Verdict | അരവിന്ദ് കേജ്‌രിവാളിന് ആശ്വാസം; സുപ്രീം കോടതി ജാമ്യം അനുവദിച്ചു
● സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് അനുവദിച്ചത്.
● ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
ന്യൂഡൽഹി: (KVARTHA) ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രണ്ട് ഹർജികളാണ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ജാമ്യം നൽകാത്തതിനെതിരെയായിരുന്നു ഒരു ഹർജി. ഈ കേസിൽ സിബിഐയുടെ അറസ്റ്റിനെതിരെയാണ് രണ്ടാമത്തെ ഹർജി. ഇഡി കസ്റ്റഡിയിലിരിക്കെയാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
ഈ വർഷം മാർച്ചിലാണ് കേജ്രിവാളിനെ ഇഡി സംഘം അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ ജൂലൈ 12ന് കേജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ സിബിഐ കേജ്‌രിവാളിനെ ജൂൺ മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇക്കാരണത്താൽ കേജ്രിവാളിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനായില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മെയ് 10 ന് സുപ്രീം കോടതി അരവിന്ദ് കേജ്‌രിവാളിന് 21 ദിവസത്തേക്ക് അതായത് ജൂൺ രണ്ട് വരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അടുത്തിടെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നു.
#Kejriwal #Delhi #India #SupremeCourt #bail #liquorscam #politics