Politics | പ്രതിപക്ഷം ഭരണഘടനയും, മോദി അടിയന്തരാവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ രഹസ്യം

 
Rahul Gandhi, Narendra Modi
Rahul Gandhi, Narendra Modi


നാനൂറ് സീറ്റെന്ന ലക്ഷ്യം മോദി ഉയര്‍ത്തിപ്പിടിക്കുന്നത് ഭരണഘടന അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ പ്രചരണം ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്

ആദിത്യൻ ആറന്മുള 

(KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം ഭരണഘടനയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയ ഇന്ത്യ സഖ്യം എംപിമാര്‍ ഭരണഘടനയുടെ പോക്കറ്റ് പതിപ്പുമായാണ് എത്തിയത്. എന്നാല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചവര്‍ക്ക് ഭരണഘടനാ സ്‌നേഹം പുലര്‍ത്താന്‍ യാതൊരു അവകാശവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. ഇത് കോണ്‍ഗ്രസിനെ മാത്രം ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ അദ്ദേഹം രാഷ്ട്രീയ ആയുധമാക്കുന്നത്. 

POLITICS

അടിയന്തരാവസ്ഥയുടെ അന്‍പതാംവര്‍ഷത്തിലേക്ക് രാജ്യം കടക്കുകയാണെങ്കിലും അത് സജീവ ചര്‍ച്ചയാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കം വെറുതെയല്ല. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടത് ബിജെപിക്ക് വല്ലാത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് പഴയതിലും ശക്തിപ്രാപിക്കുകയും അവരും സഖ്യകക്ഷികളും യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബിജെപിയുടെ നടുവൊടിക്കുകയും ചെയ്തു. നാനൂറ് സീറ്റെന്ന ലക്ഷ്യം മോദി ഉയര്‍ത്തിപ്പിടിക്കുന്നത് ഭരണഘടന അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ പ്രചരണം ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഭരണഘടനാ അട്ടിമറിയിലൂടെ സംവരണം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. 

ഇതിന് പകരമായി ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം കോണ്‍ഗ്രസ് മുസ്ലിംകൾക്ക്  വീതിച്ചുകൊടുക്കുമെന്നാണ് മോദി ആരോപിച്ചത്. അത് ജനം വിശ്വസിച്ചില്ല. അതുകൊണ്ടാണ് വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം നാലരലക്ഷത്തില്‍ നിന്ന് ഒന്നരയായി കുറഞ്ഞത്. ഈ സാഹചര്യത്തില്‍, പുതിയ തലമുറയ്ക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത അടിയന്തരാവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്നത് എന്തിനാണെന്ന ചോദ്യം സ്വാഭാവികമായി ഉയരും. ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താനും കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുമാണ് മോദി ലക്ഷ്യമിടുന്നത്. 

സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, സിപിഎം, സിപിഐ എന്നിവരെല്ലാം അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായി പോരാടിയവാണ്. അവരാരും ഇപ്പോഴും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പമല്ല. ഇത് മുതലെടുക്കാനാണ് മോദിയുടെ ശ്രമം. എന്നാല്‍ അടിയന്തരവാസ്ഥാ കാലത്തുള്ളതിനേക്കാള്‍ വലിയ ഭീഷണിയാണ് മോദി സര്‍ക്കാരെന്നും ഭരണഘടന അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇന്ത്യാ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് അറിയാം.

കോണ്‍ഗ്രസ് ശക്തിപ്രാപിക്കുന്നതും രാഹുല്‍ഗാന്ധിയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതും മോദിയെയും ബിജെപിയെയും വല്ലാതെ വേവലാതിപ്പെടുത്തുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വോട്ടെടുപ്പിന് ശേഷം ചില സംഘടനകള്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് രാഹുല്‍ എന്നാണ് യുപിയിലെ ഭൂരിപക്ഷം വോട്ടര്‍മാരും മറുപടി നല്‍കിയത്. രാഹുല്‍ മത്സരിച്ച രണ്ടിടത്തും വിജയിക്കുകയും പ്രതിപക്ഷനേതാവ് ആകുകയും ചെയ്തതോടെ ബിജെപി നേതാക്കളുടെ ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ ആയുധമാക്കാന്‍ മോദി തീരുമാനിച്ചത്. 

പ്രതിപക്ഷ ഐക്യം നിലനിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ഐക്യം തുടരാനുള്ള ശ്രമവുമായി ഇതിനെ കാണാം. മോദിയെ ആക്രമിക്കാന്‍ ഭരണഘടന തെരഞ്ഞെടുത്തതും മനസ്സിലാക്കാം. പക്ഷേ, മോദി ഭരണം ഭരണഘടനയ്ക്ക് ഭീഷണിയാണെന്ന് പ്രതിപക്ഷം പറയുന്നത് എത്രത്തോളം ന്യായമാണ്? അതവര്‍ക്ക് എത്രനാള്‍ ഉയര്ത്തിപ്പിടിക്കാനാകും? ഭരണഘടനയുടെ പല അടിസ്ഥാന തത്വങ്ങളോടും സംഘപരിവാറിന്  പ്രത്യയശാസ്ത്രപരമായ അഭിപ്രായഭിന്തയുണ്ടെന്നത് ശരിയാണ്, അവരുടെ സൈദ്ധാന്തികരുടെ പ്രസംഗങ്ങളില്‍ നിന്നും രചനകളില്‍ നിന്നും അത് വ്യക്തമാണ്. എന്നിരുന്നാലും, പ്രായോഗിക ആവശ്യങ്ങള്‍ക്കായി, സംഘവും അതിന്റെ അനുബന്ധ സംഘടനകളും ഭരണഘടനയോടുള്ള വിധേയത്വം പുലര്‍ത്തിപ്പോരുന്നുണ്ട്.

എന്നാല്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് മോദി-ഷാ ജോഡിയുടെ പ്രവര്‍ത്തനങ്ങള്‍, ഭരണഘടനയുടെ ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് ആക്ഷേപം. ഹിന്ദുത്വയോട് കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രപരമായ വിദ്വേഷം ഇല്ലെങ്കിലും, അടിയന്തരാവസ്ഥ പോലുള്ള അവരുടെ മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നു. എന്നാല്‍, ഭരണഘടനയുടെ മതേതര തത്വങ്ങളെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നാണ് വിമർശനം. പൗരത്വഭേദഗതി നിയമം തന്നെ നല്ല ഉദാഹരണമാണ്. സുപ്രീം കോടതിയുടെ പ്രസിദ്ധമായ കേശവാനന്ദ ഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള വിധിയില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന പാര്‍ലമെന്റ് പോലും ഭേദഗതി ചെയ്യുന്നത് നിരാകരിച്ചിരുന്നു. എന്നിട്ടും ഭരണഘടനയുടെ  ആമുഖത്തില്‍ നിന്ന് സെക്കുലര്‍ എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി പരസ്യമായി വാദിച്ചു.  

'സെക്കുലര്‍' എന്ന വാക്ക് പില്‍ക്കാലത്ത് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്, അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നടപ്പാക്കിയ 42-ാം ഭേദഗതിയിലൂടെ. എന്നാല്‍, ചരിത്രപ്രസിദ്ധമായ എസ്ആര്‍ ബൊമ്മൈയുടെ വിധിയില്‍ സുപ്രീം കോടതി, പ്രസ്തുത ഭേദഗതിയില്‍ അതുവരെ പരോക്ഷമായിരുന്ന കാര്യം വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ഹിന്ദുത്വ തത്വശാസ്ത്രം മതേതര റിപ്പബ്ലിക്കിന് വിരുദ്ധമാണ്. ബി.ജെ.പി പ്രത്യയശാസ്ത്രപരമായി അധികാര കേന്ദ്രീകരണത്തെ മുറുകെ പിടിക്കുകയും അതുവഴി ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. 

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു നികുതി, ഒരു മതം, ഒരു ഭാഷ തുടങ്ങിയവ ബിജെപിയുടെയും അതിന്റെ രാഷ്ട്രീയ ആചാര്യന്മാരുടെയും പ്രത്യയശാസ്ത്ര ആശയങ്ങളല്ലാതെ മറ്റൊന്നുമല്ല. പത്ത് കൊല്ലം രാജ്യം ഭരിച്ച നരേന്ദ്രമോദി സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഗണ്യമായി തകര്‍ത്തു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ അഴിച്ചുവിടുന്നു. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അവകാശങ്ങളിലേക്ക് കടന്നുകയറാന്‍ പോലും കേന്ദ്രം ശ്രമിക്കുന്നു, ഇത് കാര്‍ഷിക നിയമങ്ങളുടെ നിയമനിര്‍മ്മാണത്തില്‍ നിന്ന് വ്യക്തമാണത്.    

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിന് നേരെ വലിയ ആക്രമണമാണ് ബിജെപി  നടത്തുന്നത്. ഒരു മുതിര്‍ന്ന നേതാവ് ഹിന്ദിയെ ഇന്ത്യയുടെ ആത്മാവ് എന്ന് വിളിച്ചത് അതുകൊണ്ടാണ്. ഇത്തരം ഭാഷാപരമായ ആധിപത്യവും ഇന്ത്യ എന്ന ആശയത്തിന് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നു. ചര്‍ച്ചകളില്ലാതെ പാസാക്കിയ ബില്ലുകളും എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തതോടെ പ്രതിപക്ഷത്തെ കശാപ്പ് ചെയ്യുകയും ചെയ്തതോടെ ജനാധിപത്യം വെന്റിലേറ്ററിലായിരുന്നു. ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെയും സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സുകളെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇതൊക്കെയാണ് പത്ത് കൊല്ലത്തെ മോദി ഭരണത്തില്‍ നാം കണ്ടതെന്നാണ് പ്രതിപക്ഷ വിമർശനം. അതുകൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക തന്നെ വേണം. അതാണ് ജനങ്ങളുടെ ഏറ്റവും വലിയ ആയുധം.

കടപ്പാട്: കെ. നാഗേശ്വര്‍, ദ ക്വിന്റ്

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia