Controversy | വീണ്ടും പുലിവാൽ പിടിച്ച് ഷംസീർ; സ്പീക്കർ പദവി മറന്നുവെന്ന് വിമർശനം
* സോഷ്യൽ മീഡിയയിൽ ഷംസീറിനെതിരെ ട്രോളുകൾ
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ ഇടതുമുന്നണിയിലെ നേതാക്കൾക്ക് അതൃപ്തി. സ്വന്തം പാർട്ടിയിലെ നേതാക്കളും മാധ്യമങ്ങളും ഷംസീറിന് പിൻതുണയുമായി രംഗത്തുവന്നിട്ടില്ല. ഗാന്ധിവധത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ആർഎസ്എസിനെ പ്രമുഖസംഘടനയായി വിശേഷിപ്പിക്കേണ്ടതില്ലെന്ന ചർച്ച സിപിഎമ്മിലുമുണ്ട്.
ഗണപതി വിവാദത്തിന് ശേഷം ഷംസീറിനെതിരെ സോഷ്യൽ മീഡിയയിലും ട്രോളുകൾ നിറയുന്നുണ്ട്. ഗണപതി കാരണം സ്പീക്കർക്ക് നാക്കുളുക്കിയെന്നാണ് ചിലർ കമൻ്റിട്ടത്. ഇതിനിടെ സ്പീക്കർക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഷംസീർ അങ്ങനെ പറയരുതായിരുന്നുവെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അത് ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകും. ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്, അക്കാര്യം മറക്കരുത് .ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടുവെന്ന് വ്യക്തത വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു
എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ എൻ ഷംസീർ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി.
ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തി എന്ന അൻവറിന്‍റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
#KeralaPolitics #RSS #Controversy #Shamseer #IndiaNews #LeftFront