Victory | ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മിന്നും ജയം; എന്‍പിപിക്ക് ലഭിച്ചത് 159 സീറ്റുകള്‍

 
Sri Lankan Left Alliance Wins Parliamentary Election with Majority
Sri Lankan Left Alliance Wins Parliamentary Election with Majority

Photo Credit: Facebook / Anura Kumara Dissanayake

● എന്‍പിപി തനിച്ച് കേവല ഭൂരിപക്ഷം നേടിയിരിക്കയാണ്
● കേവല ഭൂരിപക്ഷത്തിന് 107 സീറ്റുകള്‍ മതി 
● എന്‍പിപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ദിസനായകെ
● അഴിമതി നിറഞ്ഞ രാഷ്ട്രീയം തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ദിസനായകെ അധികാരത്തിലേറിയത്

കൊളംബോ: (KVARTHA) ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മിന്നും ജയം. ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാള്‍ (എസ്ജെബി) 62 ശതമാനം വോട്ട് നേടിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റുകള്‍ എന്‍പിപി നേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടെ എന്‍പിപി തനിച്ച് കേവല ഭൂരിപക്ഷം നേടിയിരിക്കയാണ്. കേവല ഭൂരിപക്ഷത്തിന് 107 സീറ്റുകള്‍ മതി. 

വോട്ട് എണ്ണുന്ന ഭൂരിപക്ഷം സീറ്റുകളിലും എന്‍പിപി തന്നെയാണ് മുന്നില്‍. മുന്‍ പ്രസിഡന്റ് റാണാസിങ്ങേ പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസ നയിക്കുന്ന എസ് ബി ജെ 35 സീറ്റാണ് നേടിയിരിക്കുന്നത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ഛി ആറു സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും, ശ്രീലങ്ക പൊതുജന പെരമുന രണ്ടു സീറ്റുകളും നേടി.

എന്‍പിപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ദിസനായകെ പ്രതികരിച്ചു. 'ഈ തിരഞ്ഞെടുപ്പ് ശ്രീലങ്കക്ക് നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെ എന്‍പിപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.'-ദിസനായകെ പറഞ്ഞു. അഴിമതി നിറഞ്ഞ രാഷ്ട്രീയം തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ദിസനായകെ അധികാരത്തിലേറിയത്.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ദിസനായകെയ്ക്ക് 42 ശതമാനം വോട്ടുകളാണ് നേടാനായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന അതിശക്തമായ ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2024 സെപ്റ്റംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും അനുര കുമാര ദിസനായകെ അധികാരത്തില്‍ എത്തിയതും.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2024 സെപ്റ്റംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റില്‍ 145 സീറ്റുകളുണ്ടായിരുന്നു. എസ് ജെ ബിക്ക് 54 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഐ ടി എ കെയ്ക്ക് 10 സീറ്റുകളും ഉണ്ടായിരുന്നു. ദിസനായകയുടെ എന്‍പിപിക്ക് മൂന്നു സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ള 13 സീറ്റുകള്‍ മറ്റ് ചെറിയ പാര്‍ട്ടികളുടേതായിരുന്നു.


കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ രോഗം ബാധിച്ച് മരിച്ച സംഭവം നടന്നിരുന്നു. 25 വര്‍ഷത്തോളം എംപിയായിരുന്നു ദിസനായകെ. കുറച്ചുകാലം കൃഷിമന്ത്രിയുമായി. എന്നാല്‍ അദ്ദേഹത്തിന്റെ എന്‍പിപി സഖ്യത്തിന് കഴിഞ്ഞ സര്‍ക്കാറില്‍ വെറും മൂന്നു സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് ഇപ്പോഴത്തെ വര്‍ധനവ്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ താറുമാറായ ശ്രീലങ്ക പതുക്കെ കരകയറുകയാണ്. മാസങ്ങളോളം മരുന്നും ഇന്ധനവും ഭക്ഷണങ്ങളുമില്ലാതെ ശ്രീലങ്കന്‍ ജനത വലഞ്ഞു. പുതിയ സര്‍ക്കാരില്‍ ജനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

#SriLankaElections #NPPVictory #AnuraDissanayake #PoliticalChange #ParliamentaryElections #ElectionResults

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia