Criticism | മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് 

 
Criticism

Representational Image Generated by Meta AI

മുല്ലപ്പെരിയാർ വിഷയത്തിൽ  അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു നിൽക്കാനുള്ള സമയമല്ല ഇത്. ഉത്തരവാദപ്പെട്ടവർ എത്രയുംവേഗം ഒരു തീരുമാനം എടുക്കുകയാണ് വേണ്ടത്. വൻ ദുരന്തം ഉണ്ടായിക്കഴിഞ്ഞിട്ട് മുതലക്കണ്ണീർ ഒഴുക്കിയിട്ട് കാര്യമില്ല

സോണിച്ചൻ ജോസഫ് 

(KVARTHA) 'സുരേഷ് ഗോപിയേട്ടനും രാഷ്ട്രീയം പഠിച്ചു തുടങ്ങിയോ, അന്തർ സംസ്ഥാന പ്രശ്നം എന്ന നിലയിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി മന്ത്രി എന്ന സ്ഥാനം ഉപയോഗിച്ച് ഇടപെട്ട് പ്രശ്നം പരിഹരിക്കുക', സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന പ്രതികരണങ്ങളാണ് ഇവ. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതാണ് വിഷയം. 

Criticism

ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നതെന്നും നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. 'താങ്കൾ കേന്ദ്രമന്ത്രിയല്ലേ, താങ്കളും കേരള സർക്കാരുമായി ചർച്ച ചെയ്തു ഒരു തീരുമാനം എടുത്താൽ ഈ ഇടിമുഴക്കം ഇല്ലാതാകിക്കൂടെ, ഇതു പൊട്ടിക്കാൻ നിക്കല്ലേ, എന്തെങ്കിലും പറ്റിയാൽ 50 ലക്ഷംപേരെങ്കിലും അറബികടലിൽ ചെന്ന് ചേരും.  അതുണ്ടാകാതിരിക്കുവാനാണ് തങ്ങളെ ഞങ്ങൾ ജയിപ്പിച്ചത്, തങ്ങൾ ശ്രമിച്ചാൽ ഇതു നടക്കും ഉറപ്പാണ്', നെറ്റിസൻസ് പറയുന്നു. 

'കേന്ദ്രവും കേരളവും തമിഴ്നാടും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്, വീണ്ടും കുറെ ജനങ്ങളുടെ കുരുതി കാണാൻ മത്സരിക്കുകയാണ് ഈ മൂന്ന് കൂട്ടരും, ജനങ്ങളുടെ വോട്ടുകൊണ്ട് നിങ്ങൾ ഓരോ ഓരോ സ്ഥാനത്ത് എത്തും, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ജനങ്ങൾ എന്താണ് ചിന്തിക്കേണ്ടത്', ഇങ്ങനെയൊക്കെയാണ് സുരേഷ് ഗോപിയുടെ ഈ അഭിപ്രായത്തിന് നേർക്ക് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ വരുന്നത്. ശരിക്കും കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി മുല്ലപ്പെരിയാർ വിഷയത്തിൽ ചെയ്യേണ്ടത് പ്രധാനമന്ത്രിയെ കാര്യങ്ങൾ  പറഞ്ഞു മനസിലാക്കി കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നുള്ളതാണ്. 

മറ്റുള്ള രാഷ്ട്രീയനേതാക്കൾ പറയുന്നതുപോലെ രാഷ്ട്രീയമുതലെടുപ്പ് ആകരുത് ഇത്. കാരണം, ജനങ്ങൾ അത്രകണ്ട് ഭീതിയിൽ ആണ് ഇരിക്കുന്നത്. അന്തർ സംസ്ഥാന വിഷയങ്ങൾ പരിഹരിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും താങ്കൾ ഉൾപ്പെടുന്ന കേന്ദ്രമന്ത്രിസഭയാണ്. ഗീർവാണം മുഴക്കാതെ കഴിവുണ്ടെങ്കിൽ നടപടി യുമായി മുന്നോട്ട് പോയാൽ ജനങ്ങൾ ഈ വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി താങ്കളുടെ പിന്നിൽ അണിനിരക്കുകയും ചെയ്യുമെന്നും അഭിപ്രായങ്ങളുണ്ടായി. ആളുകളെ മനുഷ്യരെ കൊലക്കു കൊടുത്തു സഹതാപ പിരിവെടുത്തു ജനങ്ങളെ വഞ്ചിക്കുകയല്ല ഭരണാധികാരികൾ ചെയ്യേണ്ടത്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി ചെയ്യേണ്ടത്  ചെയ്യുകയാണ് വേണ്ടത്. 

മനുഷ്യൻ്റെ ജീവൻ നഷ്ടപ്പെട്ടിട്ട് പിരിവെടുക്കുന്നതിനു മുന്നേ പിരിവെടുക്കാം, ജനം തരും. അതോടൊപ്പം തന്നെ കേരളത്തിലെ എല്ലാ പുഴകളുടെയും വീതി കൂട്ടുകയും വേണം. പണം കൊടുത്തു ഭൂമി വാങ്ങേണ്ട.  പുഴതീരം കേറ്റിയെടുത്തത് തിരിച്ചു പിടിച്ചാൽ മതി. പുഴയിലെ മണൽ വാരാൻ പെർമിഷൻ കൊടുക്കുക. പുഴയുടെ ആഴം കൂട്ടുക. ഇതൊക്കെ ചെയ്താൽ കുറച്ച് ദുരന്തങ്ങൾ ഇവിടെ ഒഴിവാക്കാനും സാധിക്കും. ആരായാലും, ഇടതും വലതും ഇവിടെ അധികാരത്തിൽ വരുമ്പോൾ മുല്ലപ്പെരിയാർ കണ്ടില്ല എന്ന് നടിക്കാറാണ് പതിവ്. എന്നാൽ സുരേഷ് ഗോപി അതിൽ നിന്നും വ്യത്യസ്തനാണ് എന്ന് വിചാരിക്കുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണം ഉടൻ ആരംഭിക്കാൻ കേന്ദ്രമന്ത്രി എന്ന നിലയിൽ മുൻ കൈ എടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. 

അങ്ങനെ വന്നാൽ മലയാളികൾ രാഷ്ട്രീയം മാറ്റി വെച്ചു ഒറ്റക്കെട്ടായി സുരേഷ് ഗോപിയെ പിന്തുണയ്ക്കാനും തയാറാകും. ഇത് ലക്ഷക്കണക്കിന് പേരുടെ ജീവൻ്റെ കാര്യമാണ്, അത് മറക്കേണ്ട. മുല്ലപ്പെരിയാർ വിഷയത്തിൽ  അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു നിൽക്കാനുള്ള സമയമല്ല ഇത്. ഉത്തരവാദപ്പെട്ടവർ എത്രയുംവേഗം ഒരു തീരുമാനം എടുക്കുകയാണ് വേണ്ടത്. വൻ ദുരന്തം ഉണ്ടായിക്കഴിഞ്ഞിട്ട് മുതലക്കണ്ണീർ ഒഴുക്കിയിട്ട് കാര്യമില്ല. തമിഴ് നാട്ടിൽ ഒരു സീറ്റു പോലും കിട്ടാതെ കേന്ദ്രത്തിൽ ഭരിക്കുന്നില്ലേ?.  കേരളത്തിൽ സീറ്റു കിട്ടുകയും ചെയ്യും. നല്ല തീരുമാനം എടുക്കുക.

സുരേഷ് ഗോപി അങ്ങ് ഒരു എംപി ആണ്. അതുപോലെ തന്നെ അങ്ങ് ഇപ്പോൾ ഒരു മന്ത്രിയും ആണ്. താങ്കൾക്ക് ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാം. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തം, അങ്ങനെ എന്തൊക്കെ ചെയ്യാൻ സാധിക്കും. അങ്ങയുടെ കൈയ്യിൽ നിന്ന് ഈ വക പോസിറ്റീവ് കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നു. മറ്റു 19 എംപി മാർക്ക് ചെയ്യാൻ പറ്റാത്തത് താങ്കൾ ചെയ്തു കാണിച്ചു കൊടുക്കണം.

#SureshGopi, #MullaperiyarDam, #KeralaPolitics, #DamSafety, #CentralGovernment, #TamilNaduIssues

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia