Allegation | യമനില്‍ സഊദി സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 2 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്; പിന്നില്‍ യമന്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള വ്യക്തിയെന്ന് അധികൃതർ


● പ്രതിയെ ഉടന്‍ തന്നെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും ഉറപ്പ്
● നടന്നത് തീവ്രവാദ ആക്രമണമെന്ന് യമനിലെ പ്രസിഡന്‍ഷ്യല്‍ കമാന്‍ഡ് കൗണ്‍സില്‍ മേധാവി ഡോ. റഷാദ് അല്‍-അലിമി
സന: (KVARTHA) യമനിലെ ആഭ്യന്തര ഛിദ്രതക്ക് അന്ത്യം കാണാനും നിയമാനുസൃതം അധികാരത്തിലേറിയ സർക്കാരിന് പിന്തുണ നൽകാനുമായി പ്രവർത്തിക്കുന്ന മേഖലാ സൈനിക സഖ്യത്തിലെ സൗദി സൈന്യത്തിന് നേരെ അതിക്രമം. സംഭവത്തിൽ രണ്ട് സൗദി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. യമൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള വ്യക്തിയിൽ നിന്നാണ് ഈ കൊടുംകൃത്യം ഉണ്ടായതെന്ന് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
കിഴക്കൻ യമനിലെ ഹദറമൗത് മേഖലയിലുള്ള സയ്യുൻ ഏരിയയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സയൂൺ നഗരത്തിലെ സഖ്യസേനാ ക്യാമ്പിനുള്ളിൽ തീവ്രവാദത്തെയും കള്ളക്കടത്തിനെയും ചെറുക്കുന്നതിന് വേണ്ടി യമൻ സേനയ്ക്ക് നൽകി വരുന്ന സൈനിക - കായിക പരിശീലനത്തിൽ വെച്ചായിരുന്നു അതിക്രമം എന്നും പ്രതിയെ ഉടൻ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും അൽമാലികി കൂട്ടിച്ചേർത്തു.
സംഭവം സംബന്ധിച്ച് യമൻ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് അന്വേഷണം പുരോഗമിക്കുന്നതായും യമൻ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പികൊണ്ടാണ് സൗദി സൈന്യം യമനിൽ പ്രവർത്തിക്കുന്നതെന്നും അക്രമിക്ക് പ്രചോദനമായ കാര്യങ്ങൾ കണ്ടെത്തി പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും യമൻ സൈന്യത്തിന്റെ സുസ്ഥിരമായ സമീപനമല്ല ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യമനിലെ ഹദ്റമൗത്തിൽ രണ്ട് സൗദി സൈനിക ഉദ്യോഗസ്ഥരുടെ മരണത്തിനും ഒരാളുടെ പരിക്കിനും ഇടയാക്കിയ സംഭവം തീവ്രവാദ ആക്രമണമാണെന്ന് യമനിലെ പ്രസിഡൻഷ്യൽ കമാൻഡ് കൗൺസിൽ മേധാവി ഡോ. റഷാദ് അൽ-അലിമി വിശേഷിപ്പിച്ചു.
#YemenAttack, #SaudiArmy, #HadhramautIncident, #MiddleEastConflict, #Terrorism, #MilitaryNews