Controversy | ഇതാണ് ആ ഡീൽ, ആരും ഈ ഭരണത്തെക്കുറിച്ച് സംസാരിക്കുന്നില്ല! യുഡിഎഫ് സ്ഥാനാർത്ഥിയെങ്കിലും അത് സംസാരവിഷയമാക്കേണ്ടത് അല്ലേ?


● പൊതുസമൂഹത്തിൽ ഭരണത്തെക്കുറിച്ച് ചർച്ചയുണ്ടാക്കേണ്ടത് അനിവാര്യമാണ്.
● സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ചയാകണം
● ആവശ്യമില്ലാത്ത ആരോപണങ്ങളുടെ പിറകെ പോകരുത്
റോക്കി എറണാകുളം
(KVARTHA) എല്ലാവരും ഇപ്പോൾ ഡീലിൻ്റെ പുറകെയാണ്. ഇതു തന്നെയല്ലെ ശരിക്കുമുള്ള ഡീൽ. കോൺഗ്രസ് പറയുന്നു, പാലക്കാട് സി.പി.എം - ബി.ജെ.പി ഡീൽ എന്ന്. മറിച്ച് എൽ.ഡി.എഫ് പറയുന്നു, അവിടെ നടക്കുന്നത് കോൺഗ്രസ് - ബി.ജെ.പി ഡീൽ എന്ന്. ശരിക്കും എന്താണ് നടക്കുന്നത്. ആരൊക്കെയോ മുഖ്യമന്ത്രിയുമായി ഡീൽ ഉണ്ടാക്കി പ്രവർത്തിക്കുന്നു എന്നത് അല്ലെ സത്യം. ഈ അവസരത്തിൽ പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന ഒരു ചോദ്യമിതാണ്. ആരും കേരള ഭരണത്തെക്കുറിച്ച് എന്താണ് സംസാരിക്കാത്തത്. യുഡിഎഫ് സ്ഥാനാർത്ഥിയെങ്കിലും അത് സംസാരവിഷയം ആക്കേണ്ടത് അല്ലേ?
ആരും ഈ സർക്കാരിൻ്റെ ഭരണത്തെക്കുറിച്ച് സംസാരിക്കാതെ ഇരിക്കാൻ ആണ് ഈ ഡീൽ ആയിട്ട് വന്നിരിക്കുന്നത്. അത് കോൺഗ്രസ് അത് തിരിച്ചറിയണം എന്ന് പൊതുബോധമുള്ള പൊതുജനം സോഷ്യൽ മീഡിയയിലൂടെയും മറ്റും വിളിച്ചു പറയുമ്പോൾ പ്രതിപക്ഷ നേതാവും യു,ഡി.എഫ് സ്ഥാനാർത്ഥിയുമൊക്കെ ഡീലിൻ്റെ പുറകെ പോകുന്നത് മണ്ടത്തരമാകും എന്നത് തിരിച്ചറിയുകയാണ് വേണ്ടത്. ഡീൽ വിവാദം ഇപ്പോൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കുറിപ്പിൽ പറയുന്നത്: 'പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിയ്ക്ക് ജയിക്കാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പ് അല്ല. ഏതുനിമിഷവും ജയിലിൽ പോകാൻ നിൽക്കുന്ന വീണ മോളെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. ലോകസഭയിലും നിയമസഭയിലും ബിജെപിക്ക് ഒരു സീറ്റ് എന്നുള്ള ഡിമാൻഡ് ആണ് പിണറായി വിജയന് മുന്നിൽ ബിജെപി വെച്ചിരിക്കുന്നത്. അതിൽ എഡി ഡിജിപി സംഘി കുമാറിനെ കൊണ്ട് പൂരം കലക്കിപ്പിച്ച് സുരേഷ് ഗോപിക്ക് സിനിമയിലെ ഹീറോ പരിവേഷണം നൽകി ആംബുലൻസിൽ കൊണ്ടിറക്കി തൃശ്ശൂർ സീറ്റ് ബിജെപിക്ക് പിണറായി വിജയൻ വെള്ളിത്തളികയിൽ വെച്ചുകൊടുത്തു.
പക്ഷേ പാലക്കാട് കലക്കാൻ പൂരങ്ങളോ ഉത്സവങ്ങളോ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് അവിടെ സിപിഎമ്മുകാർ തന്നെ ഏറ്റവും വെറുക്കുന്ന ഒരു സ്ഥാനാർത്ഥിയെ നിർത്തുക എന്നതാണ് പിണറായി വിജയൻറെ ബുദ്ധി. അതിന് കോൺഗ്രസിൽ നിന്നും സീറ്റ് കിട്ടാതെ പുറത്തുവന്ന് ബിജെപിയോട് സീറ്റ് ചോദിച്ച് അവർക്കും സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞപ്പോൾ സിപിഎമ്മിലേക്ക് ചേക്കേറിയ സരിനെ അല്ലാതെ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ വെറുപ്പിക്കാൻ ഇതിലും വൃത്തികെട്ട ഒരു സ്ഥാനാർത്ഥി വേറെ ആരുണ്ട്.?
പിണറായിയുടെ ലക്ഷ്യം ബിജെപിക്ക്, പുന്നാര മകൾക്ക് വേണ്ടി പാലക്കാട് എൽഡിഎഫ് തോൽക്കുക എന്നത് തന്നെയാണ്. അതല്ലെങ്കിൽ അനായാസം ജയിച്ചു കയറാൻ പറ്റിയ ഒരുപാട് നേതാക്കന്മാർ സിപിഎമ്മിൽ ഇന്നും ഉണ്ട്. പാലക്കാട് എൽഡിഎഫിന്റെ തോൽവി ഭയാനകരമായിരിക്കും. ആ തോൽവിയുടെ ന്യായീകരണവും ഗോവിന്ദന് പിണറായിയും കുടുംബവും ഇപ്പോഴേ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു. 'പാർട്ടിക്ക് തെറ്റുപറ്റി സമൂഹത്തിൽ ഇത്രയും വെറുപ്പുണ്ടായിരുന്ന സരിൻ എന്ന വൃത്തികെട്ട സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പാടില്ലായിരുന്നു. ജനങ്ങളുടെ പൾസ് മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല, ശുഭം'.
മുൻപ് തൃക്കാക്കരയിൽ സംഭവിച്ചത് പോലെ ചരിത്രത്തിൽ രണ്ടാമതൊരു ജോ ജോസഫ് കൂടി സരിനിലൂടെ പാലക്കാട് പിറന്നിരിക്കുന്നുവോ? ഈ സർക്കാരിൻ്റെ 10 വർഷത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ ആരെങ്കിലും തുനിഞ്ഞാൽ മുഖ്യമന്ത്രിയുടെയും ഈ സർക്കാരിൻ്റെയും പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽക്കുമെന്ന് അവർക്ക് അറിയാം. അങ്ങനെ വന്നാൽ വൻ വിമർശന ശരങ്ങൾ മുഖ്യമന്ത്രിയ്ക്ക് നേരെ ഉയരും. പാലക്കാട് വലിയ തോൽ വി സി.പി.എമ്മിന് സംഭവിച്ചാൽ മുഖ്യമന്ത്രിയുടെ തുടർന്നുള്ള നിലനിൽപ്പിനെ തന്നെ അത് ബാധിച്ചെന്നിരിക്കും. അതിന് തടയിടാൻ അല്ലെ ഇടതു സ്ഥാനാർത്ഥിയെക്കൊണ്ട് ഡീൽ പറയിപ്പിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?
ഒരു പക്ഷേ പാർട്ടിയും മുഖ്യമന്ത്രിയും ഒക്കെ അറിഞ്ഞു തന്നെ ഉണ്ടാക്കിയതാണ് ഈ ഡീൽ വിവാദം എന്ന് സംശയിക്കേണ്ടി വരും. പാലക്കാട് ഇടതുമുന്നണി തോറ്റാൽ എല്ലാ കുറ്റവും പാർട്ടിക്കാരനല്ലാത്ത ഇന്നലെവരെ കോൺഗ്രസിൻ്റെ കൂടെ നിന്നവൻ്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യാം. ആ കെണിയിൽ യു.ഡി.എഫും യു.ഡി.എഫ് സ്ഥാനാർത്ഥിയും വീഴാതിരിക്കുകയാണ് വേണ്ടത്. ഇനിയും ഈ ഡീൽ വിവാദം പെരുപ്പിച്ചു കൊണ്ടുപോകാതെ ഈ സർക്കാരിൻ്റെ ഭരണപരാജയങ്ങളും അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ അക്കമിട്ട് നിരത്തി അത് ജനങ്ങളുടെ മുൻപിൽ എത്തിക്കുകയാണ് വേണ്ടത്. ആര് ആരൊക്കെയായും ഡീൽ നടത്തിയാലും അതിൽ സാധാരണ ജനങ്ങൾക്ക് എന്ത് കാര്യം. അവർക്ക് അവരുടെ ജീവിത പ്രശ്നമാണ് മറ്റെന്തിനെക്കാലും വലുത്.
അതിന് പറ്റുന്നില്ലെങ്കിൽ ആർ എവിടെയൊക്കെ ഡീൽ നടത്തിയാലും അവർ നിഷ്പപക്ഷമായി ഈ ഭരണത്തിനെതിരെ വിധിയെഴുതും. അതിലേയ്ക്കാണ് ഇനിയുള്ള സമയം തെരഞ്ഞെടുപ്പ് ചർച്ചകൾ എത്തേണ്ടത്. പാർട്ടി അല്ല ഇവിടെ ആരെ ജയിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത്. പൊതുജനമാണ് ഇവിടുത്തെ ജയപരാജയങ്ങൾ നിശ്ചയിക്കേണ്ടത്. അങ്ങനെയൊരു സാഹചര്യം സംജാതമായാൽ മാത്രമേ നമ്മുടെ നാട് പുരോഗതിയിലേയ്ക്ക് എത്തുകയുള്ളു.
ഈ തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പ് എത്രയെത്ര അഴിമതി കഥകളാണ് ഭരണകക്ഷിയുടെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട പി.വി അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പറഞ്ഞത്. പലതും കേട്ട് ജനം മൂക്കത്ത് വിരൽ വെച്ചിരിക്കുന്നതും കണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കേൾക്കുന്നത് അതൊന്നുമല്ല. ഡീൽ വിവാദമാണ്. ഭരണപക്ഷത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും ആവിയായി പോയ അവസ്ഥ. ഇതിലും അൻവർ പറഞ്ഞ ആ നക് സസ് ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
#KeralaElections #PoliticalControversy #VoterAwareness #UDF #LDF #ElectionDynamics