Crisis | ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു; പ്രസിഡന്റിന്റെ നടപടി രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ
● പ്രതിപക്ഷം ഇതിനെ ശക്തമായി വിമർശിച്ചു
● ജനാധിപത്യം അപകടത്തിലാണെന്ന് മുന്നറിയിപ്പ്
സോൾ: (KVARTHA) ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ രാജ്യത്ത് അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ ദുർബലപ്പെടുത്തുകയും, ഉത്തര കൊറിയയോട് അനുഭാവം പ്രകടിപ്പിക്കുകയും, രാജ്യത്തിന്റെ നിയമനിർമ്മാണ പ്രക്രിയ തളർത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഈ നടപടി. ടെലിവിഷൻ സംപ്രേഷണത്തിലൂടെ നടത്തിയ പ്രസംഗത്തിലാണ് പ്രസിഡൻ്റ് പട്ടാളനിയമം പ്രഖ്യാപിച്ചത്.
ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഈ നടപടി അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയൻ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യുമെന്നും ഭരണഘടനാപരമായ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റിന്റെ ഈ നടപടികൾ രാജ്യത്തിൻ്റെ ഭരണത്തിലും ജനാധിപത്യത്തിലും എന്ത് ഫലമുണ്ടാക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അടുത്ത വർഷത്തെ ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂനിൻ്റെ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയും തർക്കം രൂക്ഷമാണ്. ഭാര്യയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട അഴിമതി ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും പ്രസിഡന്റ് നിരസിക്കുന്നു. ഇതിൻ്റെ പേരിൽ രാഷ്ട്രീയ എതിരാളികളിൽ നിന്ന് രാഷ്ട്രീയ ആക്രമണങ്ങളും അദ്ദേഹം നേരിടുന്നുണ്ട്.
അധികാര ദുർവിനിയോഗം ആരോപിച്ച് ഇംപീച്ച്‌മെൻ്റ് ഒഴിവാക്കുന്നതിന് പട്ടാള നിയമം പ്രഖ്യാപിക്കാൻ യൂൻ ഗൂഢാലോചന നടത്തിയെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ലിബറൽ പ്രതിപക്ഷം ആരോപിച്ച് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനം. പട്ടാള നിയമം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഡെമോക്രാറ്റിക് പാർട്ടി എംപിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പട്ടാള നിയമം രാജ്യത്തെ തികഞ്ഞ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ലീ ജെയ്-മ്യുങ് മുന്നറിയിപ്പ് നൽകി.
അതേസമയം പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് ആരോപിച്ചു. ദക്ഷിണ കൊറിയക്കാർ ഇത്തരമൊരു നീക്കത്തെ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂയും വ്യക്തമാക്കി. ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട്, പ്രതിപക്ഷത്തിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
1987-നു ശേഷം പുതിയ പാർലമെന്റിന്റെ ഉദ്ഘാടന സെഷനിൽ പങ്കെടുക്കാതിരുന്ന ആദ്യത്തെ പ്രസിഡന്റ് എന്ന വിശേഷണത്തിന് അർഹനായിരിക്കുകയാണ് യൂൻ. പാർലമെന്റിൽ നടന്നുകൊണ്ടിരുന്ന നിരവധി അന്വേഷണങ്ങളും ഇംപീച്ച്‌മെന്റ് ഭീഷണികളുമാണ് പ്രസിഡന്റ് ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നതിന് കാരണമെന്ന് റിപോർട്ടുകൾ പറയുന്നു. പാർലമെന്റിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം.
പാർലമെന്റിൽ പാസാക്കിയ ബില്ലുകൾ വീറ്റോ ചെയ്യുകയും, സൈനിക നേതൃത്വത്തിൽ തന്റെ അനുയായികളെ നിയമിക്കുകയും ചെയ്തുകൊണ്ട് ജനാധിപത്യ പ്രക്രിയകളെ യൂൺ തകർക്കാൻ ശ്രമിച്ചു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പട്ടാള നിയമം പ്രഖ്യാപിച്ചതോടെ ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ ഭൂപ്രകൃതി കൂടുതൽ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള പൊതുവിശ്വാസത്തെ തകർക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
#SouthKorea #MartialLaw #PoliticalCrisis #Democracy #Protest #Impeachment #YoonSukYeol