Controversy | അയോധ്യ വിധിയും ദൈവവും: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞതിന്റെ യാഥാർഥ്യമെന്ത്?

 
Supreme Court Chief Justice's Remarks on Ayodhya Verdict
Supreme Court Chief Justice's Remarks on Ayodhya Verdict

Photo Credit: X/ DIP Goa

● ഡി.വൈ. ചന്ദ്രചൂഡ് അയോധ്യ വിധിയെക്കുറിച്ച് പ്രസ്താവന നടത്തി
● മഹാരാഷ്ട്രയില്‍ ഒരുപരിപാടിക്കിടെയായിരുന്നു പ്രസ്താവന 
● ഇത് രാഷ്ട്രീയമായും നിയമപരമായും വലിയ ചർച്ചയായി 

ആദിത്യൻ ആറന്മുള 

(KVARTHA) ജഡ്ജിമാരുടെ വിശ്വാസവും രാഷ്ട്രീയവും പരസ്യമാക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 'മൂന്ന് മാസമായി എന്റെ മുന്നിലുണ്ടായിരുന്ന അയോധ്യ (ബാബറി മസ്ജിദ്-രാമജന്മഭൂമി കേസ്) തര്‍ക്കത്തിനിടെ  ചിലത് സംഭവിച്ചു. ഞാന്‍ ദേവന്റെ മുന്നില്‍ ഇരുന്നു, ഒരു പരിഹാരം കാണണമെന്ന് ദൈവത്തോട് പറഞ്ഞു',  എന്നാണ് മഹാരാഷ്ട്രയില്‍ ഒരുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞത്. 

ജസ്റ്റിസ് ചന്ദ്രചൂഡും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും  പുറപ്പെടുവിച്ച വിധി ദൈവം പറഞ്ഞതിന്റെ അടിസ്ഥാനത്തിലുള്ളതാണോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചോദ്യം. എനിക്ക് മറ്റൊരു ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി തരൂ എന്ന് ദൈവം നേരിട്ട് വന്ന് പറഞ്ഞത് പോലെയാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നും ഇവർ പറയുന്നു. ദേവന്‍ പറയുന്നതിന് അനുസരിച്ച് വിധിയെഴുതാനാണെങ്കില്‍ പിന്നെ ന്യായാധിപന്മാരുടെ പണിയെന്താണെന്നും നെറ്റിസൻസ് ചോദിക്കുന്നു.

ദൈവത്തിന്റെ ക്ഷേത്രം ജഡ്ജിമാര്‍ സുരക്ഷിതമാക്കി. അഞ്ച് ന്യായാധിപന്മാരില്‍ ഓരോരുത്തരും തങ്ങളുടെ ദൈവിക വിധിയില്‍ കാണിച്ച വിശ്വാസത്തെ ദേവന്‍ അനുഗ്രഹിച്ചു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയെ ദൈവം രാജ്യസഭയിലേക്ക് അയച്ചു. ബെഞ്ചിലെ രണ്ട് ജഡ്ജിമാരെ യഥാസമയം സൂപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി ആയി ഉയര്‍ത്തി. ശേഷിക്കുന്ന രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ വിരമിക്കുമ്പോള്‍ ഗവര്‍ണറാകുമെന്ന് ദൈവം ഉറപ്പാക്കി, മറ്റൊരാള്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ തലവനായി.

ദൈവത്തിന്റെ പേരില്‍ അയോധ്യ വിധിയെക്കുറിച്ചുള്ള  നിഗൂഢതകള്‍  മായ്ക്കാന്‍ ശ്രമിക്കുന്നു. സുപ്രീം കോടതി അതുവരെ പുറപ്പെടുവിച്ച എല്ലാ വിധികളിലും ഇത് മാത്രമാണ് ഒപ്പിടാത്തത്. കാരണം ദൈവത്തിന്റെ കരം ഔപചാരികമായി ആര്‍ക്കും ഉപയോഗിക്കാനാകില്ല. തമാശകള്‍ മാറ്റിനിര്‍ത്തിയാല്‍, കുറഞ്ഞത് അഞ്ച് കാരണങ്ങളാല്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണ്.

ഒന്നാമതായി, ഡിവൈ ചന്ദ്രചൂഡും അയോധ്യാ ബെഞ്ചും തീര്‍ച്ചയായും തര്‍ക്കത്തിന് 'പരിഹാരം കണ്ടെത്തിയില്ല',  അവര്‍ ചെയ്തത് മസ്ജിദ് അനധികൃതമായി തകര്‍ത്ത ശക്തരായ പാര്‍ട്ടിക്ക് അനുകൂലമായി വിധി കണ്ടെത്തുക എന്നതാണ്. മസ്ജിദ് പൊളിക്കല്‍ ഹീനമായ കുറ്റകൃത്യമാണെന്ന് ജഡ്ജിമാര്‍ സമ്മതിച്ചു, എന്നാല്‍ അവര്‍ അനധികൃതമായി നശിപ്പിച്ച ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചവരെ കുറ്റപ്പെടുത്തിയില്ല.  അവരുടെ ലക്ഷ്യങ്ങള്‍ അനുവദിക്കുന്നതില്‍ തെറ്റൊന്നും കണ്ടില്ല. 'ശക്തിയും അധികാരവും ഉള്ളവര്‍ എന്തും ചെയ്യും' എന്നത് ഒരു പരിഹാരമായി പറയാനാകില്ല. 

അയോധ്യയ്ക്ക് പുറത്ത് പുതിയ പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ നല്‍കണമെന്ന് ബെഞ്ച് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം ഒരുതരം ദൈവിക നീതിയെ പ്രതിനിധീകരിക്കുന്നെന്ന് വിശ്വസിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആഗ്രഹിക്കുന്നുവെങ്കില്‍ അത് പരിഹാസമാണെന്നാണ് ആക്ഷേപം. മുസ്ലിംകള്‍ക്ക് ആരാധന നടത്താന്‍ കഴിയുന്ന പള്ളിയുണ്ടോ എന്നതല്ല, മറിച്ച് ഒരു വ്യക്തിയെയോ സമൂഹത്തെയോ അക്രമാസക്തമായി ഗുണ്ടാസംഘങ്ങള്‍ പുറത്താക്കുന്നത്  അനുവദനീയമാണോ എന്നതായിരുന്നു ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയം. എന്നാല്‍, അയോധ്യ ബെഞ്ച് ആ ചോദ്യം ശരിയാണെന്ന് ഉത്തരം നല്‍കി.

രണ്ടാമതായി, 1991 ലെ ആരാധനാലയ നിയമം, കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും, ഗ്യാൻവാപി തര്‍ക്കത്തിന്  വീണ്ടും വഴിയൊരുക്കാന്‍ ഡിവൈ ചന്ദ്രചൂഡ് സഹായിച്ചത് എന്തുകൊണ്ടാണ്, തര്‍ക്കത്തിന് ദൈവികമായി നിശ്ചയിച്ച പരിഹാരമാണ് താന്‍ നല്‍കിയതെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. 1947 ആഗസ്ത് 15-ന് ഉണ്ടായിരുന്നതില്‍ നിന്ന് ഒരു ആരാധനാലയത്തിന്റെ രീതി മാറ്റുന്നതിനെക്കുറിച്ച്, ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുസ്ലീം ആരാധനാലയങ്ങള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ നമ്മുടെ കോടതി മുറികളില്‍ നിസ്സംശയമായും പിന്തുടരുന്ന ദൈവിക നിയോഗമായ പരിഹാരങ്ങളിലേക്കുള്ള ഒരു സൂചന കൂടിയാണിത്.  ഹിന്ദുത്വ സംഘടനകളുടെ നൂറുകണക്കിന് വിനാശകരമായ അവകാശവാദങ്ങള്‍ക്കുള്ള വാതില്‍ അദ്ദേഹം തുറന്നുകൊടുത്തുവെന്നാണ് ആക്ഷേപം.
 
മൂന്നാമതായി, തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ സഹായിക്കാന്‍ ജസ്റ്റിസ് ചന്ദ്രചൂഡിന് എങ്ങനെയാണ് 'ദൈവത്തോട്' ആവശ്യപ്പെടാന്‍ കഴിയുക? ഈ അനൗചിത്യത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. ഒരു മുസ്ലിമും ഹിന്ദു വ്യവഹാരക്കാരനും തമ്മിലുള്ള കടുത്ത തര്‍ക്കത്തില്‍ മുസ്ലിമിന് അനുകൂലമായ വിധി പുറപ്പെടുവിച്ച മുസ്ലിം ജഡ്ജി പറഞ്ഞാല്‍, ചീഫ് ജസ്റ്റിസിന്റെ ആത്മാര്‍ത്ഥതയില്‍ ആവേശഭരിതരായ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ 'പക്ഷപാതം' എന്ന് ആദ്യം വിളിച്ചുപറയുമെന്ന് ഉറപ്പാണ്.

നാലാമതായി, അയോധ്യാ വിഷയത്തില്‍ താന്‍ നടപ്പാക്കാന്‍ സഹായിച്ച വിധി നിയമപരമായി ശരിയല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇത്തരത്തിലുള്ള 'ദൈവിക' യുക്തിവാദത്തിലും മഹത്തായ നിലപാടിലും അഭയം തേടുന്നത് എന്നാണ് ചിലരുടെ അഭിപ്രായം. അങ്ങനെ ചെയ്യുന്നതിലൂടെ, അദ്ദേഹം തീര്‍ച്ചയായും 'ദൈവത്തോടും' വലിയ അനീതിയാണ് കാണിക്കുന്നത് . ഇത് യഥാര്‍ത്ഥത്തില്‍ സ്വന്തം വികലമായ ന്യായവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ചെറിയ മനുഷ്യരുടെ സൂത്രപണിയാണ്. സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തയ്യാറാകേണ്ട സമയമാണിത്.

അഞ്ചാമതായി, ഭരണഘടനയിലും നിയമപുസ്തകത്തിലും പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി നീതി നടപ്പാക്കുമെന്നാണ് ജഡ്ജിമാര്‍ പ്രതിജ്ഞ ചെയ്യുന്നത്. അവര്‍ക്ക് ദേവതകളിലോ വിശുദ്ധ ഗ്രന്ഥങ്ങളിലോ വിശ്വസിക്കാനും അവരുടെ വ്യക്തി ജീവിതത്തില്‍ കല്‍പ്പനകളും  ദൈവവിശ്വാസവും പിന്തുടരാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നീതി നടപ്പാക്കുന്ന കാര്യത്തില്‍, ഒരു ദൈവവും ഭരണഘടനയ്ക്ക് മുകളിലായിരിക്കില്ല എന്ന തീരുമാനം നടപ്പാക്കേണ്ടതുണ്ട്. 

ദൈവത്തിലുള്ള വിശ്വാസം ചിലപ്പോള്‍ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യം നല്‍കും. ബാബറി മസ്ജിദ് തകര്‍ത്ത മനുഷ്യരെയും സംഘടനകളെയും ആ ഭൂമിയുടെ അധീനതയിലാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് വിധിക്കാന്‍ അതിയായ ധൈര്യം ആവശ്യമായിരുന്നു. എന്നാല്‍ അയോധ്യാ ബെഞ്ചിന്റെ വിധിയില്‍ ഒരു ധൈര്യവും ഉണ്ടായിരുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പ് ആയുധം എന്ന നിലയില്‍ രാമക്ഷേത്രം രാഷ്ട്രീയമായി ആഗ്രഹിച്ചിരുന്ന സമയത്ത് വിധിയും അതിന് അനുകൂലമായി.


കടപ്പാട്: ദ വയര്‍

#AyodhyaVerdict #SupremeCourt #India #Religion #Law #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia