Politics | സെക്രട്ടറിയേറ്റില്‍ ഇടം നേടിയില്ല, സ്പീക്കര്‍ എഎന്‍ ഷംസീര്‍ സംസ്ഥാന കമ്മിറ്റിയംഗമായി തുടരും; ഒതുക്കിയതോ?


● കോടിയേരി ബാലകൃഷ്ണന്റെ ശിഷ്യനായിരുന്നിട്ടും പരിഗണന ലഭിച്ചില്ല.
● മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യം ഷംസീറിന് തടസ്സമായെന്ന് വിലയിരുത്തൽ.
● അടുത്ത തവണ തലശ്ശേരിയിൽ പി ശശി മത്സരിക്കാൻ സാധ്യതയെന്ന് സൂചന.
● കാരായി രാജൻ്റെ പേരും നിയമസഭാ സീറ്റിലേക്ക് പരിഗണനയിലുണ്ട്.
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാഷ്ട്രീയത്തിലെ യുവനേതാവായ സ്പീക്കര്‍ എ എന്‍ ഷംസീറിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം ലഭിക്കാത്തത് തിരിച്ചടിയായി. തലശേരിയില്‍ നിന്നും രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷംസീറിന് മന്ത്രി പദവി നോട്ടമുണ്ടായിരുന്നുവെങ്കിലും മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി സ്പീക്കര്‍ സ്ഥാനമാണ് ലഭിച്ചത്. അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ശിഷ്യനായ ഷംസീറിന് അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് സ്പീക്കര്‍ പദവി ലഭിച്ചത്.
സ്പീക്കര്‍ പദവിയില്‍ ശോഭിച്ച ഷംസീര്‍ നിയസഭയിലെടുത്ത സമവായ നിലപാടുകളിലൂടെ പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ കയ്യടി നേടിയിരുന്നു. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവിന പാര്‍ട്ടിയിലും പ്രാമുഖ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പതിനേഴംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതുമുഖമായി എം വി ജയരാജനെത്തിയതോടെ ഷംസീറിന്റെ പ്രതീക്ഷമങ്ങിയിരിക്കുകയാണ്. വെറും സംസ്ഥാന കമ്മിറ്റിയംഗമായി ഷംസീര്‍ ഇനിയുളള രണ്ടു വര്‍ഷവും തുടരേണ്ടി വരും.
ന്യൂനപക്ഷ സമുദായത്തില്‍ നിന്നും കഴിവും വിദ്യാഭ്യാസവുമുളള ഒരു നേതാവെന്ന പ്രതിച്ഛായ ഷംസീറിനുണ്ടായിരുന്നുവെങ്കിലും മന്ത്രിയായ മുഹമ്മദ് റിയാസിന്റെ സാന്നിധ്യമാണ് ഷംസീറിന് തിരിച്ചടിയായത്. മികച്ച എംഎല്‍എയായി തലശേരി മണ്ഡലത്തില്‍ നിറഞ്ഞു നിന്ന ഷംസീര്‍ ഇത്തവണ രണ്ടാം ടേം പൂര്‍ത്തീകരിക്കുകയാണ്. ഇതോടെ തലശേരി നിയമസഭാ മണ്ഡലവും കൈവിടേണ്ടി വരും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുളളത്.
പെരളശേരി മാവിലായിക്കാരനായ പി ശശി നിലവില്‍ തലശേരിയില്‍ വീടെടുത്തു താമസിച്ചുവരികയാണ്. തലശേരി ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പി ശശി. അടുത്ത വര്‍ഷം പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു മണ്ഡലത്തില്‍ സജീവമാകാന്‍ പി ശശിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയേക്കും. മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ മന്ത്രി പദവിയിലേക്ക് പരിഗണിക്കുന്ന നേതാക്കളിലൊരാളാണ് പി ശശി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റം അംഗം കാരായി രാജനാണ് നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി പരിഗണിക്കുന്ന മറ്റൊരു പേര്. എന്നാല്‍ ഫസല്‍ വധക്കേസില്‍ പ്രതിയായ കാരായി രാജന് മത്സരിക്കുന്നതിന് ഒരുപാട് സാങ്കേതികത്വങ്ങള്‍ മറികടക്കേണ്ടിതായിവരും. കൊച്ചി സി.ബി.ഐ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്.
Speaker A.N. Shamseer was not included in the CPM state secretariat, remaining only a state committee member. This is seen as a setback for the young leader from Kannur, despite his successful tenure as speaker and expectations of further party prominence.
#ANShamseer #CPM #KeralaPolitics #Speaker #StateSecretariat #Kannur