എയിംസ് മലർപ്പൊടിക്കാരന്റെ സ്വപ്നമോ? സുരേഷ് ഗോപി-ബിജെപി തർക്കം കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തിരിച്ചടിയാകുമോ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോഴിക്കോട്, കാസർകോട് ജില്ലാ നേതൃത്വങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.
● കാസർകോട് ജില്ലയിൽ എയിംസ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
● തിരുവനന്തപുരത്ത് എയിംസ് വേണമെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷൻ.
● കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
നവോദിത്ത് ബാബു
തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത് ദേശീയ നേതൃത്വത്തിന് വരെ തലവേദനയായിട്ടുണ്ട്.
കേരളത്തിലെ ബിജെപിയുടെ സ്റ്റാർ ഐക്കണായി ഉയർന്ന സുരേഷ് ഗോപി ക്രമേണെ പാര്‍ട്ടിക്ക് മുകളില്‍ പറക്കുന്ന പരുന്തായി മാറിയിരിക്കുകയാണ്. ഒരു സിനിമാക്കാരന്റെ അതിഭാവുകത്വങ്ങളും മാനറിസങ്ങളും കയ്യടി നേടാനുള്ള ഗിമ്മിക്കുകളും ഇപ്പോഴും ഒഴിയാബാധയായി സുരേഷ് ഗോപിയിലുണ്ട്. മുന്‍പിന്‍ നോക്കാതെ ഓരോന്നും തട്ടിവിടുമ്പോൾ പ്രതിസന്ധിയിലാകുന്നത് കേരളത്തിലെ പാര്‍ട്ടി നേതൃത്വമാണ്.

പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന് സുരേഷ് ഗോപി അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ആലപ്പുഴ പിന്നോക്കാവസ്ഥയിലാണെന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാല്‍ തൃശൂരില്‍ സ്ഥാപിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.
പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് നേരത്തെ തന്നെ സുരേഷ് ഗോപിക്കെതിരെ ബിജെപി നേതാക്കള്‍ക്ക് പരാതിയുണ്ട്.
പാര്‍ട്ടിയുടെകൂടി അഭിപ്രായം തേടാതെ 'കലുങ്ക് ചര്‍ച്ചകള്‍' സംഘടിപ്പിക്കുന്നതും, വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നതും വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയും കാസര്‍ഗോഡ് ജില്ലാ നേതൃത്വവും സുരേഷ് ഗോപിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.
കോഴിക്കോട്, കാസർകോട് ജില്ലകളില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നോക്കാവസ്ഥയിലുള്ള കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നത്.
എന്നാല്‍ കേരളത്തില്‍ എയിംസ് എത്തിക്കാന്‍ സുരേഷ് ഗോപിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കേന്ദ്രബജറ്റില്‍ കേരളത്തിന് പ്രത്യേകിച്ച് ഒരു കേന്ദ്ര പദ്ധതിയും പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ സുരേഷ് ഗോപി പ്രതിരോധത്തിലായി.
എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാതിരുന്നതിനാലാണ് കേന്ദ്രം എയിംസ് അനുവദിക്കാതിരുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ ന്യായീകരണം. എന്നാല്‍ കോഴിക്കോട് കിനാലൂരില്‍ 150 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. മൊത്തം വേണ്ടത് 200 ഏക്കര്‍ സ്ഥലമാണ്.
ഇതിനിടയിലാണ് കോഴിക്കോടിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സുരേഷ് ഗോപി ആലപ്പുഴയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല. ഇതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.
കേരളത്തിന് അടുത്ത് തന്നെ എയിംസ് അനുവദിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്നും അദ്ദേഹം പറയുന്നു. 22 എയിംസാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഉടൻ കേന്ദ്രം എയിംസ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടാവുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.
എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന അഭിപ്രായമാണ് ബിജെപി സംസ്ഥാന അധ്യക്ഷനുള്ളത്. തിരുവനന്തപുരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിടുന്നത്. നേരത്തെ ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നു. എറണാകുളം എച്ച്എംടിയുടെ സ്ഥലമാണ് അന്ന് കണ്ടെത്തിയ മറ്റൊരു സ്ഥലം. ഇതിനടുത്താണ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യാഴവട്ടക്കാലമായി കേന്ദ്രത്തിന് നിവേദനം നല്‍കി കാത്തിരിക്കുകയാണ് കേരളം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനകള്‍ വന്നുവെന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലം തൊട്ട് ബിജെപി നേതാക്കള്‍ എയിംസ് പ്രധാന രാഷ്ട്രീയ ആയുധമാക്കി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എയിംസിനായി ആക്ഷന്‍ കമ്മിറ്റികളുണ്ടാക്കി. എംപിമാര്‍ പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എയിംസിന്റെ കേന്ദ്രം മാറ്റി. വര്‍ഷം 15 പിന്നിട്ടിട്ടും ഓരോ വര്‍ഷവും കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
കേരളത്തിന്റെ മധ്യത്തിലുള്ള തൃശൂരിലാണ് എയിംസ് വേണ്ടതെന്നാണ് പ്രധാനമായും ഉയര്‍ന്നിരുന്ന വാദം. അതല്ല എറണാകുളത്താണ് വേണ്ടതെന്നുള്ള ആവശ്യവും ഉയര്‍ന്നിരുന്നു, എന്നാല്‍ എറണാകുളത്തിനായി ഇപ്പോള്‍ ആരും രംഗത്തില്ല.
കോഴിക്കോട് കിനാലൂരില്‍ സ്ഥലം ഏറ്റെടുത്ത സാഹചര്യത്തില്‍ കോഴിക്കോട് തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു ബജറ്റിലും എയിംസിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് നിലപാട് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി ചെയ്യേണ്ടത്. അല്ലാതെ കലുങ്ക് ചർച്ചയും ഡയലോഗുമായി നടന്നതുകൊണ്ട് ആര്‍ക്കെന്ത് കാര്യം?
എയിംസ് വിഷയത്തിലെ ഈ രാഷ്ട്രീയ തർക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Suresh Gopi-BJP conflict over AIIMS location creates confusion.
#AIIMS #SureshGopi #BJPKerala #KeralaPolitics #HealthProject #AIIMSLatest