SFI wins | കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മിന്നും വിജയം; തുടർച്ചയായി 25-ാം തവണയും മുഴുവൻ സീറ്റുകളും സ്വന്തമാക്കി 

 

 
sfi wins kannur university union election


രാഷ്ട്രീയ വിവാദങ്ങൾ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഉജ്വല വിജയം നേടിയിരിക്കുന്നത് 

കണ്ണൂർ: (KVARTHA) കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മിന്നും വിജയം. തുടർച്ചയായി 25-ാം തവണയും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചത്. കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ വയനാട്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ സ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയൻസിലെ അതുൽ കൃഷ്‌ണയാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. 

ചെയർപേഴ്‌സണായി കെ ആര്യയും ജനറൽ സെക്രട്ടറിയായി പി എൻ പ്രവിഷയും വിജയിച്ചു. മറ്റുഭാരവാഹികൾ: കെ ആതിര (വൈസ്‌ ചെയർപേഴ്‌സൺ), കെ സി സ്വാതി (ലേഡി വൈസ്‌ ചെയർപേഴ്‌സൺ), കെ വൈഷ്‌ണവ്‌  (ജോയിന്റ്‌ സെക്രട്ടറി), സി ജെ ക്രിസ്‌റ്റി (കണ്ണൂർ എക്‌സിക്യൂട്ടീവ്‌), വി ബ്രിജേഷ്‌  (കാസർകോട്‌ എക്‌സിക്യൂട്ടീവ്‌).

രാഷ്ട്രീയ വിവാദങ്ങൾ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടിയത്. എട്ട് സീറ്റിലും ജയിച്ചുകയറിയ എസ്എഫ്ഐ കണ്ണൂർ സർവകലാശാല അക്ഷരാർത്ഥത്തിൽ തൂത്തുവാരുകയായിരുന്നു. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എസ്എഫ്ഐയും – യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. 

ശനിയാഴ്ച രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുഡിഎസ്എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് വമ്പൻ ജയമാണ് സ്വന്തമായത്. വിജയ പ്രഖ്യാപനത്തെ തുടർന്ന് സ്ഥാനാർത്ഥികളെ ആനയിച്ച് എസ്എഫ്ഐ ആഹ്ലാദ പ്രകടനം നടത്തി. 

പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ച പൊതുസമ്മേളനത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, വൈഷ്ണവ് മഹേന്ദ്രൻ, കെ ആര്യ തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് സർവകലാശാലയിൽ മുന്നേറ്റമുണ്ടാക്കിയ കെ.എസ് യു-എം.എസ്.എഫ് മുന്നണിക്ക് കണ്ണൂരിൽ ഇതിന് സമാനമായ നേട്ടമുണ്ടാക്കാനായില്ല. കനത്ത പൊലീസ് കാവലിലാണ് യൂനിയൻ തെരഞ്ഞെടുപ്പ് നടന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia