Criticism | പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് വി ആർ മോഹൻദാസ് ബിജെപിയിൽ ചേർന്നു; കരുണാകരനെയും കുടുംബത്തെയും അപമാനിച്ചവരെ സ്ഥാനാർഥിയാക്കിയെന്ന് ആരോപണം 

 
VR Mohanadas joining BJP
VR Mohanadas joining BJP

Photo: Arranged

● എൽഡിഎഫും യുഡിഎഫും ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രൻ.
● വയനാട് പുനരധിവാസത്തിൽ സർക്കാർ പരാജയമെന്നും വിമർശനം. 
● വി.ആർ. മോഹൻദാസ് 14 വർഷമായി കോൺഗ്രസ് നേതാവായിരുന്നു.
● ബിജെപിയിൽ ചേർന്നത് കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ. 

പാലക്കാട്: (KVARTHA) മുതിർന്ന കോൺഗ്രസ് നേതാവ് വി ആർ മോഹൻദാസ് ബിജെപിയിൽ ചേർന്നു. കെപിസിസി വിജാർ വിഭാഗിൻ്റെ പാലക്കാട് ജില്ലാ ചെയർമാനായി 14 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു. പാലക്കാട് ബിജെപി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അംഗത്വം നൽകി സ്വീകരിച്ചു. ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് സുരേന്ദ്രൻ പറഞ്ഞു. 

ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. കോൺഗ്രസിൻ്റെ കുടുംബാധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

VR Mohanadas joining BJP

ഇനി ഗാന്ധി പരിവാറിലെ പിൻഗാമികൾ തിരഞ്ഞെടുക്കുന്ന മണ്ഡലം ലക്ഷദ്വീപായിരിക്കും. അവിടെ പൂർണമായും ഒരു വിഭാഗമാണുള്ളത്. സിപിഎം- കോൺഗ്രസ് നേതാക്കൾ മതേതര വോട്ട് എന്ന് പറയുന്നത് ഒരു വിഭാഗത്തിൻ്റെ മാത്രം വോട്ടാണ്. ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വോട്ട് മതേതരമല്ലേ? എകെ ബാലൻ പറഞ്ഞത് ഇ.ശ്രീധരനെ തോൽപ്പിക്കാൻ മതേതര വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നാണ്. അപ്പോൾ ഇടതുപക്ഷത്തിന് കിട്ടിയത് മതേതരവോട്ടല്ലേ?

യുഡിഎഫും ഇത് തന്നെയാണ് ചെയ്യുന്നത്. വഖഫ് ബോർഡിൻ്റെ അധിനിവേശത്തിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസാക്കിയവരാണ് എൽഡിഎഫും യുഡിഎഫും. ഇതിനെതിരെ ശബ്ദിക്കാൻ നിയമസഭയിൽ എൻഡിഎ പ്രതിനിധികൾ എത്തേണ്ടത് ആവശ്യമാണ്. ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവ് ഉയർത്തുന്നില്ല. തൊഴിലില്ലായ്മയോ അഴിമതിയോ വയനാടിൻ്റെ പുനരധിവാസമോ ചർച്ച ചെയ്യുന്നില്ല. 

വയനാട് പുനരധിവാസത്തിലെ സർക്കാർ പരാജയം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കാത്തതെന്താണ്? 786 കോടി അനുവദിച്ച കേന്ദ്രത്തിനെ കുറ്റം പറയാതെ സംസ്ഥാനത്തിൻ്റെ അലംഭാവം പറയുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ദുരന്തബാധിതർക്ക് വീടുകൾ സ്പോൺസർ ചെയ്തവരെ സർക്കാർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മൂന്ന് മാസം മുമ്പ് സർവ്വകക്ഷി യോഗത്തിൽ പറഞ്ഞതിന് നേരെ വിപരീതമാണിത്. 

എന്നാൽ പ്രിയങ്കയോ രാഹുലോ ഇതിനെ പറ്റി സംസാരിക്കുന്നില്ല. കേന്ദ്രസർക്കാരിന് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പ്രതിപക്ഷ നേതാവ് ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. പിപി ദിവ്യയുടെ കാര്യം മൂന്ന് ദിവസമായി പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ല. ഇതെല്ലാം ഒത്തുതീർപ്പ് രാഷ്ടീയത്തിൻ്റെ ഭാഗമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്രമോദിയുടെ ഭരണത്തിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേരുന്നതെന്ന് വിആർ മോഹൻദാസ് പറഞ്ഞു. മോദിയെ കുറ്റം പറയുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്. രാജ്യത്തിനെ എതിർക്കുന്നവരെ പിന്തുണയ്ക്കുന്നവരായി കോൺഗ്രസ് മാറി. കരുണാകരനെയും കുടുംബത്തെയും അപമാനിച്ചവരെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

#KeralaPolitics #BJP #Congress #Palakkad #ByElections #VRMohanadas #KSurendran #AppeasementPolitics #KeralaFloods

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia