Criticism | പി ജയരാജനെ തഴഞ്ഞതിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം; സിപിഎം നേതൃത്വത്തിന് തലവേദനയായി അണികളുടെ രോഷപ്രകടനം


● ജയരാജന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ.
● മുഖ്യമന്ത്രിയടക്കമുള്ളവരെ പരോക്ഷമായി വിമർശിക്കുന്ന പോസ്റ്റുകൾ.
● പി. ജയരാജൻ്റെ മകൻ്റെ വാട്സാപ്പ് സ്റ്റാറ്റസ് ചർച്ചയായി.
● മുതിർന്ന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി.
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതെ സീനിയർ നേതാവായ പി ജയരാജനെ തഴഞ്ഞതിൽ കണ്ണൂരിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും കടുത്ത പ്രതിഷേധം. പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചും കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ അനുഭവപരിചയമുള്ള ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തത് പാർട്ടിയിലെ ചിലരുടെ സ്വാർത്ഥ താൽപര്യമാണെന്നാണ് അനുഭാവികളും അദ്ദേഹത്തിൻ്റെ ആരാധകരും ആരോപിക്കുന്നത്.
ഇതിനിടെ ജയരാജന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻ്റെ ആരാധകർ പോസ്റ്റുമായി രംഗത്തുവന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് പോസ്റ്റുകൾ നിറയുന്നത്. പ്രശാന്ത് കൈ തെരിയെന്നയാൾ ഇട്ട പോസ്റ്റിൻ പി ജയരാജൻ്റെ മകൻ ജയിൻ രാജ് ഉൾപ്പെടെയുള്ളവരെ ടാഗ് ചെയ്തിട്ടുണ്ട്. ഈ ഇടം കൈയ്യനാൽ ചുവന്ന കുറെയേറെ മണ്ണുണ്ട്. ഇവിടെ ആ മണ്ണിൽ തലയെടുപ്പോടെ വേരുറപ്പിച്ചു നിൽകും ഈ മനുഷ്യൻ എന്ന കുറിപ്പോടെ പിന്നിൽ കൈ കെട്ടി റെഡ് വളണ്ടിയർ മാർച്ച് വീക്ഷിക്കുന്ന പി ജയരാജൻ്റെ ഫോട്ടോ സഹിതമാണ് പ്രശോഭ് കൈതേരിയുടെ പോസ്റ്റ്.
സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്‍റെ വാതിലടഞ്ഞതോടെ അദ്ദേഹത്തിന്‍റെ മകന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയായി. 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ' എന്ന എം സ്വരാജിന്‍റെ വാചകമാണ് പി ജയരാജന്‍റെ മകൻ ജയിൻ രാജ് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിൻ തുറന്ന് പറഞ്ഞതെന്നാണ് വ്യഖ്യാനങ്ങൾ. പ്രായപരിധി നിബന്ധന തുടർന്നാൽ അടുത്ത സമ്മേളനത്തിൽ സംസ്ഥാന സമിതിയിൽ നിന്നും ജയരാജൻ ഒഴിവാകും.
കണ്ണൂരിലെ പാർട്ടിയുടെ അമരക്കാരൻ ആയിരുന്നിട്ടും മൂന്ന് പതിറ്റാണ്ട് മുൻപ് ഉൾപ്പെട്ട ഘടകത്തിൽ പി ജയരാജന്റെ സംഘടനാ ജീവിതം അവസാനിക്കാനാണ് സാധ്യതയെല്ലാം. ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ- ഒടുവിലിതാ എംവി ജയരാജനും സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. ഈ പേരുകൾക്കൊപ്പം ഉയർന്നുകേട്ടിട്ടും കണ്ണൂർ പാർട്ടിയുടെ തലപ്പത്തുണ്ടായിട്ടും പി ജയരാജന് സംസ്ഥാന സമിതിയിൽ നിന്നൊരു കയറ്റമില്ല. പ്രായം എഴുപത്തിരണ്ടിലെത്തി. അടുത്ത സമ്മേളനമാകുമ്പോൾ എഴുപത്തിയഞ്ചാകും. അപ്പോൾ ഇനിയൊരു പ്രമോഷനില്ല.
27 വർഷമായി സംസ്ഥാന കമ്മിറ്റിയിലുളള ജയരാജന് അതേ ഘടകത്തിൽ തന്നെ സംഘടനാ ജീവിതം അവസാനിപ്പിക്കേണ്ടി വരാം. അതേസമയം, കണ്ണൂരിലെ മുതിര്‍ന്ന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കിൽ നീ എന്‍റെ സഖാവാണ് എന്ന വാചകമാണ് സുകന്യ പങ്കുവെച്ചത്. എന്നാല്‍, തനിക്കൊരു അതൃപ്തിയും ഇല്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നുമാണ് സുകന്യ ഈ വിഷയത്തിൽ പ്രതികരിച്ചത്.
പ്രൊഫൈൽ ചിത്രം മാറ്റിയപ്പോൾ ഒരു വാചകം ചേർത്തെന്ന് മാത്രമേയുള്ളൂ. പാർട്ടി തന്‍റെ പ്രവർത്തനം അംഗീകരിച്ചിട്ടുണ്ട്. കമ്മിറ്റികൾ തീരുമാനിക്കുന്നത് പല ഘടകങ്ങൾ പരിഗണിച്ചാണെന്നും എൻ സുകന്യ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം കൂടുതൽ വേണമായിരുന്നു. വനിതാ അംഗങ്ങൾ കൂടിയതിന് അനുസരിച്ചു പ്രതിനിധ്യം ഉണ്ടായില്ലെന്നും സുകന്യ കൂട്ടിച്ചേർത്തു.
Strong protests arise in social media following the exclusion of P. Jayarajan from the CPM state secretariat. Supporters express anger, alleging selfish motives within the party. Criticism is directed towards top leaders, including the Chief Minister.
#PJayarajan, #CPM, #KeralaPolitics, #SocialMediaProtest, #Kannur, #PoliticalNews