Asylum | രാഷ്ട്രീയ അഭയം എന്നാൽ എന്താണ്, ഷെയ്ഖ് ഹസീനയ്ക്ക് അതിൻ്റെ ആവശ്യമുണ്ടോ?

 
Asylum

Photo Credit: X/ Awami League

ഏത് നേതാവായാലും, രാഷ്ട്രീയ അഭയം എന്നത് ഒരിക്കലും ഒരു സ്ഥിരമായ പരിഹാരമല്ല. സ്വന്തം ജനങ്ങളുടെ ഇടയിൽ തന്നെയാണ് ഒരു രാഷ്ട്രീയ നേതാവിന്റെ യഥാർത്ഥ ശക്തി

സോണിച്ചൻ ജോസഫ്

(KVARTHA) തങ്ങളുടെ മാതൃരാജ്യത്ത് പീഡനം ഭയക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങളുടെ സംരക്ഷണമാണ് രാഷ്ട്രീയ അഭയം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അങ്ങനെയൊരു സാഹചര്യം വേണ്ടി വരുമോ? നിലവിൽ ആവശ്യമില്ലെന്നതാണ് പൊതുവിൽ വരുന്ന വാർത്തകൾ. ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ് പറഞ്ഞതായാണ് പുതിയ വാർത്തകൾ വന്നിരിക്കുന്നത്. നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. 

Asylum

എത്ര ദിവസം ഇന്ത്യയിൽ തുടരുമെന്ന് ഹസീനയുമായി അടുത്ത വൃത്തങ്ങളോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിട്ടില്ല. ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുന്ന നിമിഷം ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മകൻ സജീബ് പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ഹസീനയുടെ മകൻ അമേരിക്കയിലാണുള്ളത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നുണ്ടായ അക്രമത്തിൽ ബംഗ്ലാദേശിൽ മുന്നൂറോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥി പ്രക്ഷോഭം. ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. തുടർന്ന് രൂപീകരിച്ച ഇടക്കാല സർക്കാരിൽ ഹസീനയുടെ അവാമി ലീഗിന് പ്രാതിനിധ്യമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവാമി ലീഗ് മത്സരിക്കുമെന്നും ജയ സാധ്യതയുണ്ടെന്നും മകൻ പറഞ്ഞു. ഹസീന നിലവിൽ ഡൽഹിയിലാണുള്ളത്. യുകെയിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ  ടെലിഫോണിൽ ചർച്ച നടത്തി. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്തു എന്ന് എസ് ജയശങ്കർ അറിയിച്ചു. എന്നാൽ ഹസീന എത്രകാലം ഇന്ത്യയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഷെയ്ഖ് ഹസീന  ഇന്ത്യയിലോ യു.കെ യിലോ അഭയം തേടാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ അഭയത്തെക്കുറിച്ച് കൂടുതൽ ചർച്ചയായത്. കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതും അപ്പോഴായിരുന്നു. ഈ അവസരത്തിൽ പുറത്തുവന്നിരിക്കുന്ന എന്താണ് രാഷ്ട്രീയ അഭയം? എന്ന കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. അതിൽ രാഷ്ട്രിയ അഭയത്തെക്കുറിച്ച് കൃത്യമായ ബോധ്യം നമുക്ക് ഉണ്ടാക്കി തരുന്നു. 

കുറിപ്പിൽ പറയുന്നത്:

'തങ്ങളുടെ മാതൃരാജ്യത്ത് പീഡനം ഭയക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങളുടെ സംരക്ഷണമാണ് രാഷ്ട്രീയ അഭയം. യുകെ ഗവൺമെൻ്റ് നിയമം അനുസരിച്ച്, അഭയാർത്ഥിയായി രാജ്യത്ത് തുടരണമെങ്കിൽ വ്യക്തികൾ അഭയത്തിനായി അപേക്ഷിക്കണം. രാജ്യത്തുനിന്ന് പലായനം ചെയ്‌തവരും അപകടസാധ്യത കാരണം തിരികെ പോകാൻ കഴിയാത്തവരുമായവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അഭയം നൽകിക്കഴിഞ്ഞാൽ, വ്യക്തി സ്വന്തം രാജ്യത്തേക്ക് നാടുകടത്തപ്പെ ടുന്നതിൽ നിന്ന് സുരക്ഷിതനായിരിക്കും. കഴിഞ്ഞ വർഷം 112,000 രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷകളാണ് യു.കെ ഗവൺമെന്റിന് ലഭിച്ചത്. 

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ നിലവിൽ ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയിട്ടുണ്ട്. 1959ലെ ടിബറ്റൻ കലാപത്തെ തുടർന്ന് ദലൈലാമ ഉൾപ്പെടെ നിരവധി പേർക്ക് അഭയം നൽകിയതിൻ്റെ ദീർഘകാല ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇക്കൂട്ടത്തിൽ രാഷ്ട്രീയ നേതാക്കൾ മുതൽ സിവിലിയൻമാർ വരെ ഉൾപ്പെടും. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് ഇതാണെന്നാണ് കണക്കാക്കപ്പെടുന്നത്. 1959 മാർച്ച് 31നാണ് തൻ്റെ ഇരുപത്തിനാലാം വയസിൽ ടിബറ്റിൻ്റെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ എത്തുന്നത്.

ചൈനയുടെ ആക്രമണം ഭയന്ന് ഇന്ത്യയിലെത്തിയ അദ്ദേഹം തൻ്റെ എൺപത്തിയാറാം വയസിലും ഹിമാചൽ പ്രദേശിലെ ധർമശാലയിൽ തുടരുകയാണ്. തസ്ലീമ നസ്രിൻ എന്ന ബംഗ്ലാദേശി എഴുത്തുകാരിക്ക് തൻ്റെ വിവാദ രചനകളുടെ പേരിൽ സ്വന്തം നാട്ടിൽ വധഭീഷണിയും പീഡനവും നേരിട്ടു. ഇതുകാരണം അവർ 1994ൽ ബംഗ്ലാദേശ് വിട്ടു. 2004 മുതൽ ഇന്ത്യ അവർക്ക് താൽക്കാലിക അഭയം നൽകുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു. സ്വീഡിഷ് പൗരത്വമുള്ള അവർ 30 വർഷമായി അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞത്. 2004ൽ ഇന്ത്യയിൽ (കൊൽക്കത്ത) താമസിക്കാൻ അനുവാദം നൽകി. 

ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008ൽ മുസ്ലിം സംഘടനകളുടെ ഭീഷണികളെ തുടർന്ന് വിദേശത്തേക്കു പോകേണ്ടി വന്നു. 2011ൽ ഇന്ത്യയിൽ തിരിച്ചെത്തിയ തസ്ലീമയ്ക്ക് ഡൽഹിയിലെ രഹസ്യ മേൽവിലാസത്തിലായിരുന്നു പിന്നീട് താമസ സൗകര്യം ഒരുക്കിയത്. 2014 എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ താമസാനുമതി റദ്ദാക്കി. ഇതോടെ 2015ൽ അവർ അമേരിക്കയിലേക്ക് മാറി. 1992ൽ അഫ്ഗാൻ പ്രസിഡൻ്റായിരുന്ന മുഹമ്മദ് നജീബുള്ളയുടെ ഭാര്യക്കും മകൾക്കും ഇന്ത്യ അഭയം നൽകിയിരുന്നു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് നജീബുള്ളയെ താലിബാൻ സൈന്യം പിടികൂടി വിളക്കുകാലിൽ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. 

താലിബാൻ പീഡിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് അഹമ്മദ് ഖുറേഷി എന്ന അഫ്ഗാൻ പൗരൻ 2016ൽ ഇന്ത്യയിൽ അഭയം തേടിയിരുന്നു. പദവി രാജിവച്ച് ഇന്ത്യയിൽ എത്തിയ ഷെയ്ഖ് ഹസീനക്ക് ഡൽഹിയിൽ സുരക്ഷിത ഭവനം ഒരുക്കുമെന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയില്ലെങ്കിൽ ലണ്ടനിലേക്ക് പോകാനാണ് ഷെയ്ഖ് ഹസീനയുടെ പദ്ധതി. ബ്രിട്ടനോട് അവര്‍ രാഷ്ട്രീയ അഭയത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് വിവരം.  ഷെയ്ഖ് ഹസീന ഡൽഹിയിൽ അഭയം തേടുന്നത് ഇതാദ്യമായല്ല. 

1975 ഓഗസ്റ്റ് 15ന് ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിൻ്റെ സ്ഥാപകനുമായ മുജീബുർ റഹ്മാൻ പ്രസിഡൻ്റ് പദവിയിലിരിക്കേ കുടുംബത്തിലെ 18 അംഗങ്ങൾക്കൊപ്പം ക്രൂരമായി കൊല ചെയ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഹസീനയ്ക്ക് സഹായഹസ്തം നീട്ടി. തുടർന്ന് ഭർത്താവിനും കുട്ടികൾക്കും സഹോദരിക്കുമൊപ്പം ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടി. 1975 മുതൽ 1981 വരെ ആറ് വർഷക്കാലം ഡൽഹിയിലെ പണ്ടാര റോഡിൽ ഒരു രഹസ്യ മേൽവിലാസത്തിൽ താമസിച്ചു. 2022ൽ ഒരു അഭിമുഖത്തിൽ അവർ ഇക്കാര്യം അനുസ്മരി ച്ചിട്ടുമുണ്ട്'.

സ്വന്തം ജനങ്ങളുടെ ഇടയിൽ തന്നെയാണ് ശക്തി 

എന്തായാലും ഈ സമയത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചയാകുന്നതുമായ വാക്ക് തന്നെയാണ് രാഷ്ട്രീയ അഭയം. എത്ര വലിയ നേതാവ് ആണെങ്കിലും സ്വന്തം രാജ്യത്ത് സ്വസ്ഥമായി ജീവിക്കുന്നതിന് അപ്പുറം മറ്റൊരു അഭയവുമില്ല. ഏത് നേതാവായാലും, രാഷ്ട്രീയ അഭയം എന്നത് ഒരിക്കലും ഒരു സ്ഥിരമായ പരിഹാരമല്ല. സ്വന്തം ജനങ്ങളുടെ ഇടയിൽ തന്നെയാണ് ഒരു രാഷ്ട്രീയ നേതാവിന്റെ യഥാർത്ഥ ശക്തി. അത് ഷെയ്ഖ് ഹസീന യുടെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. സ്വന്തം തെറ്റുകൾ തിരുത്തി സ്വന്തം ദേശത്ത് കഴിയുവാൻ അവർക്ക് ഇടയാകുമെന്ന് വിശ്വസിക്കാം.

#SheikhHasina #PoliticalAsylum #BangladeshCrisis #IndiaNews #UKNews #RefugeeCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia