Suresh Gopi | 'മോദി തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു'; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; താരം ഡൽഹിയിലേക്ക്
ന്യൂഡെൽഹി: (KVARTHA) തൃശൂരിൽ നിന്നും വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ഞായറാഴ്ച പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ താരം ഡെൽഹിയിലേക്ക് തിരിച്ചു. 12.30യ്ക്കുള്ള വിമാനത്തിലാണ് ഡൽഹിയിലേക്ക് പോകുക. ഏതാകും വകുപ്പെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
'പ്രധാനമന്ത്രി തീരുമാനിച്ചു, ഞാൻ അദ്ദേഹത്തെ അനുസരിക്കുന്നു, എന്നെ കാത്തിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല', ഡൽഹിയിലേക്ക് പുറപ്പെടും മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച രാജീവ് ചന്ദ്രശേഖറും മോദി സർക്കാരിൽ മന്ത്രിയായി തുടരുമെന്നാണ് റിപ്പോർട്ട്. ബിജെപി തമിഴ് നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫിലെ വിഎസ് സുനിൽകുമാറിനെയും യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനേയും പരാജയപ്പെടുത്തി അഭിമാന വിജയം നേടിയ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുക.
ഞായറാഴ്ച വൈകീട്ട് 7.15 മണിയോടെ രാഷ്‌ട്രപതി ഭവൻ പരിസരത്ത് നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത് എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്.