Struggle | ചിത്രലേഖ അകറ്റപ്പെട്ടപ്പോൾ രോഹിത്ത് വെമൂല വാഴ്ത്തപ്പെട്ടു; പുരോഗമന രാഷ്ട്രീയ ഇരട്ടത്താപ്പിൻ്റെ രണ്ട് ചിത്രങ്ങൾ

 
The Struggle of Dalit Voices
The Struggle of Dalit Voices

Photo: Arranged, X/ Sudhakar Udumula

● രോഹിത് വെമൂലയെ വാഴ്ത്തിയവർ ചിത്രലേഖയെ മറന്നു
● ജാതി പീഡനത്തിനെതിരെ ചിത്രലേഖ 20 വർഷമായി സമരത്തിലായിരുന്നു 
● ജീവിച്ചിരുന്ന ചിത്രലേഖയെക്കാൾ ശക്തയാണ് മരിച്ച ചിത്രലേഖ

ഭാമനാവത്ത് 

(KVARTHA) ഇന്ത്യയിൽ ദളിതരും അധ:സ്ഥിതരുമായ ജനവിഭാഗം ജാതി പീഡനവും അടിച്ചമർത്തലും നേരിടുന്നെണ്ടെന്ന കാര്യം യാഥാർത്ഥ്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ അതിൻ്റെ തീവ്രത കുറവാണെങ്കിലും ദളിതരും പിന്നോക്കക്കാരുമടങ്ങുന്ന ജനവിഭാഗങ്ങൾ ഇനിയും മുഖ്യധാരയില്ലെത്തിയില്ല. ഡൽഹിയിൽ  ദളിത് വിദ്യാർത്ഥി രോഹിത് വെമൂല ജീവനൊടുക്കിയത് രാജ്യത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളിലൊന്നാണ്. 

ജെ.എൻ.യു അധികൃതരുടെ ജാതി പീഢനമാണ് വെമൂലയുടെ ജീവത്യാഗത്തിന് കാരണമായത്. രോഹിത്തിൻ്റെ അമ്മ തന്നെയാണ് ഈ ലോകത്തോട് ഈ കാര്യം വിളിച്ചു പറഞ്ഞത്. രോഹിത്ത് വെമൂല ജാതിവെറിയുടെയും പീഢനത്തിൻ്റെയും ഇരയായതിൽ ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധം അണപ്പൊട്ടിയിരുന്നു. ജസ്റ്റിസ് ഫോർ രോഹിത്ത് വെമൂലയെന്ന ഹാഷ് ടാഗുമായി ഇടത് പാർട്ടികളും
യുവജന സംഘടനകളുമാണ് വ്യാപകപ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇവരോടൊപ്പം മതേതര ജനാധിപത്യ കക്ഷികളും അണിചേർന്നു.

രോഹിത്ത് വെമൂല വിഷയം രാജ്യത്ത് തീക്കാറ്റുപോലെ പടർത്തിയത് സി.പി.എമ്മും അവരുടെ വിദ്യാർത്ഥി സംഘടനായ എസ്.എഫ്.ഐയുമായിരുന്നു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാർ ദളിത് പീഡനം നടത്തുവെന്ന പഴിചാരലാണ് അവർ വെമൂല വിഷയത്തിൽ ഉയർത്തിക്കാട്ടിയത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അതിശക്തമായ തിരിച്ചടിയാണ് രോഹിത് വെമൂല വിഷയത്തിൽ ലഭിച്ചത്. ഉത്തരം പറയാനാവാതെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി. 

എന്നാൽ ഡൽഹിയിൽ രോഹിത് വെമൂലയുടെ ജീവത്യാഗത്തിൽ തീപ്പന്തമായവർ കാട്ടാമ്പള്ളിയിലെ ചിത്രലേഖയെ കണ്ടില്ലെന്ന് നടിച്ചു. അവരും വേട്ടയാടപ്പെടുന്ന ഒരു ദളിത് ജീവിതം തന്നെയായിരുന്നു. അവർക്കായി ആരും പ്രകടനം നടത്തിയില്ല. തെരുവിൽ ഒരു മെഴുകുതിരി പോലും കത്തിച്ചില്ല. ഇടതു സാംസ്കാരിക കവികളും എഴുത്തുകാരും രണ്ടു വരി കുത്തിക്കുറിച്ചില്ല. രോഹിത് വെമൂലയെപ്പോലെ ദളിതയായി ജനിച്ചതുകൊണ്ടാണ് താൻ അഗ്നിപരീ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നതെന്നാണ് തൻ്റെ അവസാന നാളുകളിൽ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ചിത്രലേഖ ചൂണ്ടിക്കാണിക്കുന്നത്. 

ജാതി പീഡനത്തിനും തൊഴിൽ നിഷേധത്തിനുമെതിരെ ഒരു ദളിത് സ്ത്രീ നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ 20 വർഷമായി ചിത്രലേഖ നടത്തി വന്നത്. ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ പോരാട്ടം ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധയിൽ വന്നു. 2013 മുതൽ സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂർ എടാട്ടു നിന്നും പാർട്ടി പ്രവർത്തകർ തുടങ്ങിയ അതിക്രമങ്ങൾ കാട്ടാമ്പള്ളിയിലേക്ക് പാലായനം ചെയ്യുന്നതുവരെ തുടർന്നു. 2013 ൽ മാത്രമല്ല 2023 ലും ഉപജീവന മാർഗമായ ഓട്ടോറിക്ഷ കത്തിച്ചു. ദേശീയ രാഷ്ട്രീയത്തിൽ ദളിത്-പിന്നോക്കക്കാർക്കായി നിലകൊളളുന്ന സി.പി.എം. സർക്കാർ അഞ്ച് സെൻ്റിൽ ചെറിയ വീടുവെച്ചു കഴിയുന്ന ചിത്രലേഖയെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചുവെന്നത് സമാനതകളില്ലാത്ത പരിഹാസ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.

ഇതിനെയൊക്കെ അതിജീവിച്ചുകൊണ്ടൊയിരുന്നു ചിത്രലേഖയുടെ പോരാട്ടം. തൊഴിൽ ചെയ്തു ജീവിക്കാനുള്ള തൻ്റെ അവകാശത്തിന് വേണ്ടി അവർ മുട്ടാത്ത വാതിലുകളില്ല. ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ തൻ്റെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടപ്പോൾ പേരിന് മാത്രം നടപടിയെടുത്തു രാഷ്ട്രീയ മേലാളൻമാരെ പേടിച്ചു മാറി നിൽക്കുകയായിരുന്നു പൊലീസ്. നീതിക്കായി സെക്രട്ടറിയേറ്റിനും കലക്ടറേറ്റിന് മുൻപിലും ചിത്രലേഖ കുടിൽ കെട്ടി സമരം നടത്തി. ഒരിടത്തും തൻ്റെ വിമർശനത്തിൻ്റെ മൂർച്ച കുറച്ചില്ല. പറയാനുള്ളത് രാഷ്ട്രീയ തമ്പ്രാക്കൻമാരോട് പറഞ്ഞു തന്നെപ്പോയി. 

ഒരു പെണ്ണ് ഇങ്ങനെയൊക്കെ സംസാരിക്കാമോയെന്ന് നെറ്റി ചുളിച്ച ആൺമേൽക്കോയ്മയ്ക്കു നേരെ കാറിത്തുപ്പി. തന്നെ ദളിതയാണെന്നു പറഞ്ഞ് മാറ്റി നിർത്തിയവർക്കു നേരേ മുഷ്ടി ചുരുട്ടി പ്രതിഷേധിച്ചു. സംഭവ ബഹുലമായ ജീവിതം നാൽപ്പത്തിയെട്ടാമത്തെ വയസിൽ അവസാനിക്കുമ്പോൾ പ്രതിരോധത്തിൻ്റെ സമര പാഠങ്ങൾ നൽകിയാണ് ചിത്രലേഖ വിട പറയുന്നത്. ജീവിച്ചിരുന്ന ചിത്രലേഖയെക്കാൾ ശക്തയാണ് മരിച്ച ചിത്രലേഖ. അവരുടെ മുനിഞ്ഞു കത്തുന്ന ഓർമ്മകൾ നീ നാളങ്ങളായി നാളെ ആളിപ്പടർന്നേക്കാം. അന്ന് കത്തിയെരുന്നത് അധികാരപ്രമത്തതയുടെ ആഡംബര കൊട്ടാരങ്ങളായിരിക്കും.

#DalitRights, #SocialJustice, #CasteDiscrimination, #Activism, #RohithVemula, #Chithralekha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia