Criticism | മരിച്ചവരെ സംസ്കരിക്കേണ്ടത് സ്വന്തം വീട്ടുവളപ്പിലാകരുത്; എല്ലാ ഐഡൻ്റിറ്റിയോടും കൂടെ പൊതുശ്മശാനത്തിലാകണം; ഇത് ചർച്ചയാകേണ്ട വിഷയം


● വീണ്ടും ഗോപൻ സ്വാമിയെ 'ഭക്തരെല്ലാവരും' കൂടി സമാധിയിരുത്തിയെന്നാണ് പറയുന്നത്.
● മരണത്തിൽ മറ്റ് ദുരുഹതയൊന്നും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
● മത വിശ്വാസികൾ അവരവരുടെ ആരാധനാലയങ്ങളോടു ബന്ധപ്പെട്ട സെമിത്തേരിയിലും അല്ലാത്തവർ പൊതു ശ്മശാനങ്ങളിലും സംസ്ക്കാരം നടത്താൻ ഇടം കണ്ടെത്തുകയാണ് വേണ്ടത്.
● മതിയായ രേഖകളോ നിയമ പരിരക്ഷയോ സർക്കാരിൻ്റെ അനുമതിയോ ഇല്ലാതെ മനുഷ്യരെ സ്വന്തം ഇടങ്ങളിൽ സംസ്കരിക്കുന്നതിനു വിലക്കുണ്ടാകണം.
സോണി കല്ലറയ്ക്കൽ
(KVARTHA) നെയ്യാറ്റിൻകര ആറാലും മൂട്ടിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയെന്ന വ്യക്തി ഈ സമൂഹത്തിൽ നിന്ന് തിരോധാനം ചെയ്യപ്പെട്ടുമെന്ന് ആളുകൾക്ക് മനസ്സിലായത്. അതോടെയാണ് ഗോപൻ സ്വാമി എന്ന പേര് പ്രശസ്തമായത്. അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നതോടെ കഥ മാറി, വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിക്കാൻ പൊലീസെത്തി.
ഇതോടെ ഒരു വിഭാഗം എതിർപ്പുമായെത്തി. പിന്നീട് കോടതി വിധിയെത്തുടർന്ന് ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുകയും ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുകയും ആയിരുന്നു. മരണത്തിൽ മറ്റ് ദുരുഹതയൊന്നും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. വീണ്ടും ഗോപൻ സ്വാമിയെ 'ഭക്തരെല്ലാവരും' കൂടി സമാധിയിരുത്തിയെന്നാണ് പറയുന്നത്. ഇതിനുശേഷം അദ്ദേഹത്തിൻ്റെ മകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കപ്പേടേണ്ടതാണ്. 'ഗോപൻ സ്വാമി സമാധി തീർത്ഥാടന കേന്ദ്രമാക്കും. ഭക്തർ ഇനി ഒഴുകി വരും. ലിംഗ പ്രതിഷ്ഠ ചെയ്ത് നിത്യാരാധന നടത്തും', എന്നൊക്കെ ഗോപൻ സ്വാമിയുടെ മകൻ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പ്രസ്താവിക്കുകയുണ്ടായി.
പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ശരിക്കും ഇപ്പോൾ കേരളം ഭ്രാന്താലയം തന്നെയോ?. ആർക്കും ഇവിടെ എന്തും ആകാമെന്നുള്ള സന്ദേശമാണോ ഗോപൻ സ്വാമിയുടെ സമാധിയും ആൾദൈവമാക്കലുമൊക്കെ നമുക്ക് തരുന്ന സന്ദേശം. നാടിന്റെ ഒരു ഗതികേട് തന്നെ, ഇതിനൊക്കെ കുടപിടിക്കാൻ കുറെ കോമാളികളും. അപ്പൻ ചാകാറായി, ഒരു പോസ്റ്റർ അടിച്ചു ശവക്കല്ലിൽ വെച്ച് ചെറുതായി ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാം എന്ന് വിചാരിച്ചത് ആയിരുന്നു മക്കൾ. പക്ഷേ അതിന് ഇത്രത്തോളം പബ്ലിസിറ്റി കിട്ടി മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടു പോകാൻ കഴിയുമെന്ന് ഇവർ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.
കല്ലറ പൊളിച്ചു. അതിനുള്ളിൽ മരണപ്പെട്ട വ്യക്തിയുണ്ട്. എത്ര ദിവസം ആ ശരീരം അതിനുള്ളിൽ ഇരുന്നു. എന്തുകൊണ്ട് ഇത്രയും ദിവസം നിയമപരമായി മരണം സ്ഥിരീകരിക്കാതെ മരണവിവരം മറച്ചു വച്ചു. ഈ രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയും ഉണ്ടെന്ന് പോലും നോക്കാതെ. ഇതുപോലെയുള്ള കാര്യങ്ങൾ ഇനിയും ഗൗരവത്തോടെ എടുത്തില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ അരങ്ങേറിയെന്ന് വരാം. കേരളം പോലെയുള്ള സംസ്ഥാനത്ത് വരുമാനത്തിന് ഏറ്റവും നല്ല ബിസിനസ് മതവും ആൾ ദൈവങ്ങളുമാണെന്ന് പലരും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ വരെ മത നേതാക്കളുടെ മുന്നിൽ മുട്ടിടിക്കുന്നത് പൊതുജനം നിത്യവും കാണുന്ന കാഴ്ച തന്നെയാണല്ലോ?
മരിച്ചവരെ സംസ്കരിക്കേണ്ടത് സ്വന്തം വീട്ടുവളപ്പിലല്ല, എല്ലാ ഐഡൻ്റിറ്റിയോടും കൂടെ പൊതു ശ്മശാനത്തിലാകുന്നത് അല്ലേ വേണ്ടത്? ആ അവസരത്തിൽ ഇവിടെ ചർച്ചയാക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണിത്. ഇന്നത്തെ വീട്ടു വളപ്പിൻ്റെ ഉടമ നാളെ മറ്റൊരാൾ ആയികൂടെന്നില്ല. മൃതദേഹ സംസ്ക്കാരം സ്വന്തം വീട്ടുവളപ്പിൽ ആകുമ്പോൾ ഗോപൻ സ്വാമിയുടെ പോലെ പല വിഷയങ്ങളും അരങ്ങേറാനും സാധ്യതയുണ്ട് എന്നതും മറക്കരുത്. മത വിശ്വാസികൾ അവരവരുടെ ആരാധനാലയങ്ങളോടു ബന്ധപ്പെട്ട സെമിത്തേരിയിലും അല്ലാത്തവർ പൊതു ശ്മശാനങ്ങളിലും സംസ്ക്കാരം നടത്താൻ ഇടം കണ്ടെത്തുകയാണ് വേണ്ടത്. ജനവാസ ഇടങ്ങളിൽ ഒറ്റപ്പെട്ട കല്ലറകൾ പൊതു സമൂഹത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കും.
പലരും ഇത് മുതലെടുക്കാനും ഇടയുണ്ട്. അത് അവരുടെ അവകാശ ലംഘനവുമാണല്ലോ. മതിയായ രേഖകളോ നിയമ പരിരക്ഷയോ സർക്കാരിൻ്റെ അനുമതിയോ ഇല്ലാതെ മനുഷ്യരെ സ്വന്തം ഇടങ്ങളിൽ സംസ്കരിക്കുന്നതിനു വിലക്കുണ്ടാകണം. ഭാവിയിൽ ഇതു ക്രമസമാധാന പ്രശ്നമായി മാറാൻ സാദ്ധ്യതയുണ്ട് എന്നത് വിസ്മരിക്കരുത്. ഇതൊക്കെ സർക്കാരിന്റെ ചുമതലയിൽ പെട്ട കാര്യങ്ങൾ ആണ്. മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിക്കുന്നവരെ അതാത് രാഷ്ട്രീയ പാർട്ടികൾ വഴിയരികിൽ ഉള്ള സ്ഥലത്ത് സംസ്കരിക്കുന്നത് നിയമപരമായി നിരോധിക്കുകയും വേണം. ഇത്തരം സാഹചര്യം ഉണ്ടായാൽ ഇവിടുത്തെ ക്രമസമാധാന നില തകരുകയില്ല എന്നതാണ് യാഥാർത്ഥ്യം.
ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും അവരവരുടെ പള്ളികളോടു ചേർന്ന് സെമിത്തേരികളും ഖബറിടങ്ങളുമുണ്ട്. ഇവ ഉപയോഗപ്പെടുത്താം. ഹൈന്ദവർക്കും വിവിധ ജാതി സംഘടനകളായി തിരിഞ്ഞ് സെമിത്തേരി പ്രശ്നം പരിഹരിക്കാം. സർക്കാരിന്റെ അനുമതിയോടെ പൊതു ശ്മശാനവും (പഞ്ചായത്ത് വാർഡ്) അടിസ്ഥാനത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇപ്പറഞ്ഞതാണ് ശരിയായ മാനദണ്ഡം. ഇതുപോലെ ഒരു സംവിധാനം ഇവിടെ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിലെ എല്ലാ പഞ്ചായത്തിലും എല്ലാ വാർഡിലും ക്രമേണ എല്ലാ വീട്ടിലും ഓരോരോ ദൈവങ്ങൾ ഉണ്ടായി വന്നെന്നിരിക്കും. ഇതുപോലെ ഓരോ ആൾ ദൈവങ്ങളുടെ സമാധികൾ കൂടുതൽ ഉയരും.
മനുഷ്യൻ്റെ മരണം സംഭവിക്കുന്നത് പല വിധത്തിലാകാം. സ്വാഭാവിക മരണം, ആത്മഹത്യ, അപകട മരണം, പ്രക്യതി ദുരന്തം, കൊലപാതകം ഇതിൽ ഏതായാലും ശരീരത്തിൽ നിന്നു ആത്മാവ് വേർപെടുമ്പോൾ അല്ലെങ്കിൽ ശരീര അവയവങ്ങളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കുമ്പോൾ ആണല്ലോ മരണം സംഭവിക്കുന്നത്. സമാധി എന്നതു ചിലരുടെ മരണത്തിനു സമൂഹം നൽകുന്ന ഒരു ബഹുമതിയായിട്ടാണു കരുതിയിരുന്നത്. നാടു നീങ്ങി, തീപ്പെട്ടു എന്നിവ രാജാക്കന്മാരെ സംബന്ധിച്ചും കാലം ചെയ്തു എന്നത് ക്രൈസ്തവ മഹാ പുരോഹിതന്മാരെ സംഭന്ധിച്ചും പൊതുവേ പറയാറുണ്ട്.
ചരമമടഞ്ഞു, നിര്യാതനായി, മരിച്ചു എന്നൊക്കെ സാധാരണക്കാരെക്കുറിച്ചും പ്രചാരത്തിൽ ഉണ്ട്. എന്നാൽ സമാധി അടഞ്ഞു എന്നു കേൾക്കുന്നത് ഹൈന്ദവ സന്യാസിമാർ മരണപ്പെടുമ്പോഴാണ്. അതിനെ ഏത് രീതിയിലും വക്രിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തെയാണ് ഗോപൻ സ്വാമിയെന്ന ആളുടെ മരണവുമായി ബന്ധപ്പെട്ട് നാം കണ്ടത്. അങ്ങനെ ചുമട്ട് തൊഴിലാളിയായ ഗോപനെ ദൈവമാറ്റുന്ന കാഴ്ച. ഇതൊന്നുമില്ലെങ്കിൽ നിത്യ ചിലവിനുള്ള പണം.കിട്ടില്ലല്ലോ! ഇത്തരം പ്രവണതകൾക്ക് തടയിടാനുള്ള നിയമ സംവിധാനങ്ങൾ ആവിഷ്ക്കരിക്കുകയാണ് വേണ്ടത്. സത്യം ഭക്തി ആണ് ഏറ്റവും വലിയ ബിസിനസ്. അതിൽ മതമോ ജാതിയോ ഇല്ല!
#PublicBurial #Crematorium #ReligiousInfluence #LawAndOrder #SocialDebate #KeralaNews