സുധാകരൻ്റെ വെല്ലുവിളി: നേതൃത്വം പരുങ്ങലിൽ; കോൺഗ്രസ്സിൽ പുതിയ ഗ്രൂപ്പ് സമവാക്യം

 
Portrait of K. Sudhakaran, Member of Parliament.
Portrait of K. Sudhakaran, Member of Parliament.

Photo Credit: Facebook/ K Sudhakaran

● വിശാലമായ ഐ ഗ്രൂപ്പിനെ കെ.എസ് ഗ്രൂപ്പായി പുനരുജ്ജീവിപ്പിക്കാൻ ശ്രമം.
● കെ.പി.സി.സി ഭാരവാഹികളെയും ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റരുത് എന്ന സുധാകരൻ്റെ നിലപാട്.
● എ.ഐ.സി.സി ശ്രമിക്കുന്നത് പാർട്ടിയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ.
● ഹൈക്കമാൻഡ് സുധാകരനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല.
● പുതിയ കെ.പി.സി.സി. അധ്യക്ഷനെയും ഇത് ആശങ്കയിലാക്കി.
● സുധാകരൻ്റെ നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ ഇടപെടൽ.

നവോദിത്ത് ബാബു

(KVARTHA) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം സജീവമാക്കാൻ കെ. സുധാകരൻ എം.പി. ഒരുങ്ങുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള ഡി.സി.സികൾ കെ.സി. വേണുഗോപാൽ പക്ഷം പിടിക്കുമെന്ന ആശങ്ക സുധാകരപക്ഷത്തിനുണ്ട്. കെ.സി. വേണുഗോപാൽ-വി.ഡി. സതീശൻ കൂട്ടുകെട്ടിനെ നേരിടാൻ വിശാലമായ ഐ ഗ്രൂപ്പിനെ കെ.എസ് ഗ്രൂപ്പായി പുനരുജ്ജീവിപ്പിക്കാനാണ് കെ. സുധാകരന്റെ ശ്രമം. 

കെ.എസ് ഗ്രൂപ്പിൽ പഴയ എ വിഭാഗക്കാരെയും പ്രതീക്ഷിക്കുന്നുണ്ട്. ശശി തരൂർ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ സുധാകരനോട് മൃദുസമീപനം പുലർത്തുന്നവരാണ്. എം. ലിജു, യു.ടി. ജയന്ത്, റിജിൽ മാക്കുറ്റി തുടങ്ങിയ യുവ നേതാക്കളെ മുൻനിർത്തിയാണ് നീക്കം. ഇവരോടൊപ്പം ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എം.പി., അബിൻ വർക്കി തുടങ്ങിയ നേതാക്കളുടെ പിന്തുണയും സുധാകരൻ പ്രതീക്ഷിക്കുന്നു.

കെ.പി.സി.സി. ഭാരവാഹികളെയും ഡി.സി.സി. അധ്യക്ഷന്മാരെയും മാറ്റേണ്ടതില്ലെന്ന കെ. സുധാകരന്റെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയായി. പാർട്ടിയിൽ ഐക്യം സ്ഥാപിക്കാനും പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് അടിമുടി മാറ്റിയെടുക്കാനുമാണ് എ.ഐ.സി.സി. ശ്രമിക്കുന്നത്. 

എന്നാൽ, കെ. സുധാകരന്റെ പുതിയ ഗ്രൂപ്പ് പുനഃസംഘടന നീക്കത്തിന് തിരിച്ചടിയാകുമോയെന്ന് നേതൃത്വം ആശങ്കപ്പെടുന്നു. യുവ നേതൃത്വത്തെ ഡി.സി.സി. അധ്യക്ഷ സ്ഥാനത്തും കെ.പി.സി.സി. ഭാരവാഹിത്വത്തിലും കൊണ്ടുവന്ന് പാർട്ടിയെ അടിമുടി മാറ്റിയെടുക്കാനുള്ള നീക്കമാണ് നേതൃത്വം ആരംഭിച്ചിരിക്കുന്നത്.

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതോടെ പരസ്യ പ്രതികരണം നടത്തി നേതൃത്വത്തെ വെട്ടിലാക്കിയ സുധാകരന്റെ പുതിയ നീക്കത്തെ നേതൃത്വം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ചുമതല എ.ഐ.സി.സി. നേതൃത്വത്തിൽനിന്ന് വാങ്ങിയെടുക്കാനുള്ള നീക്കങ്ങൾ സുധാകരൻ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാൻഡ് സുധാകരനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. 

ഇതോടെ സുധാകരനും കോൺഗ്രസ് നേതൃത്വവുമായുള്ള അകലം കൂടി. നിയമസഭാ തിരഞ്ഞെടുപ്പ് വരെ അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള കെ. സുധാകരന്റെ ആഗ്രഹത്തിന് തിരിച്ചടിയായിരുന്നു പുനഃസംഘടന. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ നടക്കുമ്പോഴും അധ്യക്ഷ സ്ഥാനത്ത് തുടരാൻ കഴിയുമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ.

എതിർപ്പിനെ മറികടന്ന് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതോടെ കെ. സുധാകരൻ പ്രതിരോധത്തിലായി. സ്വന്തം തട്ടകത്തിൽനിന്ന് വിശ്വസ്തനായ സണ്ണി ജോസഫിനെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് സുധാകരൻ പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും സുധാകരൻ പക്ഷക്കാർ ബോർഡുകൾ സ്ഥാപിച്ചു. ചിലർ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. 

എന്നാൽ, എല്ലാ എതിർപ്പുകളെയും അവഗണിച്ച് പുനഃസംഘടന നടപടികളുമായി നേതൃത്വം മുന്നോട്ടുപോയി. ഇത് സുധാകരനെ നിരാശനാക്കി. പുതിയ കെ.പി.സി.സി. അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരും സ്ഥാനം ഏറ്റെടുത്ത് മൂന്നാം ദിവസമാണ് സുധാകരൻ എതിർപ്പുമായി രംഗത്തെത്തിയത്. സുധാകരന്റെ നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ ഇടപെടൽ ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കെ. സുധാകരൻ കെ.പി.സി.സി. അധ്യക്ഷനായിരിക്കെയാണ് സംസ്ഥാനത്തെ ഡി.സി.സികൾ പുനഃസംഘടിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയത്. ഏപ്രിലിൽ ഗുജറാത്തിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിൽ ഒരു പ്രധാന അജണ്ട ഡി.സി.സി. പുനഃസംഘടനയായിരുന്നു. താഴെത്തട്ടിൽനിന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചെന്നും ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണെന്നും കെ. സുധാകരൻ പ്രതികരിച്ചിരുന്നു. 

കേരളത്തിൽ മാത്രമല്ല, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കമ്മിറ്റികളും പി.സി.സി.കളും പുനഃസംഘടിപ്പിച്ച് പാർട്ടിയെ ചലിപ്പിക്കുകയെന്നത് ഗുജറാത്ത് സമ്മേളനത്തിലെ പ്രധാന തീരുമാനമായിരുന്നു. ഡി.സി.സികൾക്ക് കൂടുതൽ അധികാരം നൽകാനും എല്ലാ ഡി.സി.സികളും പുനഃസംഘടിപ്പിക്കാനുമുള്ള നിർദ്ദേശത്തെ അന്ന് എതിർക്കാതിരുന്ന സുധാകരൻ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതോടെ എതിർപ്പുമായി രംഗത്തെത്തിയത് പുതിയ കെ.പി.സി.സി. അധ്യക്ഷനിലും ആശങ്കയുണ്ടാക്കി.

നിലവിലുള്ള കെ.പി.സി.സി. ഭാരവാഹികൾ നന്നായി പ്രവർത്തിക്കുന്നവരാണെന്നും ഡി.സി.സി. അധ്യക്ഷന്മാരിൽ ആരെയും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് കെ. സുധാകരന്റെ വാദം. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി. ഭാരവാഹികളെയും മാറ്റാനുള്ള എ.ഐ.സി.സി. നിർദ്ദേശത്തെയാണ് കെ. സുധാകരൻ എതിർക്കുന്നത്. ഡി.സി.സി. അധ്യക്ഷന്മാരെയും മറ്റ് ഭാരവാഹികളെയും മാറ്റി എല്ലാ ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കാനുള്ള നിർദ്ദേശത്തിനെതിരെ ഒരു വിഭാഗം ഡി.സി.സി. അധ്യക്ഷന്മാർ ഗ്രൂപ്പടിസ്ഥാനത്തിൽ നീക്കം തുടരുന്നതിനിടയിലാണ് സുധാകരന്റെ പ്രതികരണം. 

അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം താനുമായി ആലോചിച്ചില്ലെന്ന സുധാകരന്റെ ആരോപണത്തെ എ.ഐ.സി.സി. നേതൃത്വം തള്ളിയിരുന്നു. സുധാകരനുമായി രണ്ടുതവണ ചർച്ച നടത്തിയ ശേഷമാണ് പുനഃസംഘടന നടപടികളുമായി മുന്നോട്ടുപോയതെന്നാണ് എ.ഐ.സി.സി. വ്യക്തമാക്കിയത്. ഇതോടെ പ്രതിരോധത്തിലായ സുധാകരൻ ജില്ലാ അധ്യക്ഷന്മാർക്ക് പിന്തുണയുമായി എത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.

കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ് തന്നെ മാറ്റുന്നതിന് കാരണമെന്നായിരുന്നു സുധാകരന്റെ പ്രധാന ആരോപണം. ഈ ആരോപണത്തിൽ അന്വേഷണം നടത്താൻ എ.ഐ.സി.സി. തീരുമാനിച്ചിരുന്നു. തുടർച്ചയായി നേതൃത്വത്തെ വിമർശിക്കുന്നതും പരസ്യ പ്രതികരണം നടത്തുന്നതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കെ. സുധാകരന്റെ ആരോപണങ്ങൾ അവഗണിക്കാനായിരുന്നു എ.ഐ.സി.സി. നിർദ്ദേശം. ഇതോടെ സുധാകരൻ നേതൃത്വത്തെ വെട്ടിലാക്കാനുള്ള മറുതന്ത്രവുമായി രംഗത്തെത്തി.

തൃശൂർ ജില്ലാ അധ്യക്ഷനൊഴികെ മറ്റെല്ലാ ഡി.സി.സി. അധ്യക്ഷന്മാരെയും മാറ്റാനുള്ള ചർച്ചകളിലാണ് കെ.പി.സി.സി. ഡി.സി.സി. അധ്യക്ഷന്മാരിൽ ഏറെപ്പേരും മാറ്റം ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന നടപടികൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ, ഡി.സി.സി. അധ്യക്ഷന്മാരെ ആരെയും മാറ്റേണ്ടതില്ലെന്നും കെ.പി.സി.സി. അധ്യക്ഷന്മാർ എല്ലാവരും നന്നായി പ്രവർത്തിക്കുന്നവരാണെന്നുമുള്ള കെ. സുധാകരന്റെ നിലപാട് പാർട്ടിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള തന്ത്രമായാണ് ഭൂരിപക്ഷം നേതാക്കളും കാണുന്നത്. നിലവിലുള്ള ഡി.സി.സി. അധ്യക്ഷന്മാരെയും കെ.പി.സി.സി. ഭാരവാഹികളെയും ഒപ്പം നിർത്തി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത്.

സ്വന്തം ഗ്രൂപ്പുകാരനും വിശ്വസ്തനുമായ അഡ്വ. സണ്ണി ജോസഫ് കെ.പി.സി.സി. അധ്യക്ഷനായതോടെ കെ. സുധാകരൻ പ്രതിഷേധം അവസാനിപ്പിച്ച് നേതൃത്വവുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നായിരുന്നു നേതാക്കൾ കരുതിയിരുന്നത്. എന്നാൽ, സംസ്ഥാന കോൺഗ്രസിൽ അഭിപ്രായഭിന്നത സൃഷ്ടിച്ച് എ.ഐ.സി.സി. നേതൃത്വത്തെയും കെ.പി.സി.സി. അധ്യക്ഷനെയും വെട്ടിലാക്കുന്ന നിലപാടാണ് കെ. സുധാകരൻ സ്വീകരിച്ചത്. 

ഡി.സി.സി. പുനഃസംഘടനയും കെ.പി.സി.സി.യിൽ സമൂലമായ അഴിച്ചുപണിയും വിവാദങ്ങളില്ലാതെ പൂർത്തീകരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് കെ. സുധാകരന്റെ പ്രതികരണം പൊട്ടിത്തെറിയായി മാറിയത്.

കോൺഗ്രസിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ചും കെ. സുധാകരൻ്റെ നീക്കങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!

Summary: K. Sudhakaran's recent moves to revive group politics in Kerala Congress, particularly his stance against organizational changes, have put the central leadership in a difficult position, creating new group equations ahead of local body elections.

#KeralaCongress #K Sudhakaran #GroupPolitics #KPCC #AICC #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia