Criticism | സഞ്ജയ് സിംഗ്, സിസോദിയ, കേജ്‌രിവാള്‍.. മോദിക്ക് പിഴച്ചതെവിടെ?

 
Political Repercussions for Modi as Kejriwal, Sisodia, and Singh Granted Bail
Political Repercussions for Modi as Kejriwal, Sisodia, and Singh Granted Bail

Photo Credit: FaceBook/ Sanjay Singh, Manish Sisodia, Arvind Kejriwal

● കോടതി നിരീക്ഷണം വലിയ പ്രത്യാഘാതം സൃഷ്ടിക്കും
● 17 മാസം തടവിൽ കഴിഞ്ഞ സിസോദിയയ്ക്ക് ഓഗസ്റ്റ് 9ന് ജാമ്യം ലഭിച്ചിരുന്നു 

അർണവ് അനിത 

(KVARTHA) ആം ആദ്മി നേതാക്കളായ സഞ്ജയ് സിംഗിനും മനീഷ് സിസോദിയയ്ക്കും പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ജാമ്യം ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി തുടരുന്നു. മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ഉത്തരങ്ങളേക്കാള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്നും 22 മാസം അറസ്റ്റ് ചെയ്യാതെ ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാറായപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ ദുരുദ്ദേശമുണ്ടെന്നും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. മൗലികാവകാശത്തിന് വിരുദ്ധമായി ഒരാളെ അനന്തമായി ജയിലില്‍ ഇടാനാകില്ല, വിചാരണ നടത്താന്‍ അന്വേഷണ ഏജന്‍സിക്ക് താല്‍പര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

Criticism

ഇത് നരേന്ദ്രമോദിക്കും ബിജെപിക്കും മുഖത്തേറ്റ പ്രഹരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഹരിയാന, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, ഡല്‍ഹി മുഖ്യമന്ത്രിയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത് എന്ന കോടതി നിരീക്ഷണം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി ശക്തമാവുകയും ബിജെപി ദുര്‍ബലമാവുകയും ചെയ്യും. മൂന്നാമൂഴത്തില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും എല്ലാം പിഴയ്ക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

എല്ലാ അന്വേഷണ ഏജന്‍സികളെയും മാറി മാറി ഉപയോഗിക്കുകയാണ് ചെയ്തത്. പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലമാക്കുന്ന കാര്യമാണിത്. മദ്യ നയക്കേസില്‍ അനധികൃതമായി ലഭിച്ചെന്ന് പറയുന്ന പണം എവിടെ, ആര് കൊണ്ടുപോയെന്ന് സുപ്രീംകോടതി ചോദിക്കുന്നു. അതില്‍ വ്യക്ത വരുത്താതെ ഒരാളെ എങ്ങനെ അകത്തിടുമെന്നാണ് സുപ്രീംകോടതി പലതവണ ചോദിച്ചത്.

അതേസമയം ഇത്തരത്തില്‍ പണം കൊണ്ടുപോയ മറ്റ് കേസുകളുണ്ടെന്ന് ജോണ്‍ബ്രിട്ടാസ് എംപി ചൂണ്ടിക്കാണിക്കുന്നു. അംബാനിയും അദാനിയും ട്രക്കില്‍ പണം കൊണ്ടുപോയിട്ട് കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. കൊടുത്തത് അംബാനി കിട്ടിയത് കോണ്‍ഗ്രസിന്. എന്നിട്ടും എന്തുകൊണ്ട് ഇഡി കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ജോണ്‍ബ്രിട്ടാസ് എംപി ചോദിക്കുന്നു. 

അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് വ്യക്തമാണെന്നാണ് ആരോപണം. അതിനേറ്റ തിരിച്ചടിയാണ് ഡല്‍ഹിമുഖ്യമന്ത്രിക്ക് കിട്ടിയ ജാമ്യമെന്നും ഇവർ പറയുന്നു. കര്‍ശന ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചതെന്ന ന്യായം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. തെളിവുകളുണ്ടെങ്കില്‍ നശിപ്പിക്കാതിരിക്കാന്‍ ഇത്തരം കേസുകളിലെല്ലാം കോടതി ഉപാധികള്‍ വയ്ക്കാറുണ്ട്.

പട്ടാളഭരണമുള്ള രാജ്യങ്ങളില്‍ പോലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറുന്നില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നും കുതിക്കുന്ന സാമ്പത്തിക ശക്തിയാണെന്നും അവകാശപ്പെടുന്ന രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ആംആദ്മി സര്‍ക്കാര്‍ എക്‌സൈസ് നയം പരിഷ്‌ക്കരിച്ചതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടായെന്നും ലൈസന്‍സ് ലഭിച്ചവര്‍ക്ക് 2022ല്‍ അനാവശ്യ ആനുകൂല്യങ്ങള്‍ കൊടുത്തെന്നുമാണ് ഇഡിയും സിബിഐയും ആരോപിക്കുന്നത്. 

ആരോപണം ഉയര്‍ന്നപ്പോള്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മദ്യനയം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങളിലെ പാളിച്ചകളും വിചാരണയില്ലാതെ തടവിലിടുന്നതും സംബന്ധിച്ച് നിരവധി തവണ സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനവും പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ഉണ്ടായെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

മാര്‍ച്ച് 21നാണ് കെജ്‌രിവിളിനെ ആദ്യം അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കേസില്‍ ഇടക്കാല ജാമ്യം കിട്ടിയിരുന്നു. ഇതോടെ പൂര്‍ണജാമ്യം ലഭിക്കുമെന്ന് മനസിലാക്കിയ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ കൊണ്ട് ജൂണ്‍ 16ന് മറ്റൊരു കേസെടുപ്പിക്കുകയായിരുന്നു. അതുകൊണ്ട് ഇഡി കേസില്‍ ജൂണ്‍ 12ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. 

വേഗത്തിലുള്ള വിചാരണ അവകാശമാണെന്ന് വ്യക്തമാക്കിയാണ് 17 മാസം തടവില്‍ കിടന്ന മനീഷ് സിസോദിയയ്ക്ക് ഓഗസ്റ്റ് 9ന് ജാമ്യം അനുവദിച്ചത്. രാജ്യതലസ്ഥാനത്ത്, പ്രധാനമന്ത്രിുടെ മൂക്കിന് താഴെ ആംആദ്മി പാര്‍ട്ടി ഭരിക്കുന്നത് ബിജെപിക്ക് വലിയ നാണക്കേടാണ്. അതൊഴിവാക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രിയെ അന്യായമായ രീതിയില്‍ ജയിലില്‍ അടച്ചതെന്നാണ് എഎപിയുടെ ആരോപണം. മാത്രമല്ല പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ ആംആദ്മി പാര്‍ട്ടിക്ക് സ്വാധീനം കൂടിക്കൂടി വരുകയാണ്. ഇതൊക്കെ ബിജെപിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നു.

ഒരാള്‍ കസ്റ്റഡിയിലിരിക്കുമ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതി അനുമതിവേണമെന്ന് സുപ്രീംകോടതി മുമ്പും വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും സിബിഐയെ ഓര്‍മിപ്പിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കാനിടയുണ്ട് തുടങ്ങിയ ദുര്‍ബലമായ വാദങ്ങളാണ് സിബിഐ മുന്നോട്ട് വച്ചത്. എന്നാല്‍ ഇഡി കേസില്‍ ഒമ്പതും സിബിഐ കേസില്‍ നാലും കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതിനാല്‍, തെളിവുകള്‍ കോടതി മുമ്പാകെയാണ് പിന്നെങ്ങനെ നശിപ്പിക്കാനാകുമെന്ന് കെജ് രിവാളിന്റെ അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ സിബിഐ അഭിഭാഷകന് ഉത്തരംമുട്ടി. ഇത് സിബിഐക്ക് മാത്രമല്ല കേന്ദ്രസര്‍ക്കിനും ഉത്തരംമുട്ടുന്ന ചോദ്യമായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

#ArvindKejriwal #SanjaySingh #ManishSisodia #NarendraModi #SupremeCourt #DelhiPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia