Discrimination | പ്രബുദ്ധ കേരളം വർണവെറിയുടെ നാടോ? ശാരദാ മുരളീധരൻ ഏൽപ്പിച്ച ഷോക്ക് ട്രീറ്റ് മെൻ്റിൽ പ്രഹരമേറ്റ് സാംസ്കാരിക ലോകം


● ഉന്നതസ്ഥാനത്തിരുന്നിട്ടും വർണവിവേചനം നേരിടേണ്ടിവന്നു.
● നവോത്ഥാനമൂല്യങ്ങൾ ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു.
● ഇനിയും തിരുത്തേണ്ട സാമൂഹ്യബോധം കേരളത്തിനുണ്ട്.
● പുരോഗമനം വാക്കുകളിൽ മാത്രം ഒതുങ്ങുന്നു.
ഭാമനാവത്ത്
(KVARTHA) കേരളത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ നിറത്തിന്റെ പേരില്‍ തനിക്ക് നേരെയുണ്ടായ അധിക്ഷേപത്തെക്കുറിച്ച് തുറന്നുപറഞ്ഞത് മലയാളി സമൂഹത്തിന് വലിയ അപമാനമായിരിക്കുകയാണ്. പ്രബുദ്ധ മലയാളികൾ ഇവരെ പിൻതുണച്ചുകൊണ്ടു രംഗത്തുവരികയും വിഷയത്തിൻ്റെ ഗൗരവം ഏറ്റെടുത്തു കൊണ്ട് മാധ്യമങ്ങൾ അതിൻ്റെ പിന്തിരിപ്പൻ വശങ്ങൾ തുറന്നും കാട്ടുകയും ചെയ്തിട്ടുണ്ട്. എന്തായാലും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തല്‍ ഒരു ഷോക്ക് ട്രീറ്റ്മെൻ്റാണ്. കേരളം മുന്നോട്ട് നടക്കുന്നെന്ന് നാം അഭിമാനിക്കുമ്പോഴും എവിടെയൊക്കെയോ കാര്യങ്ങള്‍ പഴയതുപോലെ തന്നെ തുടരുന്നുണ്ടെന്ന മുന്നറിയിപ്പ്.
അവരുടെ ശരീരത്തിന്റെ നിറത്തോട് കൂട്ടിച്ചേര്‍ത്ത് പറഞ്ഞുവച്ചത് ചീഫ് സെക്രട്ടറി എന്ന പദവിയിലിരുന്ന് ചെയ്യുന്ന പ്രവൃത്തികള്‍ അത്ര പോരാ എന്നാണ്. അതിനെ താരതമ്യപ്പെടുത്തിയതാവട്ടെ തൊട്ടു മുമ്പ് ആ സ്ഥാനത്തുനിന്നിറങ്ങിയ ഭര്‍ത്താവ് വി വേണുവിന്റെ പ്രവൃത്തികളോടും. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശമെന്ന് ശാരദാ മുരളീധരന്‍ തുറന്നുപറയുന്നു. അപകര്‍ഷതയോളം ഒരു മനുഷ്യനെ തകര്‍ക്കാന്‍ പറ്റിയ മറ്റൊരു ആയുധമില്ല. ആ സ്ത്രീയുടെ ഏറ്റവും വലിയ അപകര്‍ഷത അവരുടെ ഇരുണ്ട നിറമായിരിക്കാമെന്ന വിലയിരുത്തലില്‍ കൂടിയാവും ആ പരാമര്‍ശം വന്നിട്ടുണ്ടാവുക.
അവരുടെ കഴിവിനെ, ആ പദവിയിലേക്കെത്താന്‍ അവര്‍ പിന്നിട്ട കടമ്പകളെ, വളരെ ഭംഗിയായി ചെയ്തുപോകുന്ന നിലവിലെ പരിശ്രമങ്ങളെ ഒക്കെ റദ്ദ് ചെയ്തുകൊണ്ട് എല്ലാത്തിനെയും നിറത്തോട് കൂട്ടിക്കെട്ടി അധിക്ഷേപിച്ചിരിക്കുകയാണ്. ശാരദാ മുരളീധരന്‍ തന്നെ തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ തുറന്നു പറയുന്നുണ്ട് തീരെച്ചെറുപ്പത്തില്‍ വെളുക്കാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു അവരെന്ന്. സമൂഹബോധം അളന്നുതൂക്കി വച്ചിരിക്കുന്ന സൗന്ദര്യബോധത്തിന്റെ മൂശയിലൂടെ ഒരുവട്ടമെങ്കിലും കയറിയിറങ്ങിയല്ലാതെ ഇന്ത്യയിൽഒരു പെണ്‍കുട്ടിയും വളരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ചിലരതിനെ അതിശക്തമായ വിധത്തില്‍ മറികടന്ന് വിജയം കൈവരിക്കുന്നു. മറ്റു ചിലര്‍ ആ ചൂടില്‍ വെന്തുരുകി ജീവിതകാലം മുഴുവന്‍ പൊള്ളിജീവിക്കുന്നു. ഇവിടെ ശാരദാ മുരളീധരന്‍ പറയുന്നുണ്ട്
തന്റെ കറുപ്പ് നിറം ഏറെ പ്രിയപ്പെട്ടതാണെന്ന്, അതു മനസിലാക്കിക്കൊടുത്തത് അവരുടെ കുട്ടികളാണെന്ന്. ഏതോ വിടുവായത്തരമായി പുറത്തുവന്ന തീരെ നിഷ്‌കളങ്കമല്ലാത്ത ആ പരാമര്‍ശം ഉള്ളുവേദനിപ്പിച്ചിട്ടല്ല അവരത് പൊതുചര്‍ച്ചയിലേക്ക് തുറന്നുവച്ചത്. സമൂഹത്തിന്റെ മനസ്ഥിതിയുടെ പ്രതിഫലനം കൂടിയാണ് താന്‍ നേരിട്ട അധിക്ഷേപം എന്ന തിരിച്ചറിവിലാണ്.
ഇനിയും ചര്‍ച്ചകളുണ്ടാകണം. നമുക്കിടയില്‍ അനേകം ആർ.എൽ രാമകൃഷ്ണനെതിരെ നിറത്തിൻ്റെ പേരിൽ അധിക്ഷേപം നടത്തിയ സത്യഭാമമാരും ശാരദാ മുരളീധരനെതിരെ പരാമര്‍ശം നടത്തിയവരെപ്പോലെയുള്ളവരും ഉണ്ടെന്ന സത്യം നമ്മള്‍ അംഗീകരിക്കണം. തിരുത്തപ്പെടേണ്ടതുണ്ടെന്ന ബോധത്തിലേക്ക് കേരളമൊന്നാകെ ഇനിയെങ്കിലുമെത്തണം. നിറത്തിന്റെയോ ഭംഗിയുടെയോ അച്ചടക്കത്തിന്റെയോ അളവുകോലിലല്ല ഒരു പെണ്ണിന്റെ കഴിവിനെ അളക്കേണ്ടതെന്ന് നമ്മുടെ സമൂഹം തിരിച്ചറിയാന്‍ ഇനിയും എത്ര കാലമെടുക്കും.
പൊതുവിടത്തിലും തൊഴിലിടങ്ങളിലും പലതരം മേല്‍ക്കോയ്മകളിലും ആണധികാര വലയങ്ങളിലും കുരുങ്ങിയും രക്ഷപ്പെട്ടും എത്രയോ സ്ത്രീകള്‍ ഇപ്പോഴും ദിവസേന കടന്നുപോകുന്നുണ്ട്. പുരോഗമനം വാക്കുകളില്‍ മാത്രമൊതുങ്ങുന്നൊരു ജനതയെ അല്ല കേരളത്തിനാവശ്യം. ഇത് കേരളമാണ് എന്ന് ഉറച്ച ശബ്ദത്തില്‍ തലയുയര്‍ത്തി പറയാന്‍ പറ്റുന്നൊരു സാഹചര്യം പൂര്‍ണമായും സൃഷ്ടിക്കപ്പെടണം. കേരളത്തിന്റെ 49ാമത്തെ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ആ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ സ്ത്രീയും. ഇത്രയും ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരു സ്ത്രീക്ക് നേരിടേണ്ടിവരുന്ന അനുഭവം ഇതാണെങ്കില്‍ മറ്റുള്ള സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യം പ്രബുദ്ധകേരളത്തെ അലോസരപ്പെടുത്തുന്നുണ്ട്.
സ്ത്രീയെ നിറത്തിന്റെയോ പ്രായത്തിന്റെയോ മറ്റേതെങ്കിലും സ്ഥാപിത താല്പര്യത്തിന്റെയോ പേരില്‍ അല്ലാതെ കഴിവുകളിലൂന്നി അംഗീകരിക്കാൻ കഴിയാത്ത കേരളീയ സമൂഹത്തെ വിവേകാനന്ദൻ പണ്ടു വിശേഷിപ്പിച്ചതുപോലെ ഭ്രാന്താലയമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമുൾപ്പെടെ എണ്ണമറ്റ നവോത്ഥാന നായകർ ഉഴുതു മറിച്ചു രൂപപ്പെടുത്തിയ പുരോഗമന കേരളത്തിൻ്റെ പ്രയാണത്തിനേറ്റ തിരിച്ചടിയാണ് ശാരദാ മുരളീധരൻ്റെ വാക്കുകൾ.
പരിഷ്ക്യത സമൂഹത്തിൽ സ്ഥാനമില്ലാത്ത വർണവെറിക്കെതിരെയുള്ള പോരാട്ടമായിരുന്നു മഹാത്മ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നടത്തിയത്. ഇന്ത്യയുടെ ശാപമായ അയിത്തത്തിൻ്റെയും വിവേചനത്തിൻ്റെയും വാർത്തകൾ ഇപ്പോഴും പുറത്തുവരുന്നുണ്ട്. ഇതിൽ കേരളവും ഉൾപ്പെടുന്നുവെന്ന് പറയുമ്പോൾ ഒരു സമൂഹമെന്ന നിലയിൽ നാം ആർജ്ജിച്ചെടുത്ത സാംസ്കാരിക മൂല്യങ്ങൾ റദ്ദു ചെയ്യപ്പെടുകയാണ്. ഹാ കഷ്ടം എന്നല്ലാതെ ഇതിനെ മറ്റെങ്ങനെ വിശേഷിക്കാനാവും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Sarada Muraleedharan opens up about discrimination based on her skin color, revealing the challenges she faced and calling for a change in societal attitudes.
#SaradaMuraleedharan #KeralaDiscrimination #SkinColorBias #KeralaWomen #CulturalChange #WomenEmpowerment