Criticism | പി പി ദിവ്യയുടെ പതനവും രാഷ്ട്രീയക്കാർ പഠിക്കേണ്ട പാഠങ്ങളും; 'അപ്ഡേഷൻ' എല്ലാവർക്കും വേണ്ടേ?
● പി.പി ദിവ്യയുടെ സ്ഥാനചലനം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവക്കുന്നു.
● അഴിമതി ആരോപണങ്ങളാണ് ഈ വികസനത്തിന് കാരണം.
● രാഷ്ട്രീയക്കാർക്ക് പൊതുജീവിതത്തിൽ വേണ്ട ജാഗ്രതയെക്കുറിച്ച് ഈ സംഭവം ഒരു പാഠമാണ്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ചരിത്രം രാഷ്ട്രീയ പ്രവർത്തകർക്ക് നൽകുന്ന ചില പാഠങ്ങളുണ്ട്. അത്തരത്തിലൊന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി ദിവ്യയുടെ സ്ഥാന നഷ്ടം. വ്യക്തികളും രാഷ്ട്രീയ പ്രവർത്തകരും വൈകാരികമായല്ല വൈചാരികമായാണ് പൊതു സമൂഹത്തിൽ പെരുമാറേണ്ടതെന്ന വലിയ പാഠങ്ങൾ പഠിക്കാൻ ഒരു ജീവൻ ബലികൊടുക്കേണ്ടി വന്നുവെന്നത് വേദനാജനകമാണ്. ക്ഷോഭിക്കുമ്പോൾ കഠിനമായി ക്ഷോഭിക്കുകയും വെറുക്കുമ്പോൾ അങ്ങേയറ്റം വെറുക്കുകയും സ്നേഹിക്കുമ്പോൾ കടലോളം സ്നേഹിക്കുകയും ചെയ്യുന്നവരാണ് കണ്ണൂരുകാർ.
അതുകൊണ്ടാണ് ഇവിടെ രാഷ്ട്രീയത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മനസിൽ ക്ഷോഭം തിരയടിച്ചപ്പോൾ പഴയ എസ്.എഫ്.ഐ നേതാവ് ഒരു പക്ഷെ ദിവ്യയുടെ മനസ്സിൽ തികട്ടി വന്നേക്കാം എന്നാൽ ക്യാംപസ് യൂനിയൻ ഭാരവാഹിയല്ല കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പ്രസിഡൻ്റാണെന്ന് അവർ ഒരു നിമിഷം മറന്നുപോയി.
ക്യാംപസുകളിൽ ഇത്തരം സംഭവങ്ങൾ വലിയ കാര്യമായി ആർക്കും തോന്നാറില്ല. പ്രിൻസിപ്പാൾ ഇരിക്കുന്ന കസേരയെടുത്ത് കത്തിച്ച് റീത്തു വെച്ച സംഭവം ക്യാംപസിലുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപ്രവർത്തനമായിട്ടാണ് അതിനെ ഇപ്പോഴത്തെ പി.ബി അംഗം എം.എ ബേബി വിശേഷിപ്പിച്ചതെന്ന് ഇപ്പോഴെങ്കിലും നാം ഓർക്കണം. താൻ വീണത് എലിക്കെണിയിലായിരുന്നുവെന്ന് ദിവ്യയ്ക്ക് പിന്നീട് ബോധ്യമായി കാണും.
സ്വയം കുഴിച്ച കുഴിയിൽ പോയി വീഴുകയായിരുന്നു അവർ. താൻ രഹസ്യമായി ചട്ടം കെട്ടി സ്ഥലത്ത് എത്തിച്ച ചാനൽ ക്യാമറാമാൻമാരിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങൾ ആ ചാനലിൽ മാത്രമല്ല മറ്റു ചാനലുകളിലും അവർ പ്രചരിപ്പിച്ചു. ഇതു വലിയ വാർത്തയാക്കിയ ചാനലുകൾ ഇരയായ എ.ഡി.എമ്മിൻ്റെ പ്രതികരണം തേടിയതുമില്ല. പി.പി ദിവ്യയുടെ എടുത്തു ചാട്ടത്തിന് താളമടിച്ചു കൊടുത്തവർക്ക് ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്.
എക്സ്‌ക്ലൂസീവ് വാർത്തയായതുകൊണ്ടു ചാടി വീണതാണെന്ന മുട്ടാപ്പോക്ക് ന്യായമൊന്നും കോടതിയിൽ വിലപ്പോവില്ലെന്ന് വ്യക്തമാണ്. സ്ഥലത്തില്ലെങ്കിലും വാർത്ത തയ്യാറാക്കിയ റിപ്പോർട്ടർ ദിവ്യയാൽ അവഹേളിക്കപ്പെട്ട എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ വിശദീകരണവും കൊടുക്കേണ്ടതായിരുന്നു. വാർത്തയെന്നാൽ രണ്ടു പക്ഷത്തും നിന്നുമുള്ള നിലപാടുകൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കൽ കൂടിയാണ്.
ഒരാൾ എത്ര തന്നെ നീചപ്രവൃത്തി ചെയ്താലും അയാൾക്ക് പറയാനുള്ളത് നീതി പീഠത്തിന് മാത്രമല്ല മാധ്യമങ്ങൾക്കും കേൾക്കാനുള്ള ഉത്തരവാദിത്വമുണ്ട്. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനായ ഒരാൾക്ക് വേണ്ടി പൊതുവേദിയിൽ ശബ്ദമുയർത്തുകയാണ് താൻ ചെയ്തതെന്ന പി.പി ദിവ്യയുടെ വിതണ്ഡവാദം ഇതിനകം പൊളിഞ്ഞുപാളിസായി ട്ടുണ്ട്. മൂന്ന് കോടിയിലേറെ മുതൽമുടക്കാൻ കഴിയുന്ന ഒരാളാണോ സാധാരണക്കാരിൽ ഒരാൾ. അതു മാത്രമല്ല അങ്ങേയറ്റം മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഒരു പെട്രോൾ പമ്പ് തുടങ്ങാനാണ് അദ്ദേഹം അപേക്ഷ നൽകിയതെന്ന് പൊലിസ് റിപ്പോർട്ടിൽ തെളിഞ്ഞതുമാണ്.
വളവും തിരിവുമുള്ള സ്ഥലത്ത് പെട്രോൾ പമ്പ് സ്ഥാപിച്ചാൽ നിയന്ത്രണം വിട്ട വാഹനങ്ങൾ അതിലേക്ക് ഇടിച്ചു കയറിയാൻ കൂട്ട ദുരന്തമാണ് പിന്നീട് സംഭവിക്കുകയെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം. ഇതു മാത്രമല്ല പമ്പ് തുടങ്ങാനിരുന്ന ചെങ്ങളായിയിലെ സ്ഥലത്തിന് ചുറ്റും നെൽപ്പാടമാണ്. കനത്ത മഴ പെയ്താൽ ഒരാൾപൊക്കത്തിൽ വെള്ളം ശ്രീകണ്ഠാപുരം മുതൽ ചെങ്ങളായി വരെ കയറാറുണ്ടെന്ന് കണ്ണുരുകാർക്കെല്ലാം അറിയാം. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കവെ പെട്രോൾ പമ്പ് തുടങ്ങുന്നതിനായി ഒരുമ്പിട്ടറങ്ങിയ കെ.വി പ്രശാന്തന് വേണ്ടി യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ ധാർമ്മികരോഷം കൊണ്ടത് എന്തിനായിരുന്നുവെന്നാണ് ചോദ്യം?
പാവപ്പെട്ട ഒരാൾക്ക് ക്ഷേമ പെൻഷൻ കിട്ടാനോ റേഷൻ കാർഡ് അനുവദിക്കാനോ വീട് പുതുക്കി പണിയാനോ വേണ്ടി ഒരു കമ്യുണിസ്റ്റ്കാരി ഉന്നത ഉദ്യോഗസ്ഥനോട് ധാർമ്മികരോഷം കൊണ്ടതെങ്കിൽ അതിൽ അവർക്ക് സ്വയം നീതികരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇവിടെ നടന്നത് മറ്റൊരു കാര്യമാണ്. സ്വന്തം ഭർത്താവ് അജിത്തിൻ്റെ കൂടെ ജോലി ചെയ്യുന്ന കെ.വി പ്രശാന്തനെന്ന പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ സർക്കാർ ജീവനക്കാരൻ. ഭർത്താവ് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ ബിനാമി ബിസിനസ് തുടങ്ങാൻ വേണ്ടി നിയമലംഘനങ്ങൾ മുഴുവൻ നടത്തിയിട്ട് എ.ഡി.എം അനുമതി നൽകിയില്ലെന്നാണ് വിമർശനമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
ഇതുകൂടാതെ യാതൊരു തെളിവുമില്ലാതെ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ് ആ മനുഷ്യനെ പരസ്യമായി അപമാനിക്കുകയും ചെയ്തു. ദിവ്യ യ്ക്കെതിരെ കേസെടുത്ത പൊലീസ് ആരോപണം ഉന്നയിച്ച കെ.വി പ്രശാന്തിനെതിരെയും കേസെടുക്കണം. വാലും തുമ്പുമില്ലാത്ത ഒരു കടലാസ് കാണിച്ച് താൻ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാണ് ഇയാൾ പറയുന്നത്. അതു തെളിയിക്കുന്നതിനായിഒരു രസീതോ പരാതി സ്വീകരിച്ചതിൻ്റെ നമ്പറുകളോ ഇയാളുടെ കൈയ്യിലില്ല. രണ്ട് പ്രമുഖ സി.പി.എം നേതാക്കളുടെ ബന്ധുവാണെന്ന തിണ്ണമിടുക്കാണ് പ്രശാന്തൻ കാണിക്കുന്നതെന്നാണ് ആക്ഷേപം.
ഇയാൾ എ.ഡി.എമ്മിന് ചില്ലിക്കാശ് കൊടുത്തിട്ടില്ലെന്ന് മറ്റൊരാളുമായുള്ള ഫോൺ സന്ദേശത്തിൽ നിന്നുതന്നെ പുറത്തായിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായ ഇദ്ദേഹത്തിൻ്റെ കൈയ്യിൽ എവിടെ നിന്നാണ് മൂന്ന് കോടി വരുന്നത്. ലോട്ടറി അടിച്ചതായി കേട്ടറിവില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ബിനാമി ബിസിനസ് നടത്തുന്നത് നിയമലംഘനമാണെന്ന ചട്ടം നിലനിൽക്കവെ പെട്രോൾ പമ്പിന് അപേക്ഷ നൽകുക മാത്രമല്ല അതു ലഭിക്കാത്തതിനെ തുടർന്ന് കലഹമുണ്ടാക്കുകയും ചെയ്തയാളാണ് ദിവ്യ വിശേഷിപ്പിച്ച പാവം വ്യവസായ സംരഭകൻ. ഇത്തരം കള്ള ത്തരങ്ങൾക്ക് കൂട്ടുപിടിച്ചയാളാണ് പി.പി ദിവ്യയെന്ന് പകൽ പോലെ വ്യക്തമാണ് അല്ലാതെ അവർ പറയുന്നതുപോലെ അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയതൊന്നുമല്ലെന്നും കുറ്റപ്പെടുത്തുന്നവരുണ്ട്.
സത്യസന്ധനെന്ന് റവന്യു മന്ത്രി പോലും വിശേഷിപ്പിച്ച ഒരു ഉദ്യോഗസ്ഥനെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ബലി കൊടുത്തയാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ നിന്നു മാത്രമല്ല പൊതുജീവിതത്തിൽ നിന്നുതന്നെ രാജി വയ്ക്കണം. അല്ലെങ്കിൽ എ.ഡി.എം നവീൻ ബാബുവിൻ്റെതുപോലെ ചോര പൊടിയാത്ത നിശബ്ദ മരണങ്ങൾ ഇനിയുമുണ്ടായേക്കാം.
#KeralaPolitics #Corruption #PPDivya #Resignation #IndiaNews #BreakingNews