Health Clubs | 'ഉന്നയിച്ചത് ആദർശപരമായ ആശങ്കകൾ', മെക് 7 വിവാദത്തിൽ നിലപാട് വ്യക്തമാക്കി സമസ്‌ത കാന്തപുരം വിഭാഗം
● സമസ്ത ഇതേക്കുറിച്ച് സംസാരിച്ചതായി ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
● ഞങ്ങൾക്ക് ഈ വിഷയത്തിൽ മതപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നുള്ള കാര്യമാണെന്ന് നോക്കുന്നത്.
● ആരോഗ്യ ക്ലബിന്റെ പ്രവർത്തകരിൽ ചിലർ വിവിധ ആശയക്കാരാണ്.
കോഴിക്കോട്: (KVARTHA) വ്യായായ്മ കൂട്ടായ്മയെന്ന പേരിൽ ശ്രദ്ധേയമായ മെക് 7നുമായി ബന്ധപ്പെട്ട വിവാദത്തിൽ ചർച്ചകൾ തുടരുന്നതിനിടെ ആദർശപരമായ ആശങ്കകളാണ് തങ്ങൾ ഉന്നയിച്ചതെന്ന് നിലപാട് വ്യക്തമാക്കി സമസ്‌ത കാന്തപുരം വിഭാഗം. ചില പ്രത്യേക ഹെൽത് ക്ലബ്ബുകൾക്കെതിരെ സമസ്ത ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് എസ് വൈ എസ് ജനറൽ സെക്രടറി അബ്ദുൽ ഹകീം അസ്ഹരി വ്യക്തമാക്കി.
സമസ്ത ഇതേക്കുറിച്ച് സംസാരിച്ചതായി ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി ചില കാര്യങ്ങൾ പൊതുവായി പ്രഭാഷണത്തിൽ പരാമർശിക്കുക മാത്രമാണ് ചെയ്തത്. നവീനവാദികളുടെ നേതൃത്വത്തിൽ ചില സ്ഥലങ്ങളിൽ കളരി, കരാട്ടെ പോലുള്ള വ്യായാമ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സുന്നികളെയും ഇത്തരം പരിപാടികളിൽ പങ്കെടുപ്പിച്ച് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അത്തരം ചതിക്കുഴികളിൽ ആരും വീണുപോകരുതെന്നും മാത്രമാണ് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞത്. ഇത് ഒരു പൊതുവായ പ്രസ്താവന മാത്രമായിരുന്നുവെന്നും അദ്ദേഹം 24 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തൃശൂരിലെ പ്രസംഗത്തിൽ, പുരുഷന്മാർ സ്ത്രീകൾക്ക് പരിശീലനം നൽകുന്നതും സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് മോശമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില പ്രവണതകളെക്കുറിച്ചാണ് സംസാരിച്ചതെന്നും ഒരു സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് അസ്ഹരി വ്യക്തമാക്കി. സുഹൃത്തിന്റെ സഹോദരി ഒരു ഇത്തരമൊരു കൂട്ടായ്മയിൽ പോയതിനെത്തുടർന്ന് അവരുടെ ചിത്രങ്ങൾ പുറത്തുവരികയും അത് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് വിമർശിച്ചു പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഏതെങ്കിലും പ്രത്യേക ക്ലബിനെ കുറിച്ച് പഠിക്കുകയോ പറയുകയോ ഒന്നും ചെയ്തിട്ടില്ലെന്നും ഹകീം അസ്ഹരി കൂട്ടിച്ചേർത്തു.
ഞങ്ങൾക്ക് ഈ വിഷയത്തിൽ മതപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നുള്ള കാര്യമാണെന്ന് നോക്കുന്നത്. ആക്ടിവിസ്റ്റ് മുഹമ്മദലി കിനാലൂർ മെക് 7നെ എതിർത്തുകൊണ്ട് എഴുതുകയും അത് ചർച്ച ആവുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഒരു സംഘടനയുടെ പ്രവർത്തകൻ കൂടിയാണ് എന്ന നിലക്ക് സംഘടനയിലേക്ക് അത് ചേർത്ത് വായിക്കുന്നുണ്ട്.
ആരോഗ്യ ക്ലബിന്റെ പ്രവർത്തകരിൽ ചിലർ വിവിധ ആശയക്കാരാണ്. പ്രത്യേകിച്ച് സുന്നികൾ ബഹുദൈവ ആരാധകരാണ് എന്നൊക്കെ പറയുന്ന കക്ഷികൾ അവരുടെ നേതൃത്വത്തിലുണ്ട്. ഇത് പലയിടങ്ങളിലും നടത്തുകയും അതിന് ശേഷം സലാം പറയുക, കെട്ടിപ്പിടിക്കുക പോലുള്ള ബന്ധങ്ങൾ ഉണ്ടാക്കി ഇതൊരു സ്നേഹത്തിൻറെ മാർഗമാണ് എന്ന് പറയുന്ന സ്ഥിതിയുണ്ട്. അത് പാടില്ല.
കാരണം നിങ്ങൾ മുസ്ലിമല്ല എന്ന് പറയുന്നവരോട് മിനിമം സലാം പറയരുത് എന്ന് പറയുന്ന ഒരു ആശയം സമസ്തക്കുണ്ട്. അത് ലോകം അംഗീകരിച്ചതാണ്. അതിനെതിരെയുള്ള പ്രവർത്തനമാണോ എന്ന സംശയമാണ് മുഹമ്മദലി കിനാലൂർ ഉന്നയിച്ചതെന്നും ഹകീം അസ്ഹരി പറഞ്ഞു. വിഷയത്തിൽ പണ്ഡിതന്മാർ പഠിക്കുകയും പറയുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും അതിന് കാത്തിരിക്കുകയായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
#Samastha #MEK7Controversy #HealthClubs #IdeologicalConcerns #ReligiousDebate #KeralaNews