Political Criticism | തൃശൂരിലെ പോലെ കോൺഗ്രസിലെ 'കുറുവാ സംഘങ്ങൾ' ഒന്നിച്ചതിന്റെ ഫലമാണ് ഡൽഹിയിൽ ബിജെപിയുടെ വിജയം


● കോൺഗ്രസ് കേരളത്തിലെ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
● നേതാക്കളുടെ പിടിപ്പില്ലായ്മയാണ് ബിജെപിയുടെ വിജയത്തിന് കാരണം.
● കോൺഗ്രസ് മുക്തഭാരതം യാഥാർത്ഥ്യമാവുകയാണ്.
● കോൺഗ്രസിന്റെ വോട്ട് ചോർച്ച ബിജെപിക്ക് നേട്ടമായി.
സോണി കല്ലറയ്ക്കൽ
(KVARTHA) വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. തൃശൂരിലെ പോലെ കോൺഗ്രസിലെ 'കുറുവാ സംഘങ്ങൾ' ഒന്നിച്ചതിന്റെ ഫലമാണ് ഡൽഹിയിൽ ബിജെപിയുടെ വിജയം എന്ന് തുറന്നു പറയേണ്ടി വരും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ദേശീയ തലത്തിൽ നിന്ന് കേരളാ കോൺഗ്രസുപോലെ കേരളത്തിലെ കോൺഗ്രസ് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് കോൺഗ്രസ് ദേശീയ നേതാക്കന്മാർ മനസിലാക്കാതെ പോകുന്നതാണ് കഷ്ടം. ഞാൻ ചാകും എന്നാൽ നിന്നെയും കൊല്ലും എന്നതാണ് ഇപ്പോൾ കോൺഗ്രസിൻ്റെ നയം എന്നതായിരിക്കുന്നു.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി യെ അധികാരത്തിൽ നിന്ന് തുരത്താൻ രൂപീകൃതമായ ഇന്ത്യാ സഖ്യത്തിൽ ഉള്ള രണ്ട് പാർട്ടികൾ ചേരിതിരിഞ്ഞ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അത് ബി.ജെ.പി യ്ക്ക് ഭരണത്തിൽ വരുന്നതിന് എളുപ്പമാകുകയായിരുന്നു. നേരെ മറിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യം ചേർന്ന് മത്സരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് അധികാരത്തിൽ വരാൻ സാധിച്ചെന്നു വരില്ലായിരുന്നു. ശരിക്കും പ്രതിപക്ഷത്തിൻ്റെയും രാഹുൽ ഗാന്ധിയുടെയും പിടിപ്പില്ലായ്മ മൂലം ബി.ജെ.പി ഇന്ത്യയിൽ അവരുടെ ലക്ഷ്യം കൈവരിച്ചു കൊണ്ടിരിക്കുന്നു.
കോൺഗ്രസ് മുക്തഭാരതം യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് അവർ. ഈ ഡൽഹി നിയമസഭാ ഫലം ബി.ജെ.പിയെയും സഖ്യ കക്ഷികളെയും കൂടുതൽ ഉണർത്തുകയും ഇന്ത്യാ സഖ്യത്തെ കൂടുതൽ തളർത്തുകയും ചെയ്യും. ഇപ്പോൾ ഇന്ത്യാ സഖ്യത്തിലുള്ള പലപാർട്ടികളും ഇന്ത്യാ സഖ്യം വിട്ട് ബി.ജെ.പിയോട് അടുത്തുവെന്ന് വരാം. ഇതുപോലെ കഴിവുകെട്ട ഒരു പ്രതിപക്ഷവും നേതാവും ഇരിക്കുന്നിടത്തോളം കാലം ബി.ജെ.പിയെ ഉടനെയൊന്നും ഇന്ത്യയിൽ അധികാരത്തിൽ നിന്ന് തൂത്തെറിയാൻ സാധിച്ചെന്ന് വരില്ല. ഒരു കാലത്ത് കോൺഗ്രസിൻ്റെ ശക്തമായ കോട്ടയായിരുന്നു ഡൽഹി. കോൺഗ്രസ് വളരെക്കാലം ഭരിച്ച സംസ്ഥാനം കൂടിയാണ് ഡൽഹി എന്നോർക്കണം.
അന്ന് കോൺഗ്രസ് ഭരിക്കുമ്പോൾ അവിടുത്തെ പ്രതിപക്ഷം ബി.ജെ.പി ആയിരുന്നു. ബി.ജെ.പി 25 വർഷം മുൻപ് ഡൽഹി ഭരിച്ചപ്പോൾ അവിടെ ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നു, അത് കോൺഗ്രസുമായിരുന്നു. കോൺഗ്രസിന് മുൻപ് എന്നും ഉറപ്പുള്ള മണ്ഡലം കൂടിയായിരുന്നു ഡൽഹി. പിന്നീട് സംസ്ഥാനം ഭരിച്ച വനിതാ കോൺഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അരവിന്ദ് കേജരിവാളിൻ്റെ നേതൃത്വത്തിൽ രൂപീകൃതമായ ഒന്നാണ് ആം ആദ്മി പാർട്ടി. അന്ന് വരെ ഡൽഹി ഭരിച്ച കോൺഗ്രസിനെയും ബി.ജെ.പിയെയും പിന്തള്ളി അരവിന്ദ് കേജരിവാളിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി ഡൽഹി ഭരിക്കുന്നതാണ് കണ്ടത്.
പിന്നീട് കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായിരുന്ന പഞ്ചാബ് പോലും ഈ കൊച്ചു പാർട്ടി പിടിച്ചെടുത്ത് ഭരിക്കുന്നത് കണ്ടവരാണ് നമ്മൾ. എന്നാൽ ഇപ്പോഴത്തെ ഈ ഡൽഹി നിയമസഭാ ഫലം ആം ആദ്മി പാർട്ടിയ്ക്കല്ല മറിച്ച് കോൺഗ്രസിന് കിട്ടിയ കരണത്തിനുള്ള അടി കൂടിയാണ്. ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചിട്ട് പോലും 22 ഓളം സീറ്റുകൾ അവർ പിടിച്ചെടുക്കാൻ സാധിച്ചു എന്നത് നിസാരകാര്യമായി എങ്ങനെ കാണാൻ ആകും. അവർ ഇന്നലെ കുരുത്തതാണെന്ന് ഓർക്കണം. എന്നാൽ വർഷങ്ങളുടെ പാരമ്പര്യവും ഡൽ ഹിയുടെ അധികാരവും വർഷങ്ങളോളം ഉണ്ടായിരുന്ന കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും ജയിക്കാനായില്ലെന്നത് നാണക്കേട് തന്നെയാണ്.
മറിച്ച് ബി.ജെ.പിയെ നോക്കുകയാണെങ്കിൽ 27 വർഷങ്ങൾക്ക് മുൻപ് ഡൽഹി ഭരിച്ചിരുന്ന അവർക്ക് 27 വർഷങ്ങൾക്ക് ശേഷം ഭരണം തിരിച്ചു കൊണ്ടുവരുവാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. അവിടെ ആം ആദ്മി പാർട്ടി വളർന്നെങ്കിലും ബി.ജെ.പിയ്ക്ക് ഇന്നും അവിടെ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നതിൻ്റെ തെളിവാണ് ഇത്. കോൺഗ്രസിലേയ്ക്ക് നോക്കുകയാണെങ്കിൽ അവർക്ക് അധികാരം നഷ്ടപ്പെട്ടിട്ട് ഇത്രയും കാലമായിട്ടും ഒറ്റയ്ക്ക് മത്സരിക്കാനുള്ള ത്രാണിയില്ലെന്നായിരിക്കുന്നു. ഒറ്റ സീറ്റിൽ പോലും വിജയിക്കാനാവാത്ത അവസ്ഥ. ശരിക്കും ഡൽഹിയിൽ വോട്ട് ചോർച്ച നടന്നിരിക്കുന്നത് കോൺഗ്രസിൽ തന്നെ. കോൺഗ്രസ് നേതാക്കൾ ഇതിൻ്റെ പേരിൽ എന്ത് ന്യായീകരണം നടത്തിയാലും പരിതാപകരം എന്നേ പറയേണ്ടതുള്ളു.
ഒരിക്കലും പരാജയത്തിൽ നിന്ന് പാഠം പഠിക്കാത്ത പാർട്ടിയായി കോൺഗ്രസും അതിലെ നേതാക്കളും ഒക്കെ അധപതിച്ചു കൊണ്ടിരിക്കുന്നു. പണ്ട് ഒറ്റയ്ക്ക് നിന്ന് പല സംസ്ഥാനങ്ങളിലും സീറ്റുകൾ തൂത്തുവാരിയിരുന്ന കോൺഗ്രസ് പാർട്ടിക്ക് നാല് സീറ്റിനായി പ്രാദേശിക പാർട്ടികളോട് കെഞ്ചേണ്ട അവസ്ഥ. ഈ പ്രാദേശിക പാർട്ടികൾ എല്ലാം കോൺഗ്രസിൻ്റെ അസ്ഥിയിൽ ചവിട്ടി രൂപം കൊണ്ടതാണെന്ന് ഓർക്കണം. ഇനി കേരളത്തിലേ ബി.ജെ.പിയ്ക്ക് സ്വാധീനം ഉറപ്പിക്കാനുള്ളു. അതും കൂടി പൂർത്തിയാകുമ്പോൾ എല്ലാം പൂർത്തിയായി. കോൺഗ്രസ് മുക്തഭാരതം യാഥാർത്ഥ്യമാകും. കേരളത്തിൽ അതിനുള്ള പണി ബി.ജെ.പി തുടങ്ങി കഴിഞ്ഞു. അതാണല്ലോ തൃശൂരിൽ കണ്ടത്.
കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തിരുത്തി ബി.ജെ.പിയുടെ സുരേഷ് ഗോപി വിജയിച്ചത് നാമൊക്കെ കണ്ടതാണ്. അവിടെയും വോട്ട് ശരിക്കും ചോർന്നത് കോൺഗ്രസിൻ്റെയും. എന്നും തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്ത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ തൃശൂരിൽ മുന്നിൽ നിന്നു കളിച്ചതോ അവിടെ കോൺഗ്രസ് നേതാക്കളും. ഇത് തന്നെയാണ് ഇപ്പോൾ ഈ തെരഞ്ഞെടുപ്പിൽ ഡൽഹിയിലും സംഭവിച്ചത്. ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായി അരവിന്ദ് കേജരിവാളിനെയും ആം ആദ് മി പാർട്ടിയെയും മൂലയ്ക്കിരുത്തി ബി.ജെ.പി യെ വിജയിപ്പിക്കാൻ പണിയെടുത്തത് കോൺഗ്രസുകാരും.
വർഷം 15 കഴിഞ്ഞു ഡൽഹിയിൽ അധികാരത്തിൽ നിന്ന് പുറത്തായിട്ട്. സഖ്യത്തിൽ മത്സരിക്കേണ്ട, പഴയകാലത്തെപ്പോലെ ഒറ്റയ്ക്ക് മത്സരിച്ച് ഭരണത്തിലേറാനെങ്കിലും കോൺഗ്രസ് പണിയെടുത്തിരുന്നെങ്കിൽ എത്ര നന്നായേനെ. കൈ നനയാതെ മീൻ പിടിക്കണം. അതാണ് കോൺഗ്രസ് നേതാക്കളുടെയും സ്വഭാവം. അതുകൊണ്ട് സംഭവിക്കുന്നതോ കേരളം എന്നാ ഇട്ടാവട്ടത്തിലേയ്ക്ക് കോൺഗ്രസ് ചുരുങ്ങി കൊണ്ടിരിക്കുന്നു.
ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കും എല്ലാം പാർലമെൻ്റ് കാണാനും പെൻഷൻ കിട്ടാനുമെല്ലാം ഈ കേരളത്തിൽ വന്ന് മത്സരിക്കേണ്ടി വരുന്നു. ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരായ സാധാരണക്കാരുടെ അവസരങ്ങളാണ് ഇതുമൂലം നഷ്ടമാകുന്നത്. അതും നേതൃം ഗൗരവമായി കാണുന്നില്ല എന്നതാണ് സത്യം. എന്തായാലും ഒരു കാര്യം സത്യമാണ് ദേശീയ തലത്തിൽ ഇങ്ങനെയൊരു പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ഉള്ളിടത്തോളം കാലം ബി,ജെ.പിയെ അധികാരത്തിൽ നിന്നും ഉടനെങ്ങും പുറന്തള്ളാമെന്ന് കരുതേണ്ട!
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The unity of Congress's 'Kurva factions' in Thrissur is a key reason for BJP's victory in Delhi, highlighting the struggle and failure of the opposition in national politics.
#BJP #Congress #DelhiElection #IndianPolitics #KurvaFactions #RahulGandhi