Controversy | സുരേഷ് ഗോപി സിനിമയ്ക്കായി സഹമന്ത്രി സ്ഥാനം ഒഴിയുമോ? കടുത്ത നിരാശയിൽ ബിജെപി അണികൾ
* പ്രസംഗത്തിലേക്ക് അമിത് ഷായെ വലിച്ചിഴച്ചതിലടക്കം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സഹമന്ത്രി സ്ഥാനം ലഭിച്ച ചലച്ചിത്ര നടൻ സുരേഷ് ഗോപി തൃശൂരിലെ ജനങ്ങളെയും ബിജെപിയെയും നിരാശയിലാഴ്ത്തുന്നുവെന്ന് വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപിക്കായി അക്കൗണ്ട് തുടങ്ങിയ സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുടെ സഹമന്ത്രിസ്ഥാനമോ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല സഹമന്ത്രിസ്ഥാനത്ത് ഒതുക്കുകയും ചെയ്തു. ഇതിൻ്റെ അതൃപ്തിയുള്ളതു കൊണ്ടാണ് സുരേഷ് ഗോപി ഇടഞ്ഞു നിൽക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കരാർ ചെയ്ത ഇരുപതിലേറെ സിനിമകൾ സുരേഷ് ഗോപിക്ക് മലയാളത്തിലുണ്ടെന്നാണ് പറയുന്നത്. ഏകദേശം 22 കോടി പ്രതിഫലമാണ് ഇതിന് കണക്കാക്കുന്നത്. തൃശൂരിൽ തുടർച്ചയായി തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൻ്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കോടികളുടെ ബാധ്യത സുരേഷ് ഗോപിക്കുണ്ട്. കേന്ദ്രസഹമന്ത്രിയുടെ തുച്ഛമായ വേതനം കൊണ്ടു ഇതു പരിഹരിക്കാനാവില്ല. അതുകൊണ്ടാണ് കേന്ദ്ര മന്ത്രിയായിരിക്കെ സിനിമയിൽ അഭിനയിക്കാനുള്ള അനുമതി കേന്ദ്ര സർക്കാരിനോട് അദ്ദേഹം തേടിയത്.
ഇതു അനുവദിക്കാൻ സാധ്യതയില്ലെന്നും സുരേഷ് ഗോപിക്ക് രാജിവയ്ക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സുരേഷ് ഗോപി രാജി സമർപ്പിച്ചേക്കും. ഇതിനിടെ സുരേഷ് ഗോപി നടത്തിയ ചില വിവാദ പരാമർശങ്ങൾ കേന്ദ്ര സർക്കാരിനും ബി.ജെ.പി ദേശീയ നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്. കേന്ദ്ര മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
പ്രസംഗത്തിലേക്ക് അമിത് ഷായെ വലിച്ചിഴച്ചതിലടക്കം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് ഡൽഹിയിൽ നിന്നുള്ള വാർത്തകൾ വ്യക്തമാകുന്നത്. മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ലെന്ന വിവരം തന്നെയാണ് പുറത്തുവരുന്നത്. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണഘടന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഫിലിം ചേംബര്‍ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അഭിനയിക്കുന്നതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ രക്ഷപ്പെട്ടുവെന്ന പരാമര്‍ശം സര്‍ക്കാരിനും ക്ഷീണമായിട്ടുണ്ട്. അഭിനയിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തിന്മേല്‍ പരിഗണിക്കാമെന്ന ഒഴുക്കന്‍ മറുപടി നല്‍കിയതല്ലാതെ ഇനിയും അനുമതി നല്‍കിയിട്ടില്ല. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ആവശ്യമെന്നതിനാല്‍ സര്‍ക്കാരിന് ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ.
മന്ത്രി പദവിയിലിരുന്ന് പണ സമ്പാദനത്തിനുള്ള മറ്റ് വഴികള്‍ തേടരുതെന്നാണ് നിലവിലെ ചട്ടമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യങ്ങളുമായി എത്തിയേക്കാം. അത് പ്രതിസന്ധിക്കും നിയമ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി പദത്തിലിരുന്ന് തുടര്‍ച്ചയായി സുരേഷ് ഗോപി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലെ അതൃപ്തി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചുണ്ട്.
അതേസമയം സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു. മന്ത്രിമാര്‍ക്ക് എന്തും വിളിച്ച് പറയാവുന്ന സാഹചര്യം മോദി കൂടുതല്‍ ദുര്‍ബലനായതിന്‍റെ തെളിവാണെന്ന് മാണിക്കം ടാഗോര്‍ എം പി വിമര്‍ശിച്ചു. സുരേഷ് ഗോപിക്കെതിരെ തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകരും അതൃപ്തരാണ്. മണ്ഡലത്തിൽ എം.പി വരുന്നത് കുറവാണെന്നും അദ്ദേഹത്തെ കാണാനോ പരാതി നൽകാനോ ജനങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്നാണ് ബി.ജെ പി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പരാതി.
#SureshGopi #BJP #KeralaPolitics #Bollywood #Controversy #IndianPolitics