Western Ghats | കേരളത്തിന്റെ പച്ചപ്പുൽപ്പാടം അപായത്തിൽ; പശ്ചിമഘട്ട മലനിരകളെ എന്തുകൊണ്ട് സംരക്ഷിക്കണം?

 
Western Ghats
Western Ghats

Representational Image Generated by Meta AI

പശ്ചിമഘട്ടത്തിന്റെ നാശം കേരളത്തിന്റെ നാശമാണ്.

അർണവ് അനിത 

(KVARTHA) സംസ്ഥാനത്തെ പശ്ചിമഘട്ടവനമേഖലയില്‍ 29 വിഭാഗം ആദിവാസികളും മറ്റു പലതരം ഗേത്രവര്‍ഗങ്ങളും താമസിക്കുന്നു. കേരളത്തിന്റെ പലമേഖലകളില്‍ നിന്നുള്ളവര്‍ വയനാട് അടക്കമുള്ള പശ്ചിമഘട്ടത്തില്‍ കുടിയേറിയിട്ടുണ്ട്. 44 നദികളാണ് ഈ മലനിരകളില്‍ നിന്ന് പിറന്നൊഴുകുന്നത്. നമ്മുടെ പ്രധാന ജലസ്രോതസുകളാണിവ. രാജ്യത്തെ പ്രധാന നദികളായ കൃഷ്ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിവയുടെയും ജനനവും ഇവിടെ തന്നെ. 

Western Ghats

തെക്കേയിന്ത്യയുടെ അന്തരീക്ഷ താപനില, ആര്‍ദ്രത, വര്‍ഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് പശ്ചിമഘട്ടമാണ്. ഇതേക്കുറിച്ച് അറിയാത്തവരല്ല, ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഭരണാധികാരികളും രാഷ്ട്രീയനേതൃത്വങ്ങളും. ഭരണംനിലനിര്‍ത്താനും നേടിയെടുക്കാനും കുടിയേറ്റ കര്‍ഷകരുടെയും സഭാനേതൃത്വങ്ങളുടെയും മുന്നില്‍ ഇവര്‍ മുട്ടുമടക്കിയതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. ഈ നേതാക്കളും ഭരണകര്‍ത്താക്കളും ഇത്തരം ദുരന്തങ്ങളുടെ തീവ്രത ഇതുവരെയും മനസിലാക്കിയിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ചൂണ്ടിക്കാണിക്കുന്നത്.

നഗരങ്ങളിലും പട്ടണങ്ങളിലും അധികാരത്തിന്റെ സുഖലോലുപതയില്‍ കഴിയുന്ന ഇവരില്‍ പലര്‍ക്കും ഇതൊന്നും പ്രശ്‌നമേയല്ല. മൂന്നാര്‍ അടക്കമുള്ള മലയോരമേഖലകളിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസുകള്‍ പണിയാനും കോടതിവിധികളെ പോലും വെല്ലുവിളിക്കാനും നേതാക്കള്‍ക്ക് മടിയും ഭയവുമില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ റിസോര്‍ട്ടും അഡ്വഞ്ചര്‍പാര്‍ക്കും അടക്കമുള്ള വിനോദസഞ്ചാര സൗകര്യങ്ങള്‍ പണിയുന്നവര്‍ക്ക് ഒത്താശ ചെയ്യുന്നതും രാഷ്ട്രീയ നേതാക്കള്‍ തന്നെ. ഇതിനെ എതിര്‍ക്കുന്ന സ്വന്തം മുന്നണിയിലുള്ളവരെ അധിക്ഷേപിക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. 

നാടും കാടും നശിച്ചാലും കീശനിറയണം എന്ന ആര്‍ത്തി കേരളം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കൃഷിയിറക്കുന്നതിനോ, കന്നുകാലികളെ വളര്‍ത്തുന്നതിനോ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലും എതിരല്ല. ഇതെല്ലാം പരിസ്ഥിതിക്ക് അനുയോജ്യമായ മേഖലകളില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ വന്‍കിട കയ്യേറ്റക്കാരും ചില ക്രൈസ്തവ സഭകളും പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി അക്രമം നടത്തിയത് നമ്മളാരും മറന്നിട്ടില്ല. ഇത്തരം കുത്തിത്തിരിപ്പുകാരാണ് കേരളത്തിന്റെ ശാപമെന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ഏത് മലയാളിക്കും അറിയാം.

കേരളത്തിലെ മൂന്നു കോടിയോളം ജനങ്ങളുടെയും ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. അത് സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ  പശ്ചിമഘട്ട മേഖലകളില്‍ അഞ്ചു കോടിയോളം ജനമാണ് താമസിക്കുന്നത്. മലനിരകളുടെ ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട് 75% കേരളത്തിലാണ്. 

നിത്യഹരിത ഉഷ്ണമേഖലാവനങ്ങള്‍ (Tropical forest), ചോലമഴക്കാടുകള്‍, വിവിധ സസ്യ-ജന്തു വൈവിധ്യം, രാജ്യത്തെ ആകെ പുഷ്പിക്കുന്ന ചെടികളില്‍ 4000ത്തോളം ഇനങ്ങള്‍, 645 തരം നിത്യഹരിതവൃക്ഷങ്ങള്‍, 682 ഇനം പായലുകള്‍, 280 ഇനം വര്‍ണലതകള്‍,  350 തരം ഉറുമ്പുകള്‍, 1000ത്തില്‍പ്പരം പ്രാണികള്‍, 320 തരം ചിത്രശലഭങ്ങള്‍, 174 തരം തുമ്പികള്‍, 269 ഇനം ഒച്ചുകള്‍, 288 തരം മത്സ്യങ്ങള്‍, 500 ലധികം ഇനത്തില്‍ പെട്ട പക്ഷികള്‍, 120 തരം സസ്തനികള്‍ (എന്നിവ ഇവിടെ വസിക്കുന്നു. 

ഇതില്‍ തന്നെ സിംഹവാലന്‍ കുരങ്ങടക്കം പലതും വംശനാശഭീഷണി നേരിടുന്നവയാണ്. അതിനാല്‍ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടവയാണ്. ഇതൊക്കെ പരിസ്ഥിതി ശാസ്ത്രജ്ഞരും സംഘടനകളും നിരവധി തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. നിമസഭാ പരിസ്ഥിതി കമ്മിറ്റിപോലും പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ ആര്‍ജവമായ നിലപാട് സ്വീകരിച്ചിട്ടില്ല.

കേരളത്തെ നശിപ്പിച്ച് നാശമാക്കിയേക്കുമെന്ന് ഏവരും പ്രഖ്യാപിച്ച സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയെ അനുകൂലിച്ചവരാണ് ഇന്നത്തെ ഇടതുപക്ഷവും യുഡിഎഫും. വനം നശിപ്പിച്ചാല്‍ മഴ പെയ്യില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ കടലില്‍ മഴ പെയ്യുന്നത് വനമുള്ളത് കൊണ്ടാണോ എന്ന് ചോദിച്ച രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. 1970കളില്‍ സൈലന്റ് വാലി ജല വൈദ്യുത പദ്ധതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്താണ് സമരം തുടങ്ങിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പരിസ്ഥതിതി ബോധം എത്രയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സമരം. 

കുന്തിപ്പുഴയില്‍ അണ കെട്ടുന്നതായിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം., കവയിത്രി സുഗതകുമാരി ഉള്‍പ്പെടെ നിരവധി പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. സമരത്തെ ജനകീയ പ്രക്ഷോഭമാക്കുന്നതില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രൊഫസര്‍ എം. കെ പ്രസാദും വലിയ പങ്ക് വഹിച്ചു. 1983-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി  പദ്ധതി ഉപേക്ഷിക്കാനും സൈലന്റ് വാലി ദേശീയോദ്യാനം ആക്കാനും തീരുമാനിച്ചു.  

പാലക്കാട് ജില്ലയിലെ നിത്യഹരിത ഉപ ഉഷ്ണമേഖലാ വനമാണ് (Subtropical forest) സൈലന്റ് വാലി. ജലവൈദ്യുത പദ്ധതിയാല്‍ സൈലന്റ് വാലി വെള്ളത്തിനടിയി. 1973 ഫെബ്രുവരിയില്‍ ആസൂത്രണ കമ്മീഷന്‍ ഏകദേശം 100 കോടി രൂപ ചെലവില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. സമരത്തെ തുടര്‍ന്ന് 1985-ല്‍ ഈ താഴ് വരയെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഇച്ഛാശക്തിക്ക് മുന്നില്‍ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയനേതൃത്വം മുട്ടുമടക്കിയ ഐതിഹാസിക സമരമായിരുന്നു സൈലന്റ് വാലി പ്രക്ഷോഭം.

പശ്ചിഘട്ടം സംരക്ഷിക്കുന്നതിനും നമ്മുടെ പ്രകൃതിയേയും വനസമ്പത്തിനെയും നിലനിര്‍ത്തുന്നതിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia