Praises | രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റം വന്നു, അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങി; രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പയറ്റുന്നത് പുതിയ തന്ത്രങ്ങളെന്ന് സ്മൃതി ഇറാനി
ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. ഒരുകാലത്ത് അവസരം കിട്ടുമ്പോഴെല്ലാം രാഹുലിനെ വിമര്‍ശിച്ചിരുന്ന നേതാവാണ് സ്മൃതി ഇറാനി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കയാണ്. പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് രാഹുലിനെ പ്രശംസിച്ചു കൊണ്ടുള്ള സ്മൃതിയുടെ പരാമര്‍ശം.
രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റം വന്നുവെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നും രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുതിയ തന്ത്രങ്ങളാണ് പയറ്റുന്നതെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.
സ്മൃതി ഇറാനിയുടെ വാക്കുകള്‍:
രാഹുല്‍ ഗാന്ധി ജാതിയെക്കുറിച്ചു സംസാരിക്കുമ്പോള്‍, പാര്‍ലമെന്റില്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് വരുമ്പോള്‍ അതു യുവാക്കള്‍ക്കു നല്‍കുന്ന സന്ദേശമെന്തായിരിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പൂര്‍ണബോധ്യമുണ്ട്. ഒരു പ്രത്യേകവിഭാഗത്തെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള പ്രവൃത്തികളാണ് അദ്ദേഹത്തിന്റേത്. അത് നല്ലതെന്നോ ചീത്തയെന്നോ അപക്വമെന്നോ നിങ്ങള്‍ക്കു തോന്നിയാലും അതിനെ വിലകുറച്ചു കാണാനാവില്ല. അത് മറ്റൊരുതരം രാഷ്ട്രീയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പ്രാധാന്യം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ വിശാലതന്ത്രത്തിന്റെ ഭാഗമാണത് - എന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ സ്മൃതി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനങ്ങള്‍ അദ്ദേഹത്തിനു ഗുണം ചെയ്തില്ല. മറിച്ച് അത് വോട്ടര്‍മാരില്‍ സംശയമാണുണ്ടാക്കിയതെന്നും സ്മൃതി ചൂണ്ടിക്കാട്ടി. ഇത്തരം പരാജയപ്പെട്ട തന്ത്രങ്ങളില്‍നിന്നു മാറിനില്‍ക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് അദ്ദേഹം വിജയിച്ചു തുടങ്ങിയത്. പഴയതന്ത്രങ്ങള്‍ ഫലിക്കാതെ വന്നതോടെ അദ്ദേഹം ജാതി രാഷ്ട്രീയത്തിലേക്ക് കളംമാറ്റിയെന്നും സ്മൃതി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശകയായിരുന്നു സ്മൃതി ഇറാനി. 2014ല്‍ രാഹുലിനെതിരെ അമേഠിയില്‍ മത്സരിച്ച് പരാജയപ്പെട്ട സ്മൃതി 2019ല്‍ ഇതേ സീറ്റില്‍ രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചനെതിരേയും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സഭയില്‍ ഇരുവരും തമ്മിലുള്ള വാക്‌പോരുകളും ശ്രദ്ധേയമായിരുന്നു.
#RahulGandhi #SmritiIrani #IndianPolitics #BJP #Congress #CastePolitisc