Switch | സരിനും സന്ദീപും ദിശാസൂചികയോ? ഡീലുകളുടെ രാഷ്ട്രീയം കേരളത്തോട് പറയുന്നത്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കൂടുമാറ്റങ്ങൾ
● സന്ദീപ് വാര്യർ നേരത്തെ ബിജെപിയുടെ വക്താവായിരുന്നു.
● ബിജെപി-കോൺഗ്രസ് ബന്ധം ആരോപിച്ച് സിപിഎം
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ബിജെപി വക്താവായ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ, പാലക്കാട്ടെ ഷാഫി-ബിജെപി ഡീൽ വീണ്ടും പുറത്തുവന്നുവെന്നാണ് സി.പി.എമ്മിൻ്റെ ആരോപണം. എന്നാൽ സന്ദീപ് വാര്യർ നല്ല പത്തര മാറ്റ് സഖാവായി തങ്ങളുടെ ചേർന്നിരുന്നുവെങ്കിൽ ഇവർ ഇങ്ങനെയല്ല പറയുമായിരുന്നത് കോൺഗ്രസ് പ്രവർത്തകരും പറയുന്നു. ക്രിസ്റ്റൽ ക്ലിയറുള്ള നേതാവെന്ന് സന്ദീപ് വാര്യരെ ആദ്യം എ കെ ബാലൻ വിശേഷിപ്പിച്ചപ്പോൾ, മന്ത്രി എം ബി രാജേഷ് വർഗീയതയുടെ കാളകൂടമെന്നാണ് കോൺഗ്രസിൽ ചേർന്നപ്പോൾ പഴി പറഞ്ഞത്.

ഇത്തരം നിസാരവൽക്കരണമാണ് സി.പി.എമ്മെന്ന വിപ്ലവ പാർട്ടിയുടെ നയങ്ങളെ ജനങ്ങളിൽ പരിഹാസ്യമാക്കുന്നത്. മറ്റു പാർട്ടികളിൽ നിന്നും നേതാക്കളെ മറുകണ്ടം ചാടിച്ച് കരുത്ത് വർദ്ധിപ്പിച്ചുവെന്ന് മേനി നടിക്കുന്ന നിസാരവൽക്കരണമാണ് കഴിഞ്ഞ കുറെക്കാലമായി കേരള രാഷ്ട്രീയത്തിൽ കണ്ടുവരുന്നത്. ഡീലുകളുടെയും ഓഫറുകളുടെയും കാലമാണിത്. രാഷ്ട്രീയ മൂല്യങ്ങളുടെ ഒരംശം പോലും ഇത്തരം മരുപ്പച്ച തേടിയുള്ള ഭിക്ഷാം ദേഹികളുടെ യാത്രയിലില്ല.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ഷാഫി പറമ്പിലും ബിജെപിയുമായുള്ള ഡീൽ സംബന്ധിച്ച് സി.പി.എം ആരോപണം ഉയർത്തിയിരുന്നു. ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ പി സരിൻ, ഇക്കാര്യം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്. ഈ ആരോപണങ്ങൾ ശരിവെക്കുന്നതാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനമെന്നാണ് ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിൽ വി ഡി സതീശനും അനുകൂലികൾക്കുമുള്ള സംഘപരിവാർ ബന്ധമാണ് സന്ദീപ് വാര്യരെ സ്വന്തം കൂടാരത്തിലെത്തിച്ചതെന്ന വാദമാണ് എ കെ ബാലനെ പോലുള്ള ഇടതു നേതാക്കൾ ഉന്നയിക്കുന്നത്.
നേരത്തെ മുതിർന്ന നേതാവായ കെ മുരളീധരൻ തള്ളിപ്പറഞ്ഞ സന്ദീപ് വാര്യരെയാണ് ഇപ്പോൾ സതീശനും ഷാഫിയും ചേർന്ന് കോൺഗ്രസിലേക്ക് ആനയിച്ചെത്തിച്ചതെന്ന് സി.പി.എം നേതാക്കൾ പറയുന്നത് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഴഞ്ചൊല്ലുപോലെയാണ്. പാലക്കാട് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്നാണ് നേരത്തെ ഉയർന്നുവന്ന ആരോപണം. ഈ ഡീൽ പ്രകാരമാണ് കഴിഞ്ഞ കുറേ കാലമായി നഗരസഭ ഭരണം ബി.ജെ.പിക്കും എംഎൽഎ സ്ഥാനം കോൺഗ്രസിനുമായി ലഭിച്ചുപോരുന്നത്.
ഇപ്പോൾ കെ മുരളീധരനെ തഴഞ്ഞ് ഒരുവിഭാഗം രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിലും കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണെന്ന ആരോപണം ഇതിനോടകം പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നിരുന്നു. അതേസമയം തീവ്ര വർഗീയ നിലപാട് സ്വീകരിച്ചിട്ടുള്ള സന്ദീപ് വാര്യരുമായി കൂട്ടുചേരാനുള്ള കോൺഗ്രസിന്‍റെ തീരുമാനം പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറുമോയെന്നാണ് പാർട്ടി പ്രവർത്തകർ ആശങ്കപ്പെടുന്നത്. പാർട്ടിക്കുള്ളിലെ മുസ്ലീം വിഭാഗക്കാർക്ക് ഇക്കാര്യത്തിൽ കടുത്ത അമർഷമുണ്ട്. സന്ദീപ് വാര്യർ മുസ്ലീങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാക്കൾ എന്ത് മറുപടി നൽകുമെന്നാണ് ഉറ്റുനോക്കുന്നത്.
കൂടാതെ ഗാന്ധിവധവുമായി ബന്ധപ്പെട്ട് സന്ദീപ് നടത്തിയ പരാമർശവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. അതിന് പുറമെ രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയെന്നും അറുപത് വർഷം നാടുഭരിച്ച് മുടിച്ച കുടുംബാംഗമാണെന്നും പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ജ്യോതികുമാർ ചാമക്കാലയുമായി അന്നത്തെ ബി.ജെ.പി വക്താവായ സന്ദീപ് വാര്യർ നില കെട്ട നിലയിൽ നടത്തിയ വെല്ലുവിളികളും ഗ്വോ, ഗ്വോ വിളികളും മലയാളികളാരും മറന്നിട്ടില്ല അതേ സന്ദീപ് വാര്യരെ മൂവർണ ഷാൾ അണിയിച്ച് സ്വീകരിക്കാൻ ചാമക്കല എത്തിയ രംഗത്തെ ഹാ കഷ്ടമെന്നല്ലാതെ മറ്റെന്ത് പറയാൻ?
സി.പി.എം നൽകിയതിനെക്കാൾ കൂടുതൽ ഓഫറുകൾ കോൺഗ്രസ് സന്ദീപ് വാര്യർക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന. ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കാനുള്ള സീറ്റ്. കെ.പി.സി.സി ഭാരവാഹിത്വം തുടങ്ങി ഒട്ടേറെ പരിഗണനകൾ ലഭിച്ചേക്കാം. മികച്ച ഓഫർ നൽകിയ പാർട്ടിയെ സന്ദീപ് തെരഞ്ഞെടുത്തത് തന്നെ തൻ്റെ ഭാവി ജീവിതം കൂടി തന്നെ നോക്കിയാണ്. ഇതിന് സമാനമാണ് കോൺഗ്രസിൽ നിന്നും സീറ്റുകിട്ടാത്ത അമർഷത്താൽ മറുകണ്ടം ചാടിയ ഡോ. സരിൻ്റെ സ്ഥിതിയും. അധികാരമോഹവും അവഗണനയുമാണ് സരിനെ സി.പി.എം പാളയത്തിലെത്തിച്ചത് എന്നാണ് ആക്ഷേപം.
#KeralaPolitics #SandeepWarrier #Congress #BJP #CPM #PoliticalDefections