഇനിയും കേരളാ കോൺഗ്രസ് ജനപ്രതിനിധികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് കർഷകർ പറയുന്നത്.
sp രണ്ട് പ്രസ്താവന ഇറക്കിയാൽ ഒന്നും തീരില്ല ഇവിടുത്തെ കർഷകൻ്റെ ഭാരം