Verdict | ഹര്‍ജിയില്‍ ഇല്ലാത്ത ക്രീമിലെയര്‍ ഏര്‍പ്പെടുത്തണമെന്ന് ജഡ്ജിമാര്‍ വിധിച്ചതെന്തിന്?
അർണവ് അനിത
(KVARTHA) പട്ടികജാതി-പട്ടിക വര്‍ഗങ്ങളുടെ (SC/ST) ഉപജാതി സംവരണത്തിന് സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും നാല് ജഡ്ജിമാര്‍ കേസിന്റെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയത് വിവാദമായി മാറി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, എസ്.സി ശര്‍മ, മിത്തല്‍ എന്നിവരാണ് ഹര്‍ജിയില്‍ ഉന്നയിക്കാത്ത ക്രീമിലെയറിന് (സമ്പന്നവിഭാഗം) അനുകൂലനിലപാട് സ്വീകരിച്ചത്. ക്രീമിലെയര്‍ പ്രശ്‌നം പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തിലേക്ക് നീട്ടുന്നത് സംബന്ധിച്ച് , ഭരണഘടനാ ബെഞ്ചിലെ ഏഴ് ജഡ്ജിമാരില്‍ ഗവായ് മാത്രമാണ് വിശദീകരിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, എസ് സി ശര്‍മ, പങ്കജ് മിത്തല്‍ എന്നിവര്‍ ഇക്കാര്യത്തില്‍ സ്വന്തം അഭിപ്രായം പറയാതെ ഗവായിയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. പട്ടികജാതി-വർഗ വിഭാഗത്തിലെ ക്രീമിലെയറിനെ കണ്ടെത്തി സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് സുപ്രീംകോടതി വിധി. ഭരണഘടനാ വിരുദ്ധവും ഹര്‍ജിയില്‍ ഉന്നയിക്കാത്തതുമായ കാര്യത്തില്‍ ഇവര്‍ അഭിപ്രായം പറഞ്ഞുവെന്ന് കാട്ടി വ്യാപക പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്. ഉപസംവരണം ഏര്‍പ്പെടുത്താനുള്ള അനുവാദം, സംസ്ഥാന നിയമസഭകള്‍ക്ക് അതിനുള്ള അധികാരമുണ്ടോ എന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ക്കായുള്ള സംവരണത്തില്‍ ഉപവിഭാഗങ്ങള്‍ക്ക് പ്രത്യേകം സംവരണം ഏര്‍പ്പെടുത്തുന്നത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് കോടതി വിലയിരുത്തി.
എന്നാല്‍ ക്രീമിലെയറിനോട് കേന്ദ്രസര്‍ക്കാര്‍ യോജിച്ചില്ല. ഭരണഘടനാ വിരുദ്ധമായ കാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പട്ടികജാതിക്കാരെ രണ്ട് വിഭാഗങ്ങളായി കണക്കാക്കാനാവില്ലെന്ന 2004ലെ സുപ്രീംകോടതി വിധിയാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍ ഭിന്നവിധി എഴുതിയ ജസ്റ്റിസ് ബേല ത്രിവേദി ചൂണ്ടിക്കാട്ടിയത്, എസ്.സി-എസ്.ടി പട്ടിക വിഭജിക്കാനുള്ള വിധി ഭരണഘടനാ അട്ടിമറിയെന്നാണ്. ഇക്കാര്യം വ്യക്തമാക്കി മുമ്പ് ആന്ധ്രാ ഹൈക്കോടതി വിധിപുറപ്പെടുവിക്കുകയും സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. ആ വിധി പുനപരിശോധിക്കുമ്പോള്‍ പാലിക്കേണ്ട കോടതിമര്യാദകള്‍ പോലും പാലിച്ചില്ലെന്നും ഭിന്നവിധി പറയുന്നു.
ക്രീമിലെയര്‍ ഏര്‍പ്പെടുത്താമെന്ന വിധിയിലെ ഭാഗം അസാധുവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരേണ്ടതായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. കേന്ദ്രം ഇതിന് തയ്യാറായേക്കുമെന്നാണ് സൂചന. കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദളിത് വിഭാഗങ്ങള്‍ ബിജെപിയില്‍ നിന്ന് അകന്നത് യുപിയിലടക്കം വലിയ തിരിച്ചടിയായിരുന്നു. ഭരണകക്ഷി എം.പിമാര്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ക്രീമിലെയര്‍ പരിധി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് വിധിയില്‍ വിശദീകരിച്ചത്.
ഒരു വിഭാഗത്തിനുള്ളിലെ സമ്പന്നരെയും ഉയര്‍ച്ച നേടിയവരെയും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദിമ ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലവിലില്ലായിരുന്നു എന്ന വാദം ഉന്നയിച്ച് ജസ്റ്റിസ് പങ്കജ് മിത്തല്‍ കോടതിയുടെ പരിഗണാ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള മാര്‍ഗമെന്ന നിലയില്‍ സംവരണത്തിന്റെ ഫലപ്രാപ്തിയെ അദ്ദേഹം ചോദ്യം ചെയ്തു. ജാതി സമ്പ്രദായം പുനരുജ്ജീവിപ്പിക്കാന്‍ സംവരണത്തെ കുറ്റപ്പെടുത്താനും മറന്നില്ല. ഗവായ്, മിത്തല്‍ എന്നിവരുടെ വിധിന്യായങ്ങളിലെ ചില ഭാഗങ്ങള്‍ക്ക് കേസിന്റെ വിഷയവുമായോ, ബെഞ്ച് വിധിക്കാന്‍ തയ്യാറായക്കിയ പ്രശ്‌നങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്.
ക്രീമിലെയര്‍ പ്രശ്‌നമോ, സംവരണം വേണമോ എന്ന വിഷയം കോടതിക്ക് മുമ്പാകെ ഇല്ലായിരുന്നു. എന്തുകൊണ്ടാണ് രണ്ട് ജഡ്ജിമാരും വിഷയത്തില്‍ നിന്ന് വ്യതിചലിച്ചതെന്ന് വ്യക്തമല്ല. കോടതിയുടെ പരിഗണനയിലില്ലാത്ത വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയാതിരിക്കാന്‍ ജഡ്ജിമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ലണ്ടനിലെ എല്‍എസ്ഇ നിയമ സ്‌കൂളിലെ പൊതുനിയമ വിഭാഗം പ്രൊഫസര്‍ തരുണ്‍ ഖൈതാന്‍ ചൂണ്ടിക്കാട്ടി.
മിത്തലിന്റെ വിധിന്യായത്തില്‍ സംവരണ നയത്തെ കുറിച്ച് അനുകമ്പയില്ലാത്ത നിലപാടാണ് രേഖപ്പെടുത്തിയത്. സംവരണം സംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം കേസുകള്‍ സംവരണ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ വലിയ കാലതാമസമുണ്ടാക്കുന്നു. ഹിന്ദുമതത്തില്‍ ജാതി നിലവിലില്ലെന്ന മിത്തലിന്റെ നിരീക്ഷണം സംവരണവിരുദ്ധ വാദങ്ങളുടെ പുനര്‍നിര്‍മിതിയാണെന്ന് ഭോപ്പാല്‍ ആസ്ഥാനമായുള്ള ക്രിമില്‍ ജസ്റ്റിസ് ആന്‍ഡ് പൊലീസ് അക്കൗണ്ടബിലിറ്റി പ്രൊജക്ട് സ്ഥാപകയും അഭിഭാഷകയുമായ നികിത സോനവേ ചൂണ്ടിക്കാട്ടി.
ഭരണഘടന അനുവദിച്ച സംവരണമാണ് ജാതിവ്യവസ്ഥ കണ്ടുപിടിച്ച് നിയമാനുസൃതമാക്കിയതെന്ന ആരോപണം അടുത്തകാലത്തായി പലരും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഗവായിയുടെയും മിത്തലിന്റെയും വാദങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയിലെ വരേണ്യരില്‍ ഒരു വിഭാഗം ഇപ്പോഴും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം പൗരസംഘടനകള്‍ പലതവണ ഉന്നയിച്ചിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന കേസിലെ ന്യൂനപക്ഷ വിധി ഇതിന് ക്ലാസിക് ഉദാഹരണമാണ്.
സ്വവര്‍ഗവിവാഹം, ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധം പൂര്‍ത്തുക തുടങ്ങിയ വിഷയങ്ങളില്‍ ചില ജഡ്ജിമാരുടെ നിലപാടുകള്‍ കാലത്തിനനുസരിച്ചുള്ളതായിരുന്നില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിനെ പോലുള്ള ചുരുക്കം ചില ജഡ്ജിമാര്‍ പുരോഗമനപരമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ദാനമെന്നോ, സവര്‍ണരുടെ പ്രായശ്ചിത്തമോ ആയാണ് പലരും സംവരണത്തെ കാണുന്നത്. എന്നാല്‍ വസ്തുതകള്‍ അങ്ങനെയല്ല, ചാതുര്‍വര്‍ണ്യം, ജാതിസമ്പ്രദായം തുടങ്ങി അനേകം മനുഷ്യത്വവിരുദ്ധ നിലപാടുകള്‍ക്കെതിരെ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് സംവരണം സൃഷ്ടിച്ചത്. അത് ബ്രിട്ടീഷ് കാലം മുതലേയുണ്ട്. 1919, 1921, 1927 കാലം മുതലേ ഇന്ത്യയിലെ പല പല പ്രദേശങ്ങളിലും വെള്ളക്കാരായ ഭരണകര്‍ത്താക്കള്‍ ജാതി സംവരണം നടപ്പാക്കിയിരുന്നു. 1935ലെ ഇന്ത്യാ ആക്ടിലും ഇത് ഉള്‍പ്പെടുത്തിയിരുന്നു. ഡോ. ബി.ആര്‍ അംബേദ്കര്‍ ഇതിനെ ആധുനികവല്‍ക്കരിക്കുകയാണ് ചെയ്തത്.
ഏഴ് പതിറ്റാണ്ടിലധികമായി സംവരണം ഏര്‍പ്പെടുത്തിയെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. എന്നാലവര്‍ ഇതിന്റെ നേട്ടം അര്‍ഹരായവരില്‍ എത്തിയോ, അവരുടെ സാമൂഹ്യഅവസ്ഥ എന്താണ് എന്ന് പരിശോധിക്കാന്‍ തയ്യാറായില്ല. ഇക്കൂട്ടര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമവും അന്തസായി ജീവിക്കാന്‍ പൗരാവകാശ നിയമവും നിലവിലുണ്ട്, എന്നിട്ടും ദളിതര്‍ വേട്ടയാടപ്പെടുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും അടക്കം ദളിതരെ ക്ഷേത്രത്തില്‍ കയറ്റുകയോ, ചിലയിടങ്ങളില്‍ വഴിനടക്കാനോ അനുവദിക്കാറില്ല. ശബരിമല ഉണ്ണിയപ്പം ലേലം പിടിച്ച ദളിതനെ ചില സവര്‍ണര്‍ അടിച്ചോടിച്ചുവെന്ന ആരോപണം ഉയർന്നത് കഴിഞ്ഞ വര്‍ഷമാണ്.
അപ്പോള്‍ എന്ത് സാമൂഹ്യനീതിയാണ് ഇവിടെ നടന്നത്. ജാതിവാലിന്റെ ബലത്തില്‍ ആയിരക്കണക്കിന് കൊല്ലങ്ങളായി ഇല്ലാത്ത അധികാരങ്ങള്‍ കൈയ്യാളുകയും അതിന്റെ ബലത്തില്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നവരാണ് സാമൂഹ്യനീതിക്ക് എതിര് നില്‍ക്കുന്നത്. മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് ഇവര്‍ എല്ലാക്കാലവും സംവരണത്തെ എതിര്‍ത്തു പോന്നിരുന്നു. എന്നിട്ടിപ്പോള്‍ സാമ്പത്തിക സംവരണത്തിനായി വാദിക്കുകയാണ്. ഇതെന്ത് വിരോധാഭാസമാണ്. ഇക്കൂട്ടര്‍ ജുഡീഷ്യറിയില്‍ മാത്രമല്ല സമൂഹത്തിന്റെ സര്‍വമേഖലകളിലെയും അധികാരസ്ഥാനങ്ങളില്‍ കുടിയിരിക്കുന്നുവെന്നാണ് ആക്ഷേപം. അത്തരക്കാരുടെ മനോഭാവം മാറാതെ സാമൂഹ്യനീതി പുലരില്ല.