Suresh Gopi | സുരേഷ് ഗോപി ആദ്യം പോകേണ്ടത് ഒ രാജഗോപാലിന്റെ അടുത്തായിരുന്നു; ഈ കളി തീക്കളി, ഇടതും വലതും സൂക്ഷിക്കുക!


സോണി കല്ലറയ്ക്കൽ
(KVARTHA) എന്റെ ഗോപ്യേ ഇത് എന്തു ഭാവിച്ചാ. ഇടതിനേയും വലതിനേയും ഒരുമിച്ച് അങ്ങ് എടുക്കാൻ പോവ്വാണോ?. ലീഡർ കെ കരുണാകരൻ കേരളത്തിന്റെ ധീരനായ ഭരണകർത്താവായിരുന്നു എന്ന് ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. ഇതാണ് സുരേഷ് ഗോപി ശരിക്കുമുള്ള അഭിനയം. അഭിനയിക്കാൻ നന്നായി അറിയാം സമ്മതിച്ചു. രാഷ്ട്രീയ നേതാക്കളെ പരിഹസിച്ചും കുറ്റം പറഞ്ഞും സിനിമാ കഥാപാത്രമായ ആൾ ഇന്ന് രാഷ്ട്രീയക്കാരനായി അഭിനയിച്ച് രാജ്യം ഭരിക്കുന്നു. അതാണ് ഇപ്പോൾ സത്യവും . കോൺഗ്രസ് ലീഡർ കെ കരുണാകരൻ്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
അദ്ദേഹം കെ കരുണാകരനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇതാണ്: 'ഗുരുത്വം നിർവഹിക്കാനാണ് കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തിയത്. കേരളത്തിലെ കോൺഗ്രസിൻ്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണ്. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. ഈ സന്ദർശനത്തിൽ രാഷ്ട്രീയമാനം കാണരുത്. മാനസപുത്രൻ എന്ന വാക്കാണ് കെ കരുണാകരൻ തന്നെക്കുറിച്ച് ഉപയോഗിച്ചിരുന്നത്. രാജ്യം നൽകിയ പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് ഇവിടെ എത്തിയത്. വ്യക്തി നിർവഹണം ഹൃദയത്തിൽ നിന്ന് വരുന്നതാണ്. അതിന് ഒരിക്കലും രാഷ്ട്രീയമാനം കാണേണ്ടതില്ല.
2019ൽ സ്ഥാനാർത്ഥിയായി തൃശൂരിൽ വരുന്ന സമയത്ത് പത്മജയോട് കരുണാകരൻ സ്മൃതി മണ്ഡപത്തിൽ വരണമെന്ന് ആവശ്യം ഉന്നയിച്ചതാണ്. എന്നാൽ വ്യക്തമായ രാഷ്ട്രീയബോധവും ഉത്തരവാദിത്തബോധവും ഉണ്ടായത് കൊണ്ട് അന്ന് അവർ ആ ആവശ്യം നിഷേധിച്ചു. പാടില്ല സുരേഷ്, തെറ്റല്ലെ എൻ്റെ പാർട്ടിക്കാരോട് ഞാൻ എന്ത് പറയും അങ്ങിനെ ഒരു ഉത്തരവാദിത്തം കൂടിയുണ്ടെന്നാണ് അവർ പറഞ്ഞത്. ഞാൻ മാനിച്ചു.
ഇത്രയും കാലം മാനിച്ചു. എൻ്റെ രാഷ്ട്രീയമല്ലാത്ത പശ്ചാത്തലത്തിൽ ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകുമെന്ന് വിചാരിച്ചത് കൊണ്ട് ആ കപാസിറ്റിയിലാണ് എത്തിയിരിക്കുന്നത്.' പത്മജയ്ക്കോ മുരളിയ്ക്കോ ഇത് തടയാൻ കഴിയില്ല'.
ഇതാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞൂവെച്ചിരിക്കുന്നത്. സ്വന്തമായിട്ട് നല്ല നേതാക്കൾ ഒന്നുമില്ലാത്തതുകൊണ്ടാണല്ലോ പാവം നമ്മുടെ സുരേഷ് ഗോപി കോൺഗ്രസ്, ഇടത് നേതാക്കളുടെ വീടും അവരുടെ ശവകുടീരങ്ങളും സന്ദർശിക്കുന്നത്. ഇതാണ് പറയുന്നത് പൈതൃകം നന്നാവണമെന്ന്. ബിജെപിക്ക് അങ്ങനെ ഒരു പൈതൃകം കേരളത്തിലില്ലാത്തത് സുരേഷ് ഗോപിയെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട് എന്ന് തോന്നുന്നു. കേരളത്തിലെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അന്തസ് കാരണം ഒരുപാട് നല്ല നേതാക്കൾ അവിടെ ഉണ്ടായി. ബി.ജെ.പിക്ക് അത് ഇല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ നമ്മുടെ കേരളത്തിലെ സഹമന്ത്രി സുരേഷ് ഗോപി. ഒപ്പം കരുണാകരനെ അപമാനിക്കാൻ ഇന്നലെ ബി.ജെ.പിയിൽ എത്തിയ കരുണാകരൻ്റെ മകൾ പത്മജ കൂട്ടുനിൽക്കുകയും ചെയ്യുന്നു.
ശരിക്കും സുരേഷ് ഗോപി അത്രമാന്യൻ ആണെങ്കിൽ ആദ്യം പോകേണ്ടിയിരുന്നത് ബി.ജെ.പിയുടെ ഇപ്പോഴത്തെ കേരളത്തിലെ തലമുതിർന്ന നേതാവ് ഒ രാജാഗോപാൽജിയുടെ അടുത്തേയ്ക്ക് ആയിരുന്നു. അല്ലാതെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും നേതാക്കളുടെ വീട്ടിലും സ്മാരകത്തിലും അല്ല. ഇതുകൊണ്ട് സുരേഷ് ഗോപി ഉദ്ദേശിക്കുന്ന ഒരു നിഷ്പക്ഷ ഇമേജ് കിട്ടത്തില്ല, നിലപാട് വേണം. അതാണ് ബഹുമാനപ്പെട്ട മന്ത്രി മനസിലാക്കേണ്ടത്. അൽപന് കിട്ടിയത് സഹമന്ത്രി സ്ഥാനം മാത്രമെങ്കിലും, അർദ്ധരാത്രിയും കുട പിടിപ്പിക്കും എന്നതിനൊക്കെ തെളിവ് ആണ് ഇത്. പോലീസുകാരെ തോക്കും പിടിച്ച് നിരത്തി നിർത്തി സല്യൂട്ട് അടുപ്പിക്കാൻ ഇനിയും പറ്റിയെന്ന് ഇരിക്കും.
ഒ രാജഗോപാൽ എന്ന സമുന്നതനായ ബി.ജെ.പി നേതാവ് ആണ് കേരളത്തിൽ ബി.ജെ.പിയ്ക്ക് ഒരു വേരോട്ടം ഉണ്ടാക്കിക്കൊടുത്തത്. കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞതും അദ്ദേഹത്തിലൂടെയാണ്. അദ്ദേഹം ഇവിടുത്തെ നിയമസഭയിൽ ആദ്യമായി ബി.ജെ.പി പ്രതിനിധിയായി എത്തി. തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ബി.ജെ.പി യ്ക്ക് വേണ്ടി മത്സരിച്ച് അദേഹം രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്നു രാജഗോപാൽ. അദ്ദേഹത്തെ അറിയാതെ കെ കരുണാകരനെയും ഇ.കെ നായനാരെയും മാത്രം അറിയുന്ന സുരേഷ് ഗോപിയെക്കുറിച്ച് ഓർക്കുമ്പോൾ സഹതാപം മാത്രം. കരുണാകരനെയും, നായനാരെയും അംഗീകരിക്കുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല എന്നത് ശരി. വീണാജോർജിനെ കുവൈറ്റിൽ പോകാൻ വിസ നിഷേധിച്ചതിൽ രാഷ്ട്രീയം കാണേണ്ട അതും ശരി. എന്നാൽ ഈ നിഷേദം തുറന്നു പറയാൻ ചങ്കൂറ്റമെങ്കിലും കാണിക്കുകയാണ് വേണ്ടത്.
കരുണാകരന്റെ സപ്തതിക്ക് ചോറ് വിളമ്പാൻ സുരേഷ് ഗോപി പണ്ട് പോയി. അങ്ങനെ കുറച്ചു കാലം കോൺഗ്രസുകാരനായി നടന്നു. കൊല്ലം സീറ്റ് ലീഡർ കൊടുക്കുമെന്ന് വിശ്വസിച്ചുവെന്നും അതുണ്ടായില്ലെന്ന് കണ്ടപ്പോൾ കോൺഗ്രസിനെയും സുരേഷ് ഗോപി തള്ളിപ്പറഞ്ഞ് ബി.ജെ.പിയിൽ എത്തിയെന്നുമാണ് ചിലർ പറയുന്നത്. ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ ബി.ജെപി. മുഖ്യമന്ത്രി ആകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഞെക്കിക്കൊല്ലുന്നതിനു പകരം നക്കിക്കൊല്ലുക എന്നൊരു ചൊല്ലുണ്ട്. അതാണ് സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നത്.
ലോക് സഭാ ഇലക്ഷന് മുൻപ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞിരുന്നു, കരുണാകരൻ്റെ സ്മൃതികുടീരത്തിൽ ഒരു ബി.ജെ.പിക്കാരനെയും അടുപ്പിക്കില്ലെന്ന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ മുരളീധരൻ്റെയും പഴയ ആവേശമെല്ലാം ചോർന്നുപോയോ? ഇത് ഇന്നലെ ബി.ജെ.പിയിൽ എത്തിയ പത്മജയെ തൃപ്തിപ്പെടുത്താൻ സുരേഷ് ഗോപി നടത്തുന്ന നാടകമാണെന്ന് എല്ലാവർക്കും അറിയാം. ഒപ്പം തനിക്ക് എതിരായി വടകരയിൽ നിന്ന് തൃശൂർ വന്ന് മത്സരിച്ച കെ മുരളീധരന് ഒരു കൊട്ടും കൊടുക്കണം. അല്ലാതെ ഇതിൽ എന്ത് ആത്മാർത്ഥതയിരിക്കുന്നു. എന്തായാലും സുരേഷ് ഗോപി കളിക്കുന്ന കളി നിസാര കളിയല്ല. ശരിക്കും പണി തന്നെയാണ് നടത്തുന്നത്. അതിനാൽ ഇടതും വലതും ജാഗ്രതൈ!