Criticism | ആദ്യം 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' വാട്സ് ആപ് ഗ്രൂപ്പ്, പുറത്തായപ്പോൾ മുസ്ലിം നാമത്തിലും വന്നു; പിന്നിൽ ആരുടെ തന്ത്രം? കേരളം ഉത്തരേന്ത്യ പോലെയാവാൻ അധികം സമയം വേണ്ട!
● ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായാണ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്
● ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥർ ആശങ്ക പങ്കുവച്ചു
● ഗോപാലകൃഷ്ണൻ തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന് വിശദീകരിച്ചു
മിന്റാ മരിയ തോമസ്
(KVARTHA) കേരളം ഉത്തരേന്ത്യ പോലെ ആവാൻ അധികം സമയം വേണ്ട. ഹിന്ദുക്കൾ ഒരു ചേരി, മുസ്ലീങ്ങൾ ഒരു ചേരി. ഒരു കല്യാണത്തിന് പോലും പങ്കെടുക്കില്ല. കേരളത്തിലും അതുപോലെ ആകുവാൻ മത്സരിക്കുകയാണ്. ഒരു മതസ്ഥർ മാത്രമല്ല, എല്ലാവരും അതിൽ കണക്കാണ്. രാഷ്ട്രീയത്തിലേക്ക് മതം കലർത്തുമ്പോൾ ഇവിടെ ഇല്ലാതാകുന്നത് മതേതരം ആണ്. സംസ്ഥാനത്ത് ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തെ ചൊല്ലിയുള്ള വിവാദത്തിൽ തന്‍റെ ഫോൺ 'ഹാക്ക്' ചെയ്യപ്പെട്ടതാണെന്ന് ആവർത്തിച്ച് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് രംഗത്ത് എത്തിയതാണ് ചർച്ചയായിക്കുന്നത്.
ഗോപാലകൃഷ്ണൻ അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദ കനക്കുന്നതിനിടെ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം ഹാക്കിംഗ് ആണ് സംഭവിച്ചതെന്ന് വിശദീകരണം നടത്തിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളാണ് ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് വിശദീകരിച്ചത്. 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' മാത്രമല്ല 'മല്ലു മുസ്ലിം ഓഫീസേർസ്' എന്ന ഗ്രൂപ്പും തന്നെ അഡ്മിൻ ആക്കിക്കൊണ്ട് ഫോൺ ഹാക്ക് ചെയ്തവർ ഉണ്ടാക്കി എന്നാണ് ഗോപാലകൃഷ്ണൻ മാധ്യമങ്ങളിലൂടെ നൽകിയ പുതിയ വിശദീകരണം. തന്‍റെ ഫോൺ ആരോ ഹാക്ക് ചെയ്തു എന്ന വിശദീകരണം ഗോപാലകൃഷ്ണൻ ആവർത്തിച്ചു.
ഫോൺ ഹാക്ക് ചെയ്തവർ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ ചേർത്തുകൊണ്ട് തന്നെ അഡ്മിനാക്കി ഒരേ സമയം 11 ഗ്രൂപ്പുകൾ ഉണ്ടാക്കി എന്നും വ്യവസായ വകുപ്പ് ഡയറക്ടർ വിശദീകരിച്ചു. അതിൽ രണ്ട് ഗ്രൂപ്പുകളാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സും, മല്ലു മുസ്ലിം ഓഫീസേഴ്സുമെന്നും ഗോപാലകൃഷ്ണൻ വിവരിച്ചു. ഇക്കാര്യങ്ങളടക്കം ചൂണ്ടികാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും വ്യവസായ വകുപ്പ് ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പ് വിവാദം ഇങ്ങനെ
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് ദീപാവലിയുടെ തലേ ദിവസം 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' വാട്സ് ആപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. ഗോപാലകൃഷ്ണൻ ഐ എ എസ് ആയിരുന്നു അഡ്മിൻ. സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെ അംഗങ്ങളാക്കിക്കൊണ്ടാണ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്‍റെ ആശങ്ക പങ്കുവച്ചു. പിന്നാലെ ഇവർ ഗോപാലകൃഷ്ണൻ ഐഎഎസിനെ ബന്ധപ്പെട്ടതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി.
ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണന്‍റെ സന്ദേശമെത്തി. ഫോൺ ആരോ ഹാക്ക് ചെയ്തെന്നും ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും പൊലീസിൽ അറിയിക്കുമെന്നും ഗോപാലകൃഷ്ണൻ സന്ദേശത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിവാദം
ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും പലർക്കും വകതിരിവ് ഇല്ലങ്കിൽ എന്തുകാര്യമെന്ന് ചിലർ ചോദിക്കുന്നു. ശരിക്കും ഇവിടെ എന്തോ മാജിക് നടന്നതുപോലെ തോന്നും ഈ വാർത്ത കാണുമ്പോൾ. കള്ളി വെളിച്ചത്തായപ്പോൾ പൊടുന്നനെ 'മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്സ് ആപ് ഗ്രൂപ്പ് മുസ്ലിം നാമത്തിലായി എന്ന് ആരോപിക്കുന്നവരുമുണ്ട്. ഇതിനായി ചിലരുടെ തല നല്ലപോലെ വർക്ക് ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കാമെന്നാണ് ഇവർ പറയുന്നത്.
ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് ഓഫീസ് രംഗത്ത് പോലും വർഗീയത നടമാടുന്നതിൻ്റെ നേർ കാഴ്ച തന്നെയാണ് ഇതെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ഇതിനെ ചുവട് പിടിച്ച് ഇനി ഇവിടെ പഴയ പോലെ ഹിന്ദു പാനി, മുസ്ലിം പാനി, ഹിന്ദു ഹോട്ടൽ, മുസ്ലിം ഹോട്ടൽ, ക്രിസ്ത്യൻ ഹോട്ടൽ, ഹലാൽ നോൺവെജ്, നോൺഹലാൽ നോൺവെജ് റെസ്റ്റോറൻ്റ് ഒക്കെ ഉണ്ടാകുമെന്നർത്ഥം. അതിൻ്റെയൊക്കെ തുടക്കമാണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ പോലും അവരെ എങ്ങനെ കുറ്റം പറയാൻ സാധിക്കും.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ എം.എൽ.എ, മന്ത്രി തലം വരെ പല വെളിച്ചമുള്ള ഗ്രൂപ്പുകൾ കേരളത്തിൽ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. എന്തിന് ഏറെ പറയുന്നു സാധുക്കളുടെ ആശ്രയമെന്ന് പറയുന്ന സർക്കാർ ഹോസ്പിറ്റലിൽ പോലും ഗ്രൂപ്പുകളുടെ കടുത്ത വർഗീയത കാണാൻ പറ്റുന്നുണ്ടെന്നാണ് സാധാരണ ജനം പറയുന്നത്. തമ്മിലടിച്ചു ചാവും അത്രതന്നെ, ഇതുകൊണ്ടക്കെ കൊണ്ടുള്ള ഗുണം അല്ലാതെന്ത്? എന്തിനും ഏതിനും കള്ളിവെളിച്ചത്താകുമ്പോൾ ഒരു സമൂഹത്തിൻ്റെ ചുമലിലേയ്ക്ക് കെട്ടിവെച്ച് രസിക്കുക. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്ന് ഏത് കണ്ണുപൊട്ടനും മനസ്സിലാകും.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവൻ്റെ തലയ്ക്കിട്ട് കൊടുക്കുക. അതാണ് ഇപ്പോൾ ഇവിടുത്തെ സർക്കാരും കേന്ദ്ര സർക്കാരുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. വർഗീയതയെ മുതലാക്കി രാഷ്ട്രീയ ലാഭം കൊയ്യുന്നു. നശിക്കുന്നതോ ഇവിടുത്തെ മനസമാധാനവും. ഇപ്പോൾ മനസ്സിലായല്ലോ മതം തലക്കു പിടിച്ചവർ ആരൊക്കെ എന്ന്. എന്തായിരുന്നാലും എല്ലാവരും നല്ലതു പോലെ ജീവിക്കുക. അയൽക്കാരനെ നിന്നെ പോലെ സ്നേഹിക്കുവാൻ പഠിക്കുക. അപ്പോൾ എല്ലാം ശരിയാവും. സ്നേഹം അത് നിർവ്യാജ്യസ്നേഹം ആകട്ടെ. കപടകാമമാകാതിരിക്കട്ടെ.
#KeralaControversy, #WhatsAppGroup, #IASOfficers, #CommunalTension, #KeralaNews, #SocialMedia